പാഠങ്ങൾ ഓഗ്മന്റ് റിയാലിറ്റിയിലേയ്ക്ക്; കണ്ണട വച്ചു വായിക്കാവുന്ന പുസ്തകങ്ങളും
Mail This Article
കൊച്ചി ∙ കുട്ടികൾ പുസ്തകങ്ങളിൽ നിന്ന് അകന്നു പോകുന്നു എന്ന പരാതിക്കിടെ ത്രിഡി സിനിമ കാണും പോലെ കണ്ണട വെച്ചു വായിക്കാവുന്ന പുസ്തകങ്ങള്‍ വിപണിയിൽ. ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍) വിര്‍ച്വല്‍ റിയാലിറ്റിയും (വിആര്‍) ഉപയോഗിച്ച് സൗരയൂഥത്തിലും മനുഷ്യശരീരത്തിന്റെ ഉള്ളിലും കടന്നു ചെന്നാലെന്ന പോലെ തൊട്ടറിഞ്ഞു പഠിക്കാന്‍ സഹായിക്കുന്നതാണു പുസ്തകങ്ങള്‍. ഒപ്പം എആര്‍/വിആര്‍ ആപ്പ് ഉപയോഗിച്ച് ലെക്ചര്‍ വിഡിയോകള്‍ കാണാനും പിഡിഎഫ് നോട്ടുകള്‍ മൊബൈലിലേയ്ക്കും ടാബിലേയ്ക്കും ഡൗണ്‍ലോഡ് ചെയ്യാനും സാധ്യമായ 6ഡി പുസ്തകങ്ങളാണ് കൊച്ചി ആസ്ഥാനമായ എഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ് അവതരിപ്പിച്ചിരിക്കുന്നത്.
മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളും അനാട്ടമിയും സൗരയൂഥം എന്നിങ്ങനെ രണ്ട് പുസ്തകങ്ങളാണ് ഇപ്പോള്‍ വിപണിയിൽ ലഭ്യമാകുന്നത് എന്ന് എഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ ജെയ്സണ്‍ കെ. സാനി പറയുന്നു. ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ആന്തരികാവയവങ്ങളും സൗരയൂഥവും തിരിച്ചു തിരിച്ച് 360 ഡിഗ്രിയില്‍ കാണാം. ആവശ്യമായ ശബ്ദവിവരണങ്ങള്‍ ഇവയ്ക്കൊപ്പം കേള്‍ക്കാം. എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ തികച്ചും മാന്ത്രികമായ ലോകത്തെത്തിയാലെന്നപോലെയാണ് നിർമാണമെന്നും അദ്ദേഹം പറയുന്നു.
കൊച്ചിയിലുള്ള കമ്പനിയുടെ ക്രിയേറ്റീവ് സ്റ്റുഡിയോകളിലാണ് എആര്‍/വിആര്‍ ആപ്പുകളും 3ഡി പുസ്തകങ്ങളും തയാറാക്കിയിരിക്കുന്നത്. കോവിഡ് മൂലം വിദ്യാഭ്യാസം ഓണ്‍ലൈനായെങ്കിലും എആര്‍/വിആര്‍ തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് ടെക്നിക്കല്‍ ഡയറക്ടര്‍ എന്‍.എസ്. സജീവന്‍ പറയുന്നു. പാഠപുസ്തകങ്ങളെയും ഓഗ്മെന്റ് റിയാലിറ്റിയി പോലെയുള്ള ആധുനിക സാങ്കേതിക വിദ്യയിലേയ്ക്കു കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary : Augmented reality lessons