ADVERTISEMENT

ഹാജി ഖലീമുല്ല ഖാൻ എന്ന ലക്നൗ സ്വദേശിക്ക് പത്മശ്രീ ലഭിച്ചത് അദ്ദേഹം വികസിപ്പിച്ചെടുത്ത മുന്നൂറോളം ഇനം മാമ്പഴങ്ങൾ കാരണമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം ഇന്ത്യയുടെ മാമ്പഴ മനുഷ്യൻ എന്ന അപാര നാമവും നേടിക്കഴിഞ്ഞു. ഗ്രാഫ്റ്റിങ് എന്ന പ്രക്രിയയിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹം സച്ചിൻ, സോണിയ, മോദി, അനാർക്കലി തുടങ്ങി ഒട്ടേറെ ഇനങ്ങൾ വികസിപ്പിച്ചത്. ഗ്രാഫ്റ്റിങ് എന്ന ടെക്നിക് ഇവിടെ കൊണ്ട് വരികയും പ്രചരിപ്പിക്കുകയും ചെയ്ത, സ്വന്തം പേര് തന്നെ ഒരു മാമ്പഴത്തിന്റെ പേരായി നൽകിയ മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള കഥയിലേക്കാണു നാം പോകുന്നത്. 

ഹാർലിക്കു പകരം അൽഫോൻസോ

പഴങ്ങളുടെ രാജാവെന്നാണു മാമ്പഴം അറിയപ്പെടുന്നത്. അതിൽ ഏറ്റവും സ്വാദേറിയതും വിലയേറിയതുമായ ഒന്നാണ് അൽഫോൻസോ എന്ന ഇനം. 2007ൽ  ഇന്ത്യയും യുഎസും ഒപ്പുവച്ച വാണിജ്യ കരാറിലെ ശ്രദ്ധേയമായ ഒരു ഭാഗം ഇതായിരുന്നു- വർഷങ്ങളായി നില നിന്നിരുന്ന ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഇറക്കുമതി നിരോധനം ഇന്ത്യ നീക്കും. പകരം 15 വർഷത്തോളമായി തുടരുന്ന ഇന്ത്യൻ പഴങ്ങളുടെ ഇറക്കുമതി നിരോധനം യുഎസും നീക്കും. അതോടെ അൽഫോൻസോ മാങ്ങകൾ വീണ്ടും യുഎസിൽ എത്തിത്തുടങ്ങി. അങ്ങനെ ഹാർലി ബൈക്കുകൾക്ക് പകരം അൽഫോൻസോ മാങ്ങ എന്ന പേരിൽ ഇത് രാജ്യാന്തര ശ്രദ്ധ നേടി. മാത്രമല്ല യുഎസിലേക്ക് അയയ്ക്കുന്ന മാങ്ങകളുടെ അണുനശീകരണം ഉറപ്പാക്കാൻ രണ്ടു പുതിയ കേന്ദ്രങ്ങൾ കൂടെ ആരംഭിക്കുകയും ചെയ്തു ഇന്ത്യ. മുൻപ് ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ നിന്നായിരുന്നു ഇത് ചെയ്തിരുന്നത്.

രത്നഗിരിയുടെ സ്വന്തം 

ലോകമാന്യ ബാലഗംഗാധര തിലകിന്റെ ജന്മസ്ഥലം എന്ന നിലയിലും വി.ഡി.സവർക്കറെ ബ്രിട്ടിഷുകാർ അറസ്റ്റു ചെയ്ത പ്രദേശം എന്ന നിലയിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തു തന്നെ പ്രശസ്തമാണ് മഹാരാഷ്ട്രയിലെ രത്നഗിരി. ഇന്ത്യയിൽ ഏറ്റവും മികച്ച അൽഫോൻസോ മാങ്ങകൾ ലഭിക്കുന്ന പ്രദേശം കൂടെയാണ് ഇത്. ഹാപ്പൂസ് എന്നാണ് അവർ ഇതിനെ വിളിക്കുന്നത്. വിശേഷാവസരങ്ങളിൽ നൽകുന്ന അമൂല്യ സമ്മാനം കൂടെയാണിത്. അവിടെ മാങ്ങ ഡെലിവറിക്കായി കുറിയർ കമ്പനികൾ  പ്രത്യേക സേവനങ്ങൾ ഏർപ്പെടുത്താറുമുണ്ട്. 

പറഞ്ഞു വന്നത് സ്വന്തം പേര് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  മാമ്പഴത്തിനു നൽകിയ അഫോൻസോ ഡി അൽബുക്കർക്കിനെക്കുറിച്ചാണ്. ഗ്രാഫ്റ്റിങ് പ്രചരിപ്പിക്കുക വഴി പല പുതിയ ഇനം മാമ്പഴങ്ങളും ഉണ്ടാകാൻ കാരണം അൽഫോൻസോ ഉൾപ്പടെയുള്ള പോർച്ചുഗീസ് സഞ്ചാരികളായിരുന്നു. അങ്ങനെയാണു പോർച്ചുഗലിന്റെ മാഴ്‌സ് ദേവൻ, കടലുകളുടെ സിംഹം, കിഴക്കിന്റെ സീസർ, 'ദി ടെറിബിൾ ', ദി ഗ്രെയ്‌റ്റ്' തുടങ്ങിയ അപരനാമങ്ങളിലറിയപ്പെട്ടിരുന്ന അഫോൻസോയുടെ പേര് അൽഫോൻസോ മാങ്ങകൾക്ക് ലഭിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ലോകത്തിലെ തന്നെ ഏറ്റവും പേര് കേട്ട നാവിക യോദ്ധാവായിരുന്നു അഫോൻസോ. അൽമേഡയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയിയുമായിരുന്നു അദ്ദേഹം.  പോർച്ചുഗലിന്റെ പേര് നാവിക യുദ്ധ തന്ത്രങ്ങളിലൂടെ അദ്ദേഹം ലോകമെങ്ങും  എത്തിച്ചു. പേർഷ്യൻ കടലിലേക്കും ചെങ്കടലിലേക്കും അറ്റ്ലാന്റിക് സമുദ്രത്തിലേക്കുമുള്ള എല്ലാ പ്രവേശനങ്ങളും അടയ്ക്കുക വഴി ഇന്ത്യൻ മഹാസമുദ്രത്തിന്റെ സമ്പൂർണ ആധിപത്യം പോർച്ചുഗീസുകാർക്ക് ലഭിക്കുന്നതിനിടയാക്കിയ വ്യക്തി അഫോൻസോ ആയിരുന്നു.

തോറ്റോടിയ  അഫോൻസോ

ഇത്രയും പേര് കേട്ട ആ യുദ്ധവീരനെ തോൽപിച്ചോടിച്ച കഥ പറയാനുള്ളത് കോഴിക്കോടിനാണ്. 1510 ജനുവരിയിലായിരുന്നു സംഭവം. പോർച്ചുഗീസ് രാജാവിന്റെ ആഗ്രഹപ്രകാരം കോഴിക്കോട് ആക്രമിച്ചു കീഴടക്കാൻ വലിയൊരു സൈന്യവും, പോരാത്തതിന് ഫ്രാൻസിസ്‌കോ കുടീഞ്ഞ്യോ എന്ന സേനാ നായകന്റെ നേതൃത്വത്തിൽ മറ്റൊരു സൈന്യവും കോഴിക്കോട്ട് നിലയുറപ്പിച്ചു. അവിടെ കെട്ടിയിട്ടിരുന്ന വള്ളങ്ങളെല്ലാം അഗ്നിക്കിരയാക്കിയ അവർ കോയപ്പക്കി എന്ന വ്യക്തിയുടെ സഹായത്തോടെ കോഴിക്കോട്ടെ വഴികളിലൂടെ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് മാർച്ചു ചെയ്തു. വള്ളുവക്കോനാതിരിയുമായി തൃശൂർ ഭാഗങ്ങളിൽ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു സാമൂതിരി. ഒട്ടേറെ ആരാധനാലയങ്ങൾ തകർത്ത് മുന്നേറിയ ആ സൈന്യം സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോൾ സാമൂതിരിയുടെ അകമ്പടി സൈന്യം അവരെ നേരിട്ടു. അഫോൺസോ പലവട്ടം വിലക്കിയെങ്കിലും അതു ചെവിക്കൊള്ളാതെ കുടീഞ്ഞ്യോ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിക്കാനൊരുങ്ങി. അപായ സൂചന കിട്ടിയ സാമൂതിരിയുടെ അകമ്പടി സൈന്യം വീറോടെ പൊരുതി അവരെ തുരത്തി. ആ പ്രത്യാക്രമണത്തിൽ കുടീഞ്ഞ്യോ കൊല്ലപ്പെടുകയും അഫോൻസോയ്ക്ക് അമ്പേറ്റ് തോളിൽ മാരകമായി പരുക്കേൽക്കുകയും ചെയ്തു. നെഞ്ചിൽ ശക്തമായ പ്രഹരവുമേറ്റിരുന്നു. 

ഒരു വിധം ജീവൻ രക്ഷപ്പെടുത്തി കപ്പലിൽ തിരിച്ചെത്താൻ അഫോൻസോയ്ക്ക് സാധിച്ചെങ്കിലും അഞ്ഞൂറോളം പോർച്ചുഗീസ് പടയാളികൾ കൊല്ലപ്പെട്ടു. പെഡ്രോ അൽവാരിസ് കബ്രാളിന്റെ നേതൃത്വത്തിൽ 1504ൽ നടന്ന കോഴിക്കോട് യുദ്ധത്തിന് ശേഷം നടന്ന മറ്റൊരു പ്രധാന ചരിത്ര സംഭവമായിരുന്നു ഇത്. പിന്നീട് വർഷങ്ങൾക്ക് ശേഷം സാമൂതിരിയുമായി സന്ധിയിലേർപ്പെടാൻ മുൻ കയ്യെടുത്തതും അദ്ദേഹം തന്നെയായിരുന്നു. 

The Harley-Davidson and alphonso mango Trade connect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com