ഹസ്കിയുടെ നാട്; ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രദേശങ്ങളിലൊന്നായ സൈബീരിയ
Mail This Article
യുക്രെയ്നിലെ യുദ്ധമുഖത്തു നിന്നു മലയാളി വിദ്യാർഥിനിക്കൊപ്പം ‘സ്നേഹവിമാനം’ കയറി എത്തിയ സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട സൈറ എന്ന വളർത്തുനായയാണല്ലോ ഇപ്പോൾ കേരളത്തിലെ താരം. കാലാവസ്ഥ കൊണ്ടും സവിശേഷ ജീവജാലങ്ങളുടെ സാന്നിധ്യം കൊണ്ടും പ്രത്യേകതയുള്ള സൈബീരിയയുടെ കൂടുതൽ വിശേഷങ്ങളറിഞ്ഞാലോ..
∙റഷ്യയുടെ ‘ഭൂരിഭാഗം’
ലോകത്തെ ഏറ്റവും വലിയ രാജ്യമാണല്ലോ റഷ്യ. ആ റഷ്യയുടെ 77 ശതമാനത്തോളം (ഏകദേശം 1.3 കോടി ചതുരശ്ര കിലോമീറ്റർ) വരുന്ന ഭൂപ്രദേശമാണ് സൈബീരിയ. പക്ഷേ റഷ്യൻ ജനസംഖ്യയുടെ 27 ശതമാനത്തോളം മാത്രമേ സൈബീരിയയിൽ വസിക്കുന്നുള്ളൂ. സാധാരണ ജീവജാലങ്ങൾക്ക് അധിവസിക്കുവാൻ പറ്റാത്തത്രയും മഞ്ഞു മൂടപ്പെട്ട വനമേഖലയാണ് സൈബീരിയയിൽ ഭൂരിഭാഗവും. എന്നാൽ ഇതിനിടയിൽ തന്നെ പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്. ‘ഉറങ്ങുന്ന ഭൂപ്രദേശം’ എന്ന താർതാർ ഭാഷയിലുള്ള വാക്കിൽ നിന്നാണ് സൈബീരിയ എന്ന പേര് ഉത്ഭവിച്ചതെന്നു കരുതപ്പെടുന്നു. റഷ്യയ്ക്കു പുറമേ കസഖ്സ്ഥാനിലേക്കും സൈബീരിയ വ്യാപിച്ചു കിടക്കുന്നു.
∙തണുപ്പ് മാത്രമല്ല
തണുപ്പിനു പേരുകേട്ട പ്രദേശമാണ് സൈബീരിയ. സൈബീരിയയിലെ സാഖയിൽ –68 ഡിഗ്രി സെൽഷ്യസ് തണുപ്പ് വരെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് ചൂടു കൂടുന്ന പ്രദേശങ്ങളും സൈബീരിയയിലുണ്ട്. കൽക്കരി, പെട്രോളിയം, വജ്രം, ഇരുമ്പയിര്, സ്വർണം തുടങ്ങിയവ കൊണ്ടു സമ്പന്നമായ ഭൂഗർഭമാണ് സൈബീരിയയുടേത്. റഷ്യയിലെ എണ്ണയുടെയും വാതകത്തിന്റെയും 70% സൈബീരിയയിൽ നിന്നാണ് വരുന്നത്. സൈബീരിയൻ പ്രദേശങ്ങൾ കാരണം ലോകത്തിലെ പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നാമതാണ് റഷ്യ.
∙സൈബീരിയയുടെ മുത്ത്
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബെയ്ക്കൽ സൈബീരിയയിലാണ്. 1642 മീറ്റർ ആണ് ഈ തടാകത്തിന്റെ ആഴം. അതായത് നമ്മുടെ ഇടുക്കി ഡാമിന്റെ (169 മീറ്റർ) പത്തു മടങ്ങോളം! ഭൂമിയിലെ ആകെ ശുദ്ധജലത്തിന്റെ (മഞ്ഞായി മാറാത്തത്) 20 ശതമാനവും ഉള്ളത് ബെയ്ക്കൽ തടാകത്തിലാണ്. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ തടാകത്തിലേക്ക് മുന്നൂറിലേറെ നദികളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നുണ്ട്. ‘സൈബീരിയയുടെ മുത്ത്’ എന്നാണ് ബെയ്‌ക്കൽ അറിയപ്പെടുന്നത്.
∙സൈബീരിയ എന്ന ജയിൽ
സോവിയറ്റ് ഭരണകാലത്ത് കുറ്റവാളികളെയും രാജ്യദ്രോഹികളെന്നു മുദ്ര കുത്തപ്പെട്ടവരെയും നാടു കടത്തിയിരുന്നത് സൈബീരിയിലേക്കാണ്.
ഗുലാഗ് എന്ന ലേബർ ക്യാംപുകളിലേക്കാണ് ഇവരെ പ്രധാനമായും കൊണ്ടുപോയിരുന്നത്. നൊബേൽ സമ്മാന ജേതാവായ അലക്സാണ്ടർ സോൾഷെനിത്‌സിന്റെ ‘ഗുലാഗ് ആർക്കിപെലാഗോ’ ഇവിടത്തെ ശിക്ഷാരീതികൾ വിവരിക്കുന്ന നോവലാണ്.
∙ട്രാൻസ് സൈബീരിയൻ റെയിൽവേ
സൈബീരിയൻ പ്രദേശങ്ങൾ പൂർണമായും തങ്ങളുടെ അധീനതയിൽ നിർത്താൻ റഷ്യ നിർമിച്ചതാണു ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈനായ ട്രാൻസ് സൈബീരിയൻ റെയിൽവേ. മോസ്കോയെയും സൈബീരിയയിലെ വ്ലാഡിവോസ്റ്റോക്കിനെയും ബന്ധിപ്പിക്കുന്ന ട്രാൻസ്-സൈബീരിയൻ റെയിൽവേ ശൃംഖലയ്ക്കു 9,288.2 കിലോമീറ്റർ നീളമുണ്ട്. ഓരോ സ്റ്റേഷനുകളിലും 10-20 മിനിറ്റ് സ്റ്റോപ്പുകൾ ഉള്ള ഈ ട്രെയിൻയാത്ര പൂർത്തീകരിക്കാൻ 6 രാത്രിയും 7 പകലും വേണ്ടി വരും.
∙കടുവ മുതൽ കരടി വരെ
മാർജാരവംശത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ വിഭാഗമാണ് സൈബീരിയൻ കടുവകൾ. ശരാശരി 11 അടിയോളം (3.3 മീറ്റർ) വരും ഇവയുടെ നീളം. റഷ്യയുടെ കിഴക്കൻ പ്രദേശത്ത് കണ്ടുവരുന്ന ഇവ ചൈനയിലും ഉത്തര കൊറിയയിലും വിരളമായി കാണപ്പെടാറുണ്ട്. റഷ്യ–ചൈന അതിർത്തിയിലെ നദിയായ അമുറിന്റെ തീരങ്ങളിൽ കൂടുതലായി കാണപ്പെടുന്നതിനാൽ അമുർ കടുവകൾ എന്നും ഇവ അറിയപ്പെടുന്നു. ധ്രുവക്കരടി, സൈബീരിയൻ ചിപ്മങ്ക് എന്ന അണ്ണാറക്കണ്ണൻ, സൈബീരിയൻ തവിട്ടുകരടി, റക്കൂൺ നായ, അമുർ പുലി, സൈബീരിയൻ കസ്തൂരിമാൻ, യൂറേഷ്യൻ ലിങ്ക്സ് എന്ന കാട്ടുപൂച്ച, അമുർ ഗോറൽ എന്ന കാട്ടാട് തുടങ്ങിയവയും സൈബീരിയയിൽ കൂടുതലായി കാണപ്പെടുന്ന ജീവികളാണ്.
English Summary : Siberia - interesting facts