അഞ്ചു തവണ ഗവർണർ ജനറലിനു നേരെ നിറയൊഴിച്ച ബീന ദാസ് !
Mail This Article
ശരത് ചന്ദ്ര ചാറ്റർജി ബംഗവാണി മാഗസിനിൽ പ്രസിദ്ധീകരിച്ച പഥേർ ദാബി എന്ന കഥ നോവലായി 1926 ൽ പുറത്തിറങ്ങിയപ്പോൾ ബംഗാളി സാഹിത്യത്തിലെ ആദ്യ സൂപ്പർമാൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു അതിൽ. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതാൻ വേണ്ടി പഥേർ ദാബി എന്ന രഹസ്യ സംഘടന സ്ഥാപിച്ച സബ്യസാചി എന്ന കഥാപാത്രമായിരുന്നു അത്. സൂര്യ സെന്നിന്റെ പ്രവർത്തനങ്ങളോട് സാമ്യങ്ങളുണ്ടായിരുന്ന സബ്യസാചിയുടെ കഥ അന്നത്തെ ബംഗാളിലെ വായനക്കാരെ ഇളക്കി മറിച്ചു.
ടെലിവിഷൻ ചാനലുകളോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നതു വായന തന്നെയായിരുന്നു. പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കകം മുഴുവൻ കോപ്പികളും വിറ്റു തീർന്ന ആ നോവൽ ബ്രീട്ടിഷുകാരെ കോപാകുലരാക്കി. നോവൽ നിരോധിച്ചു. റാവേൻ ഷാ കൊളീജിയറ്റ് സ്‌കൂളിലെ സുഭാഷ് ചന്ദ്ര ബോസിന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന കൃഷ്ണനഗറിലെ ബെനി മാധവ് ദാസിന്റെ വീട്ടിലെ ഒരു പെൺകുട്ടിക്ക് ആ നോവലിന്റെ ഒരു കോപ്പി കിട്ടിയിരുന്നു. നോവൽ വായിച്ചതോടെ അവൾ ഉറച്ച ഒരു തീരുമാനമെടുത്തു.
സബ്യസാചിയും ബീന ദാസും
ഈ നോവൽ വായിച്ചതോടെ ഒരു ഉറച്ച തീരുമാനമെടുത്തു അവൾ. തന്റെ നാടിനെ കാൽക്കീഴിലാക്കിയ ബ്രിട്ടിഷുകാർക്കെതിരെ ജീവൻ കൊടുത്തും പോരാടുമെന്നതായിരുന്നു ആ തീരുമാനം. ബംഗാളിലെ പ്രശസ്തമായ ബൈത്തൂൺ സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയ്ക്കൊരുങ്ങുകയായിരുന്നു ആ കുട്ടി. ഇംഗ്ലിഷ് പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളിലൊന്ന് ഏറ്റവും പ്രിയപ്പെട്ട നോവലിനെക്കുറിച്ചെഴുതാൻ ആയിരുന്നു. ബീന എഴുതിയത് പഥേർ ദാബിയെക്കുറിച്ചും. ഇംഗ്ലിഷുകാരായ അധ്യാപകൻ, ക്ലാസിൽ ഒന്നാം റാങ്കുകാരിയായിരുന്ന അവളുടെ മാർക്കുകൾ വെട്ടിക്കുറച്ചു. അധ്യാപകൻ തട്ടിയെടുത്ത ആ മാർക്കുകൾ സ്വാതന്ത്ര്യ സമരത്തിലേക്കുള്ള തന്റെ സംഭാവനയാണെന്നു പറഞ്ഞ ആ പെൺകുട്ടി സരളാ ദേവിയുടെയും ബെനി മാധവ് ദാസിന്റെയും മകളായിരുന്നു. പേര് ബീന ദാസ്.
നേതാജി സ്ഥാപിച്ച ബംഗാൾ വൊളന്റിയർ കോർ എന്ന സംഘടയിൽ 1928 ബീന അംഗമായി.സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിൽ ഏതറ്റം വരെ പോകുമെന്ന്, അവിടെ പരിചയപ്പെട്ട സുഹാസിനി ഗാംഗുലി ബീനയോട് ചോദിച്ചു. തന്റെ ജീവൻ നഷ്ടമാകുന്നത് വരെ എന്നായിരുന്നു മറുപടി. സെന്റ് ജോൺ ഡയോസീഷൻ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു ബീന. കിഴക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും പേര് കേട്ട വനിതാ സ്‌കൂൾ എന്ന നിലയിൽ ബ്രിട്ടിഷുകാർ അതിന് കോളജ് പദവി നൽകിയിരുന്നു. ഛാത്രി സംഘ് എന്ന സംഘടനയിൽ അംഗമായിരുന്ന ബീന കായിക പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു. സുഹാസിനി ബീനയെ ബംഗാൾ റവല്യൂഷനറി പാർട്ടി എന്ന രഹസ്യ സംഘടനയിലേക്ക് ക്ഷണിച്ചു. സംഘടനയിലെ അംഗങ്ങൾക്ക് പരസ്പരം പേരുകൾ പോലും അറിയില്ലായിരുന്നു. അനൂജ ചരൺ സെൻ, ദിനേശ് ചന്ദ്ര മജൂംദാർ എന്നിവർ അതിൽ അംഗങ്ങളായിരുന്നു എന്ന് ബീന മനസ്സിലാക്കിയത് തന്നെ അവർ അന്നത്തെ കൊൽക്കത്ത പൊലീസ് കമ്മിഷണറും, തടവിലുള്ളവരെ പീഡിപ്പിക്കുന്നതിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനുമായിരുന്ന ചാൾസ് ടെഗാർട്ടിനു നേരെ വെടിയുതിർത്ത് വധിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു. ആ ശ്രമം വിഫലമായി
തോക്കെടുത്ത് പോരാട്ടം
ഇതെല്ലാം ബീനയുടെ ഉള്ളിലെ വിപ്ലവകാരിക്ക് കരുത്തേകിയതേയുള്ളൂ. യുഗാന്തർ പാർട്ടിയിലെ കമലാ ദാസിനെ സമീപിച്ച ബീന ഒരു തോക്ക് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ടു. 1931 ഏപ്രിൽ ഏഴിന് തന്റെ ബിരുദ ദാന ചടങ്ങ് കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ നടക്കാനിരിക്കെ ബീനയുടെ മനസ്സ് ഒരു പേരിൽ ഉടക്കി. ബ്രിട്ടിഷ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ സാക്ഷാൽ ഗവർണർ ജനറലിന്റെ പേരായിരുന്നു അത്- സ്റ്റാൻലി ജാക്സൺ.ബ്രിട്ടിഷുകാർക്കേൽപ്പിക്കാവുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കും ഗവർണറുടെ മരണം എന്ന് ബീന നിശ്ചയിച്ചു. ബിരുദ ദാന ചടങ്ങിന് അണിയേണ്ട ഗൗണിനടിയിൽ തോക്ക് ഒളിപ്പിച്ചെത്തിയ ബീന ഒരു വിധം മുൻ നിരയിലേക്കെത്തി.
സ്റ്റാൻലി ജാക്‌സൺ പ്രസംഗിക്കുന്നിതിനിടയിൽ ബീന തോക്കുമായി മുന്നോട്ട് ചാടി നിറയൊഴിച്ചു. ഒന്നല്ല അഞ്ചു തവണ. എന്നാൽ ഒരെണ്ണം പോലും ജാക്‌സന്റെ ദേഹത്തു കൊണ്ടില്ല. അടുത്തുണ്ടായിരുന്ന, കൊൽക്കത്ത സർവകലാശാലയുടെ ആദ്യ മുസ് വൈസ് ചാൻസലർ ആയിരുന്ന കേണൽ ഹസൻ സൊഹ്രവർദി മുന്നോട്ട് വന്ന് ബീനയെ കീഴ്‌പ്പെടുത്തി.വിചാരണ വേളയിൽ ജഡ്ജിയുടെ ചോദ്യങ്ങൾക്ക് ബീനയുടെ മറുപടി ഇങ്ങനെയായിരുന്നു- സ്റ്റാൻലി ജാക്സണോട് വ്യക്തിപരമായി എനിക്ക് ഒരു വിരോധവുമില്ല, അദ്ദേഹം എന്റെ പിതാവിനെപ്പോലെ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ പത്നി എനിക്ക് അമ്മയെപ്പോലെയുമാണ്. എന്നാൽ എന്റെ രാജ്യത്തെ മുപ്പത് കോടി ജനങ്ങളെ അടിമകളാക്കിയ ഭരിക്കുന്ന ഒരു വ്യവസ്ഥിതിയുടെ പ്രതിപുരുഷൻ എന്ന നിലയ്ക്കാണ് ഞാൻ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചത്.
ഒൻപതു വർഷം തടവ് ശിക്ഷ ലഭിച്ച ബീനയെ പിന്നീട് 1937 ൽ പ്രൊവിഷനൽ സർക്കാർ വിട്ടയച്ചു. തുടർന്ന് കോൺഗ്രസ് പാർട്ടി അംഗമായ ബീന ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കുകയും പല സമര പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഒരിക്കൽ കൂടെയുണ്ടായിരുന്ന സത്യഗ്രഹിയെ ഒരു പോലീസുകാരൻ ബാറ്റൺ കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചപ്പോൾ ബീന തിരിച്ചടിച്ചു. പൊലീസുകാരനു പരുക്കേറ്റു. അറസ്റ്റിലായ ബീന വീണ്ടും 3 വർഷം ജയിലിലായി.
ആരോരുമറിയാതെ അവസാന കാലം
1946 മുതൽ 51 വരെ ബംഗാൾ നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പല പ്രശ്നങ്ങളിലും പാർട്ടി താൽപര്യത്തിനു വിരുദ്ധമായി തൊഴിലാളികളോടൊപ്പം നിൽക്കേണ്ടി വന്ന ബീന സജീവ രാഷ്ട്രീയമുപേക്ഷിച്ചു. സഹ വിപ്ലവകാരിയായിരുന്നു ജതീഷ് ചന്ദ്ര ഭൗമിക്കിനെ വിവാഹം ചെയ്ത ബീന അധ്യാപികയായി ജോലി നോക്കാൻ തുടങ്ങി. അഭയാർഥികളോടുള്ള ബംഗാൾ സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പെൻഷൻ നിരസിച്ചു. ഭർത്താവിന്റെ നിര്യാണത്തെത്തുടർന്ന് ബീന ഋഷികേശിലേക്കു താമസം മാറ്റി. അവിടെ വച്ച് ആരാലും തിരിച്ചറിയപ്പെടാതെ വഴിയോരത്തു കിടന്നായിരുന്നു ബംഗാളിലെ കടുവ എന്നും അഗ്നികന്യ എന്നുമറിയപ്പെട്ട, ബംഗാളിലെ വനിതകളെയൊന്നാകെ പ്രചോദിപ്പിച്ച ബീന ദാസിന്റെ അന്ത്യം. ആത്മകഥാംശമുള്ള Shrinkhal Jhankar , Pitridhan എന്നീ പുസ്തകങ്ങൾ ബീന ദാസ് രചിച്ചതാണ്.
ആരായിരുന്നു സ്റ്റാൻലി ജാക്‌സൺ
ഇംഗ്ലണ്ടിനും കേംബ്രിജിനും യോർക്‌ഷറിനും വേണ്ടി ക്രിക്കറ്റ് കളിച്ച വ്യക്തിയായിരുന്നു ബീന വധിക്കാൻ ശ്രമിച്ച ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്‌സൺ. ആദ്യമായി ഇംഗ്ലണ്ട് ടീമിനെ നയിച്ച പരമ്പരയിൽ ബാറ്റിങ് ശരാശരിയിലും ബോളിങ് ശരാശരിയിലും ഒന്നാമതെത്തി. കോളജിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ ഫാഗ് ബോയ് (യൂറോപ്പിലെ സ്‌കൂളുകളിൽ സീനിയർ വിദ്യാർഥികളുടെ ജോലികൾ ചെയ്തു കൊടുക്കാൻ നിയമിതനാവുന്ന ജൂനിയർ വിദ്യാർഥി) പിന്നീട് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു.1894 ലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒന്നാം ലോക മഹായുദ്ധത്തിലും ബോർ യുദ്ധത്തിലും പങ്കെടുത്തിരുന്നു.
English Summary : Bina Das, the freedom fighter