ഇന്ത്യക്കാർക്ക് ഇഷ്ടമാണ് പപ്പടത്തോട്; പല സംസ്ഥാനങ്ങളിൽ പല പേരുകൾ
Mail This Article
പപ്പടമെന്നു കേട്ടാൽ അറിയാത്ത മലയാളികളുണ്ടോ? സാധ്യത കുറവാണ്. എന്നും ഉപയോഗിച്ചില്ലെങ്കിലും മിക്കപ്പോഴും നമ്മുടെ ഭക്ഷണമേശയിലെത്തുന്ന രസികനാണ് പപ്പടം. ഓണക്കാലമാണു വരുന്നത്. പപ്പടമില്ലാതെ ഒരു ഓണസദ്യ സങ്കൽപ്പിക്കാൻ കഴിയുമോ. പരിപ്പിലേക്ക് പപ്പടം പൊടിച്ചുകുഴച്ച് നെയ് ചേർത്തുരുട്ടി സദ്യ കഴിക്കുന്നത് എന്തൊരു രസമാണ്. എണ്ണയിലിട്ടു പൊരിച്ച പപ്പടം മാത്രമല്ല, തീയിലിട്ടു ചുട്ട പപ്പടവും നമ്മൾ കഴിക്കാറുണ്ട്. പനിയും മറ്റും പിടിച്ചിരിക്കുമ്പോൾ അൽപം പൊടിയരിക്കഞ്ഞിക്കൊപ്പം ഒരു ചുട്ടപപ്പടം കൂടി കിട്ടിയാൽ രുചിയോടെ കഴിക്കാമെന്നു പഴമക്കാർ പറയാറുണ്ട്.പപ്പടം നമ്മുടെ ഭക്ഷണശീലങ്ങളുമായി അത്രയ്ക്ക് ഇഴചേർന്നു കിടക്കുകയാണ് ഈ വസ്തുതകൾ വെളിവാക്കുന്നു. ഭക്ഷണത്തിൽ മാത്രമല്ല, നമ്മുടെ സംസാര ഭാഷയിൽ വരെ പപ്പടമുണ്ട്. ഇടിച്ചു പപ്പടമാക്കിക്കളയും എന്നൊരു പ്രയോഗം തന്നെ കൂട്ടുകാർ കേട്ടിട്ടില്ലേ.
പർപ്പട എന്ന സംസ്കൃതപദത്തിൽ നിന്നാണു പപ്പടം എന്ന വാക്കു വന്നത്. പരന്ന തളിക എന്ന് അർഥം വരുന്നതാണ് പർപ്പട എന്ന വാക്ക്. തമിഴ്നാട്ടിൽ അപ്പളമെന്നും കന്നഡയിൽ ഹപ്പളയെന്നും തെലുങ്കിൽ അപ്പടമെന്നും മറാത്തിയിലും ഗുജറാത്തിയിലും പഞ്ചാബിയിലുമൊക്കെ പാപ്പഡ് എന്നുമൊക്കെ പപ്പടം അറിയപ്പെടുന്നു. കടലമാവ് ഉൾപ്പെടെ വിവിധയിനം മാവുകൾ ഉപയോഗിച്ചാണ് പപ്പടം തയാറാക്കുന്നത്. പല സംസ്ഥാനങ്ങളിലും സംസ്കാരങ്ങളിലും പലനിർമാണ രീതികളുണ്ട്. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും പ്രചാരത്തിലുള്ള ഒരു വീരനാണു നമ്മുടെ കുട്ടിപപ്പടം.ഇന്ത്യയിൽ മാത്രമല്ല, വിദേശത്തെ ഇന്ത്യൻ റെസ്റ്റോറന്റുകളിലും പപ്പടത്തിനു പ്രചാരമുണ്ട്.
പാക്കിസ്ഥാനിലും ശ്രീലങ്കയിലുമൊക്കെ പപ്പടമുണ്ട്.പാക്കിസ്ഥാനിൽ പ്രത്യേകിച്ചു സിന്ധ് മേഖലയിൽ പപ്പടം ഒരു ദൈനംദിന ഭക്ഷണവസ്തുവാണ്. രാജസ്ഥാനിലെ ബിക്കാനീർ പപ്പടനിർമാണത്തിനു പേരുകേട്ടതാണ്. വാരാണസിയിൽ ഉരുളക്കിഴങ്ങുപയോഗിച്ചുള്ള പപ്പടവും കിട്ടും.നമ്മുടെ നാട്ടിൽ പപ്പടം ഊണിനോ ബിരിയാണിക്കോ ഒപ്പം വെറുതെ കഴിക്കാറാണ് പതിവ്. എന്നാൽ ചിലയിടങ്ങളിൽ ഇതിനൊപ്പം ചട്നിയോ റൈത്തയോ അച്ചാറുകളോ ഒക്കെ ഉപയോഗിക്കാറുണ്ട്.
പപ്പടത്തിന്റെ കഥ പറയുമ്പോൾ ഒരു പപ്പടനിർമാണ കമ്പനിയുടെ കഥ കൂടി കേൾക്കുന്നത് നല്ലതാണ്. മുംബൈയിലെ ശ്രീ മഹിളാ ഉദ്യോഗ് ലിജാത് പപ്പഡ് എന്ന സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനി വനിതകൾക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് തുടങ്ങിയത്. വെറും 80 രൂപ മുടക്കുമുതലിൽ തുടങ്ങിയ കമ്പനിക്ക് ഇന്ന് മുന്നൂറു കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. ഈ ഓണത്തിനു കഴിക്കാൻ പപ്പടം കൈയിലെടുക്കുമ്പോൾ ഇതൊക്കെ ഒന്നോർക്കണം. കറുമുറെ കടിച്ചുതിന്നുന്ന ഈ വിഭവം ആളൊരു നിസ്സാരക്കാരനല്ല.
English Summary : Pappadam interesting facts