കുട്ടികൾ പൊലീസിനെ പിടിച്ചപ്പോൾ
Mail This Article
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കുമായി അഭിമുഖത്തിന് എത്തിയത് ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആര്യൻ സിറിൽ ജോർജ്, മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ റയാൻ കുര്യൻ, എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ ഏഴാം ക്ലാസ് വിദ്യാർഥിനി വൈഗാ ശോഭശ്രീ, മൗണ്ട് കാർമലിലെ പത്താം ക്ലാസുകാരി അപർണ അനീഷ് എന്നിവരായിരുന്നു.
പൊലീസ് മേധാവിയുടെ മുറിയിലേക്കു കയറാൻ ആര്യനു പേടിയായിരുന്നു. കെ. കാർത്തിക് നിറചിരിയോടെ കുട്ടിപ്പട്ടാളത്തെ വരവേറ്റു. ഭയന്നു വിറച്ചിരിക്കുന്ന ആര്യനെ അടുത്തേക്കു വിളിച്ചു. പൊലീസ് നല്ല കൂട്ടുകാരാണെന്നു പറഞ്ഞിട്ടും പേടി മാറിയില്ല. ആര്യനെ മടിയിലേക്കെടുത്തിരുത്തി കുശലം ചോദിച്ച് പേടിയകറ്റി.
പൊലീസ് മേധാവിയുടെ കസേരയുടെ പിറകിൽ അലങ്കരിച്ചു വച്ചിരിക്കുന്ന വാളുകളിലായിരുന്നു ആര്യന്റെ കണ്ണ്. ആ വാൾ എന്തിനാണെന്നായിരുന്നു ചോദ്യം. അലങ്കാരത്തിനു വച്ചിരിക്കുകയാണെന്നും പറഞ്ഞിട്ടും വിശ്വാസം വന്നില്ല. ഒടുവിൽ വാളൂരി പരിശോധനയ്ക്കായി ആര്യനു നൽകി. പരിശോധിച്ചു, സംഗതി ശരിയാണ്. അതോടെ കക്ഷിക്കു സമാധാനമായി. പേടിയില്ലെങ്കിലും സിനിമയിലെ പൊലീസ് കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകളിലാണു റയാൻ ചുറ്റിത്തിരിഞ്ഞത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ പൊലീസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നാണ് അപർണയ്ക്ക് അറിയേണ്ടിയിരുന്നത്. ലഹരിക്കെതിരെ പോരാടാൻ ഉറപ്പിച്ചായിരുന്നു വൈഗയുടെ വരവ്. അവരുടെ ചോദ്യങ്ങളും അതിനു കെ. കാർത്തിക്കിന്റെ മറുപടിയും.
വലിയ പഠിത്തക്കാരനായിരുന്നോ?
∙ എൽപി, യുപി ക്ലാസുകളിൽ പഠിക്കുമ്പോൾ സാധാരണ വിദ്യാർഥിയായിരുന്നു. ഹൈസ്കൂൾ ക്ലാസുകളിൽ നന്നായി പഠിച്ചു. എങ്കിലും വലിയ പഠിത്തക്കാരനൊന്നുമായിരുന്നില്ല. തിരുവണ്ണാമലൈ മൗണ്ട് കാർമൽ സ്കൂളിലായിരുന്നു പഠനം.
ആരാകാനായിരുന്നു ആഗ്രഹം?
∙ സിവിൽ സർവീസ് തന്നെയായിരുന്നു ലക്ഷ്യം. സാധാരണക്കാരായ അച്ഛനും അമ്മയും ലക്ഷ്യത്തിലെത്താൻ പിന്തുണ നൽകി. ഐപിഎസ് ലഭിക്കുന്നതിനു മുൻപ് എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്തിരുന്നു. 2008ലാണ് അവിടെ ജോലി ലഭിച്ചത്. 25,000 രൂപ ശമ്പളം. അന്നത് വലിയ ശമ്പളമായിരുന്നു. എന്റെ ലക്ഷ്യത്തിലേക്കെത്താൻ ജോലി ഉപേക്ഷിച്ചു. സിവിൽ സർവീസ് പരിശീലനത്തിന് ഇറങ്ങി.
പഠിക്കുന്ന കാലത്ത് പൊലീസിനെ കണ്ടിട്ടുണ്ടോ?
∙ തമിഴ്നാട്ടിലെ തിരുവണ്ണാമലൈ എന്ന ഗ്രാമത്തിലാണ് വീട്. അവിടെ പൊലീസുകാർ അങ്ങനെ വരാറില്ല. സമാധാനത്തോടെ കഴിയുന്ന ഗ്രാമം. എന്നാൽ വ്യാജവാറ്റോ മറ്റോ ഉണ്ടോ എന്നറിയാൻ വല്ലപ്പോഴും പൊലീസ് റോന്തു ചുറ്റും. ഞങ്ങൾ കുട്ടികൾ അരമതിലിലോ കയ്യാലപ്പുറത്തോ ഒക്കെ ഇരിക്കുമ്പോഴായിരിക്കും പൊലീസുകാരുടെ വരവ്. കാക്കി കാണുമ്പോൾ തന്നെ എല്ലാവരും എഴുന്നേറ്റു മുണ്ടിന്റെ തറ്റടിച്ചിട്ടു നിൽക്കും.
ഞങ്ങൾ വഴിയുടെ ഓരത്തേക്കിറങ്ങി ബഹുമാനത്തോടെ വണങ്ങി നിൽക്കും. അന്നൊന്നും എന്റെ സ്വപ്നത്തിന്റെ ഏഴയലത്തു പോലും ജില്ലാ പൊലീസ് മേധാവിയായി ഇങ്ങനെ ഒരു കസേരയിൽ ഇരിക്കാൻ കഴിയുമെന്നു കരുതിയിട്ടില്ല.
എപ്പോഴെങ്കിലും പൊലീസ് പിടിച്ചിട്ടുണ്ടോ?
∙ ചെന്നൈയിലായിരുന്നു സിവിൽ സർവീസ് പരിശീലനം. 2010 ഡിസംബറിൽ മെയിൻ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയം. ഹോസ്റ്റലിൽ നിന്നു ഞങ്ങൾ കൂട്ടുകാർ രാത്രിയിൽ മറീന ബീച്ചിലേക്കു പോയി.
രാത്രി വൈകിയതോടെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. സിവിൽ സർവീസ് വിദ്യാർഥികളാണെന്നു പറഞ്ഞിട്ടും വിട്ടില്ല. പുലർച്ചെ 4 വരെ അവിടെ ഇരിക്കേണ്ടി വന്നു.
സൈക്കോകില്ലറെ കണ്ടിട്ടുണ്ടോ?
∙ സൈക്കോ കില്ലർ എന്നൊന്നുണ്ടോ? മാനസികമായി വെല്ലുവിളി നേരിടുന്നയാൾ ചിലപ്പോൾ കൊലപാതകത്തിൽ ഏർപ്പെടേണ്ടി വരുന്ന അവസ്ഥയുണ്ടായേക്കാം. അയാളെ സൈക്കോ കില്ലർ എന്നാണോ വിളിക്കുന്നത്. സിനിമയിൽ സൈക്കോ കില്ലർ എന്നൊക്കെ പറഞ്ഞു കഥാപാത്രങ്ങളുണ്ടായേക്കാം. സിനിമ യിൽ പറയുന്നതെല്ലാം ജീവിതത്തിലുള്ളതാണെന്നു തെറ്റിദ്ധരിക്കരുത്.
ആരെയെങ്കിലും ഷൂട്ട് ചെയ്തിട്ടുണ്ടോ?
∙ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വെടിവയ്ക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ ഉപയോഗിക്കാനാണു തോക്ക്. അതൊക്കെ അത്യപൂർവ സാഹചര്യമാണ്. നിയമം അനുശാസിക്കുന്ന രീതിയിലേ പൊലീസിനു പ്രവർത്തിക്കാനാവൂ.
സ്കൂൾ കുട്ടികൾ എങ്ങനെ ലഹരിക്ക് അടിമപ്പെടുന്നു?
∙ പഠനത്തിൽ, കലാപ്രവർത്തനത്തിൽ... അതുമല്ലെങ്കിൽ കളികളിൽ ഒക്കെ ‘ലഹരി കണ്ടെത്താം’. പലപ്പോഴും അത് അറിയാതെയാണു കുട്ടികൾ ലഹരിമരുന്നിന്റെ ലോകത്ത് എത്തുന്നത്. നിങ്ങളുടെ കൂട്ടുകാരിൽ ഒരാൾ ലഹരിക്ക് അടിപ്പെട്ടാൽ അധ്യാപകരെ അക്കാര്യം അറിയിക്കണം. ലഹരിക്കടിപ്പെടുന്ന സുഹൃത്തിനെ കുറ്റവാളിയെപ്പോലെ കാണരുത്. അവർക്കു മാനസിക പിന്തുണ നൽകണം.
പെൺകുട്ടികളെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ എന്തു ചെയ്യണം?
∙ മോശം സമീപനം ശ്രദ്ധയിൽപെട്ടാൽ തീർച്ചയായും അധ്യാപകരെ വിവരം അറിയിക്കണം. രക്ഷാകർത്താക്കളോടും വിവരം പറയണം. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ അറിയിക്കാം.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കുമായി അഭിമുഖത്തിന് എത്തിരയ ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആര്യൻ സിറിൽ ജോർജ്, മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ റയാൻ കുര്യൻ, കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താം ക്ലാസുകാരി അപർണ അനീഷ്, എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ ഏഴാം ക്ലാസ് വിദ്യാർഥിനി വൈഗാ ശോഭശ്രീ എന്നിവർ.
English Summary : Students Interview with District Police Chief K. Karthik