അറസ്റ്റ് െചയ്യുമ്പോൾ ‘യു ആർ അണ്ടർ അറസ്റ്റ്’ എന്നു ഉദ്യോഗസ്ഥർ പറയുന്നതെന്തിന്?
Indian law and order
Mail This Article
യു ആർ അണ്ടർ അറസ്റ്റ്’ എന്നു പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ കുറ്റാരോപിതരെയും മറ്റും അറസ്റ്റ് ചെയ്യുന്നത് കൂട്ടുകാർ സിനിമയിലും മറ്റും ധാരാളമായി കണ്ടിരിക്കുമല്ലോ. അറസ്റ്റിന് അധികാരമുള്ള ഉദ്യോഗസ്ഥർ, അറസ്റ്റ് ചെയ്യുന്ന ആളുടെ ശരീരത്തിൽ പിടിച്ച് ‘യു ആർ അണ്ടർ അറസ്റ്റ്’ എന്ന് പറയണമെന്നാണ് സിആർപിസി 46–ാം വകുപ്പ് പറയുന്നത്. എന്താണ് സിആർപിസിയും ഐപിസിയും..?
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബ്രിട്ടിഷ് ഭരണകാലത്ത് നിലവിൽ വന്നതുമായ ഇന്ത്യൻ പീനൽ കോഡ്(ഇന്ത്യൻ ശിക്ഷാ നിയമം) ആണ് ഇന്ത്യയുടെ ഔദ്യോഗിക ക്രിമിനൽ കോഡ്. 1974 ജനുവരി 25നാണ് ക്രിമിനൽ പ്രൊസീജ്യർ കോഡ് (ക്രിമിനൽ നടപടിക ക്രമം) നിലവിൽ വന്നത്. ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിതയാണ് ഇന്ത്യൻ പീനൽ കോഡ് അഥവാ ഐപിസി. അത് നടപ്പാക്കുന്ന നിയമം പ്രതിപാദിക്കുന്നതാണ് സിആർപിസി അഥവാ ക്രിമിനൽ നടപടിക്രമം.
നിയമചരിത്രം
1860ൽ ഇന്ത്യൻ ശിക്ഷാനിയമം നടപ്പിൽ വരും മുൻപ് പ്രസിഡൻസി നഗരങ്ങളിൽ (ബോംബെ, കൽക്കട്ട, മദ്രാസ്) ഇംഗ്ലിഷ് നിയമങ്ങളാണ് ഉണ്ടായിരുന്നത്. നഗരങ്ങൾക്ക് പുറത്ത് മുഗൾ രാജാക്കന്മാരുടെ കാലത്തെ നിയമം തുടരാൻ അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മുഴുവൻ ബാധകമായ ഒരു പൊതു നിയമം നിർമിക്കുന്നത്.
1860 ഒക്ടോബർ 6നാണ് ബ്രിട്ടിഷ് ഭരണകാലത്തെ പാർലമെന്റ് ഐപിസി അംഗീകരിച്ചത്. 1862 ജനുവരി 1ന് പ്രാബല്യത്തിൽ വന്നു. 1834ൽ രൂപംകൊണ്ട ഇന്ത്യൻ ലോ കമ്മിഷനാണ് പീനൽ കോഡിന്റെ ഉപജ്ഞാതാക്കൾ. തോമസ് ബാബിംഗ്ടൺ മെക്കാളെയുടെ അധ്യക്ഷതയിലാണ് ഐപിസി തയാറാക്കിയത്. 511 വകുപ്പുകളാണ് തുടക്കത്തിൽ ഐപിസിയിൽ ഉണ്ടായിരുന്നത്. ആകെ 359 കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷകളും അതിൽ വിവരിച്ചിരുന്നു. ഐപിസിയിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും കഠിനമായ കുറ്റത്തിന് നൽകുന്നത് വധശിക്ഷയാണ്. ഇതു സംബന്ധിച്ച കുറ്റങ്ങൾ ഐപിസി 301 മുതൽ 311 വരെയുള്ള വകുപ്പുകളിലാണ് ചേർത്തിരിക്കുന്നത്.
സിആർപിസി
ശിക്ഷാ നിയമങ്ങൾക്ക് കീഴിലുള്ള ശിക്ഷകൾക്കായി വിശദമായ നടപടിക്രമം നൽകുന്നത് സിആർപിസി അനുസരിച്ചാണ്. കുറ്റകൃത്യങ്ങളുടെ അന്വേഷണം, കുറ്റവാളികളെന്ന് സംശയിക്കുന്നവരെ പിടികൂടൽ, തെളിവുകൾ ശേഖരിക്കൽ, കുറ്റാരോപിതനായ വ്യക്തിയുടെ കുറ്റം അല്ലെങ്കിൽ നിരപരാധിത്വം എന്നിവ നിർണയിക്കുന്നതിനും കുറ്റവാളികൾക്കുള്ള ശിക്ഷ നിർണയിക്കുന്നതിനുമുള്ള നടപടികൾ ഇതിൽ വിശദീകരിക്കുന്നു. സിആർപിസിയിൽ 484 വകുപ്പുകളാണുള്ളത്.
പീനൽകോഡ് ഇന്ന് അംഗീകരിച്ചിട്ടുള്ള ശിക്ഷകളെ പ്രധാനമായി നാലായി തരംതിരിക്കാം
1. വധശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം തടവ് (കഠിനതടവാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്).
2. തടവുശിക്ഷ - ജീവപര്യന്തം തടവുമാകാം; അതിൽ കുറഞ്ഞ കാലത്തേക്കുമാകാം. തടവുശിക്ഷ തന്നെ കഠിനതടവോ വെറുംതടവോ ഏകാന്തതടവോ ആകാം.
3. വസ്തുവകകൾ കണ്ടുകെട്ടൽ.
4. പിഴശിക്ഷ
ഐപിസി പ്രാബല്യത്തിൽ വരുന്നതിനു മുൻപ്, പലർക്കും പല ശിക്ഷകളാണ് ഒരേ കുറ്റത്തിനു നൽകിയിരുന്നത്. ഉദാഹരണത്തിന് ഉന്നതകുലജാതരെന്നു കരുതപ്പെട്ടിരുന്ന ഒരു വിഭാഗം പൂർണമായും ശിക്ഷകളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു വിഭാഗത്തിന് കഠിനമായ ശിക്ഷ നൽകിയിരുന്നു.
ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യകാലത്തു ഇന്ത്യയിലെ സാമൂഹിക–ജാതി വ്യവസ്ഥകളെ പരിഗണിച്ചാണ് ശിക്ഷകൾ നൽകിയിരുന്നത്. കോടതികളിൽ മതപണ്ഡിതർക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ വരെ അക്കാലത്ത് ഒരുക്കപ്പെട്ടിരുന്നു. പിന്നീട് അതെല്ലാം മാറി.
Content Summary : Indian law and order