ADVERTISEMENT

നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ ലയണൽ മെസ്സി ഫുട്‌ബോൾ കളിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യകളികൾ അർജന്റീനയിലെ  റൊസാരിയോയിലെ ലോക്കൽ ഫുട്‌ബോൾ ടീമായ ഗ്രാൻഡോളിക്കു വേണ്ടിയായിരുന്നു. റൊസാരിയോവിലുള്ള എസ്‌ക്വേല ലാസ് ഹെറാസ് എന്ന സ്‌കൂളിലായിരുന്നു മെസ്സിയുടെ പ്രാഥമിക വിദ്യാഭ്യാസം. മെസ്സി ഒരു ശാന്തനായ കുട്ടിയായിരുന്നു. എന്നാൽ എപ്പോഴും ഒരു ഫുട്‌ബോളുമായായിരുന്നു വരവെന്ന് പിൽക്കാലത്ത് ഒരുടീച്ചർ ഓർത്തിരുന്നു. പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ബാർസിലോനയിലേക്കു പോയതോടെയാണ് ലയണൽ മെസ്സി എന്ന പ്രതിഭ വാനോളമുയർന്നത്.

 

lionel-messi-grandmother-story
മെസ്സിയും മുത്തശ്ശിയും. ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

എന്നാൽ മെസ്സിയുടെ ഐതിഹാസികമായ യാത്രയിൽ വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിത്വമുണ്ട്. അദ്ദേഹത്തിന്റെ അമ്മയുടെ അമ്മയായ സെലിയ ഒലീവേറ. റൊസാരിയോയിൽ താമസിച്ചിരുന്ന ഈ മുത്തശ്ശി ഫുട്‌ബോൾ താരമായുള്ള മെസ്സിയുടെ വളർച്ചയിൽ ആദ്യ ഇന്ധനം നൽകിയ വനിതയാണ്.

 

മെസ്സി തന്നെ പിൽക്കാലത്ത് ഇതെക്കുറിച്ച് ഓർത്തെടുത്തിരുന്നു. ഒരിക്കൽ റൊസാരിയോയിലെ ഒരു കുട്ടികളുടെ ക്ലബ് ടീമിൽ ഒരു കളിക്കാരന്റെ ഒഴിവുണ്ടായി. ഇതറിഞ്ഞ സെലിയ മുത്തശ്ശി ആ ടീമിന്റെ കോച്ചിനെ സമീപിക്കുകയും തന്റെ പേരമകനായ മെസ്സിയെ കളിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ആകാരപരമായി ചെറുതായിരുന്ന കുട്ടിയായിരുന്നു ലയണൽ മെസ്സി. ഇക്കാരണത്താൽ തന്നെ ഫുട്‌ബോൾ ടീമിലേക്ക് മെസ്സി പറ്റിയതാണോയെന്ന് കോച്ച് സെലിയയോട് ചോദിച്ചു. എന്നാൽ അവനെ കളിപ്പിക്കൂ എന്ന് ആ മുത്തശ്ശി കട്ടായം പറഞ്ഞു. കോച്ചിനും ടീമിലുള്ളവർക്കും സെലിയ മുത്തശ്ശിയോട് വലിയ കാര്യവും ബഹുമാനവുമായിരുന്നു.

 

മെസ്സിക്ക് ആദ്യം ഈ ടീമിൽ കളിക്കുന്നതിൽ അത്ര ആത്മവിശ്വാസം തോന്നിയില്ല. എന്നാൽ സെലിയ മുത്തശ്ശി കൊച്ചുമകനു പ്രചോദനമേകുകയും കളിക്കാനുള്ള ശുഭാപ്തി വിശ്വാസം പകർന്നു കൊടുക്കുകയും ചെയ്തു.

കൊച്ചു മെസ്സിക്ക് കളിക്കാനുള്ള ബൂട്ട് വാങ്ങിക്കൊടുത്തതും ഈ മുത്തശ്ശിയാണ്. ഇതണിഞ്ഞുള്ള ആദ്യകളിയിൽ തന്നെ 2 ഗോളുകൾ നേടി. പിന്നീട് ദശകങ്ങൾ പിന്നിട്ട പടയോട്ടം. ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും മാസ്മരിക താരങ്ങളിലൊരാളായി ലയണൽ മെസ്സി വളർന്നു. ഇന്നും താനടിക്കുന്ന ഓരോ ഗോളിനുശേഷവും സെലിയ മുത്തശ്ശിയെ ലയണൽ മെസ്സി സ്മരിക്കാറുണ്ടത്രേ. റൊസാരിയോയിലെ ഈ മുത്തശ്ശിയുടെ ദൃഢനിശ്ചയമാണ് ഒരു കൊച്ചുബാലനിൽ നിന്ന് ഫുട്‌ബോൾ ചക്രവർത്തിയായുള്ള മെസ്സിയുടെ യാത്രയ്ക്ക് കുതിപ്പു നൽകിയത്. 1997ൽ മെസ്സിക്ക് പത്തുവയസ്സുള്ളപ്പോൾ സെലിയ മുത്തശ്ശി അന്തരിച്ചു.

 

Content Summary : Lionel Messi and his grandmother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com