ADVERTISEMENT

ലാവോസിന്റെ തലസ്ഥാനമായ വിയന്റിയാനിൽ നിന്ന് ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിലേക്ക് ഏതാണ്ട് 4,500 കിലോമീറ്റർ ദൂരമുണ്ട്. ഇത്തവണ ഡൽഹിയിലൂടെയാണ് നമ്മുടെ യാത്ര. ഏതാണ്ട് ബിസി അഞ്ചാം നൂറ്റാണ്ടിൽ ദിലു എന്ന രാജാവ് തന്റെ പേര് തന്നെ നഗരത്തിന് നൽകി എന്നും അതല്ല വാതിൽ എന്നർഥം വരുന്ന ദില്ലു എന്ന വാക്ക് ലോപിച്ച് ദില്ലി ആയി എന്നും രണ്ടു പക്ഷമുണ്ട്. ഹരിയാനക രാജ്യത്തിന്റെ (ഇന്നത്തെ ഹരിയാന സംസ്ഥാനം) തലസ്ഥാനമായിരുന്ന ദില്ലിക എന്നും യോഗിനി പുര എന്നുമെല്ലാമുള്ള പേരുകളിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നു നമ്മുടെ തലസ്ഥാനം.

സുൽത്താനേറ്റ് (1206 - 1526 )

മുഹമ്മദ് ഗോറിയുടെ സേനാനായകനായി വരെ വളർന്ന അടിമയായിരുന്നു കുതുബ് അൽ-ദിൻ ഐബക്ക് അഥവാ കുത്ബുദ്ദീൻ ഐബക്ക്.1192ലെ രണ്ടാം തറൈൻ യുദ്ധത്തിലെ ഗുരിദ് വിജയത്തിനുശേഷം, മുഹമ്മദ് ഗോറി ഇന്ത്യൻ പ്രദേശങ്ങളുടെ ചുമതല ഐബക്കിനെ ഏൽപിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം മുതൽ മുഗളന്മാർ കീഴടക്കുന്നത് വരെ ഏതാണ്ട് ആറര നൂറ്റാണ്ടോളം അഞ്ചു രാജവംശങ്ങൾ ഡൽഹി ഭരിച്ചു. ബാൽബൻ ഉൾപ്പടെയുള്ള രാജാക്കന്മാരുടെ അടിമവംശം അഥവാ മാംലൂക് വംശം, ഖിൽജി വംശം, തുഗ്ലക് വംശം, സയ്യിദ് വംശം, ലോധി വംശം എന്നിവയാണ് അവ.

ഗേറ്റുകളുടെ നഗരം

1611ൽ യൂറോപ്യൻ സഞ്ചാരിയും വ്യാപാരിയുമായിരുന്ന വില്യം ഫിഞ്ച്, ഡൽഹിയെ വിശേഷിപ്പിച്ചത് 7 കോട്ടകളും 52 പ്രവേശനകവാടങ്ങളുമുള്ള നഗരം എന്നായിരുന്നു. ചാമുഖ ദർവാസ, രഞ്ജിത്ത് ഗേറ്റ്, സോഹൻ ഗേറ്റ്, ഫത്തേഹ് ഗേറ്റ് , ഹൗസ് റാണി, ബദായുനി ഗേറ്റുകൾ അങ്ങനെ പോകുന്നു അത്. അലാവുദ്ദീൻ ഖിൽജി മദ്യപാനം നിർത്താനുള്ള പ്രതിജ്ഞ എടുത്തതും മദ്യപാത്രങ്ങൾ എറിഞ്ഞുടച്ചതുമെല്ലാം ബദായുനി ഗേറ്റിൽ വച്ചായിരുന്നെന്ന് ചരിത്രകാരന്മാർ പറയുന്നു. പരസ്യ ശിക്ഷകൾ നടപ്പിലാക്കിയിരുന്നതും ഇവിടെ വച്ചായിരുന്നത്രെ. എന്തായാലും 4 ഗേറ്റുകൾ നിർമിക്കാൻ ആഗ്രഹിച്ച അദ്ദേഹത്തിന് ഒരെണ്ണം മാത്രമേ പൂർത്തീകരിക്കാൻ സാധിച്ചുള്ളൂ, അതാണ് ആലായ് ഗേറ്റ്. ഷേർ ഷാ സൂരിയുടെ കാലത്തു നിർമിച്ച തലാഖി ദർവാസ, ഷേർ ഷാ ഗേറ്റ്, കശ്മീരി ഗേറ്റ്, അജ്‌മേറി ഗേറ്റ്, ദില്ലി ഗേറ്റ്, തുർക് മാൻ ഗേറ്റ്, നിഗം ബോധം ഗേറ്റ് എന്നിവ പ്രശസ്തമായിരുന്നു. കിസ്രി, കാബൂളി, ലാൽ, രാജ് ഘട്ട് പത്തർ ഘട്ടി, ലാഹോറി തുടങ്ങിയ പ്രവേശനകവാടങ്ങളും ഷാജഹാന്റെ ഭരണകാലത്തു നിലവിലുണ്ടായിരുന്നു.

528961046

കുത്തബ് മിനാർ

കുത്ബുദ്ദീൻ ഐബക്ക് ഒരു വിജയസ്മാരകവും നിസ്കാരസമയം ആളുകളെ അറിയിക്കാൻ ഒരു മിനാരവുമായി നിർമിക്കാനാരംഭിച്ച കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയത് അദ്ദേഹത്തിന്റ മകളുടെ ഭർത്താവായിരുന്ന ഷംസുദ്ദീൻ ഇൽത്തുമിഷ് ആയിരുന്നു. 72.5 മീറ്റർ ഉയരവും 379 പടികളുമുള്ള ഇത് ഇഷ്ടികയാൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മിനാരമാണ്.

ഇൽത്തുമിഷിന്റെ മകളായ റസിയ സുൽത്താന ആയിരുന്നു ഡൽഹി ഭരിച്ച ആദ്യ വനിത. എന്നാൽ അന്നത്തെ കാലത്തും ഇതിനെതിരെ നീക്കങ്ങൾ നടന്നിരുന്നു. ഇൽത്തുമിഷിന്റെ മൂത്ത മകനായിരുന്ന റുഖ്നുദ്ദീൻ ഫിറോസിനെ സദസ്യർ രാജാവാക്കി വാഴിച്ചു. എന്നാൽ മറ്റ് രാജസഭാംഗങ്ങൾ തന്നെ ഇതിനെതിരെ തിരിയുകയും റസിയയെത്തന്നെ ഭരണമേൽപിക്കുകയും ചെയ്തു. എന്നാൽ 1240ൽ കാർണാലിലെ കൈതാലിൽ വച്ച് നടന്ന യുദ്ധത്തിൽ റസിയ കൊല്ലപ്പെട്ടു.

Content Summary : Travalokan - Column by Snehaj Srinivas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com