ADVERTISEMENT

അമേരിക്കയ്ക്ക് മുകളിൽക്കൂടി പറന്ന, ചൈനയുടേതെന്ന് പറയപ്പെടുന്ന ചാരബലൂൺ വെടിവച്ചിട്ട വാർത്തകൾ വായിക്കുമ്പോൾ എന്തിനാണ് ചാരപ്പണിക്കായി ബലൂണുകൾ ഉപയോഗിക്കുന്നതെന്ന്  സംശയം ഉണ്ടായേക്കാം. മികച്ച വ്യക്തതയുള്ള ക്യാമറകൾ ഘടിപ്പിച്ച ഉപഗ്രഹങ്ങൾ ആയിരക്കണക്കിനുള്ളപ്പോൾ എന്തിനാണ് ബലൂണുകൾ വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്നത്? 

 

കാലങ്ങളായി അന്തരീക്ഷപഠനത്തിനും ചാരപ്പണികൾക്കും മനുഷ്യർ ബലൂണുകൾ ഉപയോഗിക്കുന്നുണ്ട്. പത്താം നൂറ്റാണ്ടു മുതൽ ചൈന ഇതിനെല്ലാമായി ബലൂണുകൾ ഉപയോഗിച്ചിരുന്നത്രേ. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ 1860 കളിൽ ഇരുകൂട്ടരെയും സൈനികനീക്കങ്ങൾ അറിയാൻ ബലൂണുകൾ സഹായിച്ചിരുന്നു. ഒന്നാം ലോകയുദ്ധ കാലത്ത് ബലൂണുകൾ നിലത്തു കെട്ടിയിട്ട ശേഷം ഉയർത്തി അവയിൽ ക്യാമറകൾ ഘടിപ്പിച്ച് ശത്രുവിന്റെ സ്ഥലങ്ങളും നീക്കങ്ങളും നിരീക്ഷിച്ചിരുന്നു. 

 

ബലൂണുകളെ ഇങ്ങനെ ഉപയോഗിക്കാൻ പല കാരണങ്ങളുമുണ്ട്. വിമാനമോ ഉപഗ്രഹങ്ങളോ നിർമിക്കാനോ സംരക്ഷിക്കാനോ പ്രവർത്തിപ്പിക്കാനോ ഉള്ള ചെലവ് ബലൂണിനില്ല. എവിടെ നിന്നും നിഷ്പ്രയാസം ബലൂണുകൾ ഉയർത്തിവിടാം, ഉപഗ്രഹങ്ങളെക്കാൾ എളുപ്പത്തിൽ നിയന്ത്രിക്കാം. കുറഞ്ഞ ഉയരത്തിൽ റഡാറുകളെ വെട്ടിച്ചുകൊണ്ട് ബലൂണുകൾക്ക് സഞ്ചരിക്കാൻ കഴിയും. അതേ സമയം വിമാനങ്ങളെക്കാൾ ഉയരത്തിൽ പറത്താവുന്ന ബലൂണുകളുമുണ്ട്. യന്ത്രത്തിന്റെ ഇരമ്പലുകൾ ഇല്ലാതെ ശബ്ദമില്ലാതെ പറക്കുന്നതിനാൽ ശത്രുവിന്റെ ശ്രദ്ധയിൽപ്പെടാനും സാധ്യത കുറവ്. ഉപഗ്രഹങ്ങളെക്കാൾ വളരെ അടുത്തു നിന്ന്  ചിത്രങ്ങൾ പകർത്താൻ പറ്റുന്നതുകൊണ്ട് വ്യക്തതയും കൂടുതലായിരിക്കും. എങ്ങാനും വെടിവച്ചിട്ടാൽ കാര്യമായ നഷ്ടവുമില്ല. 

 

ബലൂൺ ബോംബുകൾ 

 

രണ്ടാം ലോകയുദ്ധ കാലമായപ്പോഴേക്കും ഇവ കൂടുതൽ വ്യാപകമായി. ചാരപ്രവർത്തനത്തിനു കൂടാതെ ആക്രമണങ്ങൾക്കും ബലൂൺ ഉപയോഗിച്ചു.1944-45 കാലത്ത് ജപ്പാൻ പതിനായിരത്തോളം ബലൂൺ ബോംബുകൾ അമേരിക്കയ്ക്കു നേരെ അയച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ബലൂണുകൾ ഉപയോഗിച്ച് കാട്ടുതീ ഉണ്ടാക്കി ജനങ്ങളിൽ ഭീതി പരത്തുക എന്നതായിരുന്നു ലക്ഷ്യം. സമീപകാലത്ത് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും ചാരപ്രവർത്തനത്തിന് ബലൂണുകൾ  ഉപയോഗിച്ചിരുന്നു.

 

ചൈനീസ് ബലൂണുകൾ 

 

ഈയിടെ അമേരിക്കയിൽ കണ്ടെത്തിയ ചൈനയുടേതെന്നു കരുതപ്പെടുന്ന ബലൂണുകൾ വളരെ വലുപ്പമുള്ളതും വലിയ ഉയരത്തിൽ പറക്കുന്നതും ആയിരുന്നു. 60 മീറ്ററോളം വ്യാസമുള്ള, ഹീലിയം നിറച്ച, കാറ്റിനനുസരിച്ച്  നീങ്ങുന്ന ഈ ബലൂണുകളുടെ സോളർ പാനൽ ഒരു വിമാനത്തിന്റെ നീളമുള്ളതും 900 കിലോഗ്രാമോളം ഭാരമുള്ളതും ആയിരുന്നു. 24 മുതൽ 37 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഇവ യുദ്ധവിമാനങ്ങൾ സഞ്ചരിക്കുന്നതിനേക്കാൾ കിലോമീറ്ററുകളോളം ഉയരത്തിൽ ആണ് പറന്നിരുന്നത്. അഞ്ചു വൻകരകളിലായി നാൽപതോളം രാജ്യങ്ങളുടെ മുകളിൽ ചൈനയുടെ ബലൂണുകൾ കണ്ടെന്നും അവ പലപ്പോഴായി തങ്ങളുടെ അതിർത്തി നാലുതവണ ഭേദിച്ചെന്നും അമേരിക്ക ആരോപിച്ചിരുന്നു

 

Content Summary : Spy balloon history

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com