24 വർഷമായി കാണാതിരുന്ന പക്ഷി; എവിടെയായിരുന്നു ഇത്രനാളും...?
Mail This Article
ലോകമെങ്ങുമുള്ള ജീവശാസ്ത്രകാരന്മാരെ ആഹ്ലാദഭരിതരാക്കിയ ഒരു വാർത്ത കഴിഞ്ഞയാഴ്ച പുറത്തുവന്നത് മഡഗാസ്കറിൽ നിന്നാണ്. 24 വർഷമായി കാണാതിരുന്ന ഒരു പക്ഷിയെ കണ്ടെത്തിയതാണ് ആ സന്തോഷ വാർത്ത. ഡസ്കി ടെട്രക (Xanthomixis tenebrosa) എന്നും ഡസ്കി ഗ്രീൻബുൾ എന്നും അറിയപ്പെടുന്ന ഈ പക്ഷി മഡഗാസ്കർ സ്വദേശിയാണ്. ശരീരത്തിന്റെ മുകൾവശത്തിന് സവിശേഷമായ ഒലീവ് പച്ചനിറവും കീഴ്‌ഭാഗത്തിന് ഇത്തിരി മങ്ങിയ നിറവുമാണുള്ളത്. കഴുത്തിനടിയിലെ മഞ്ഞനിറം പ്രത്യേകതയാണ.് ഇരുണ്ട ചെറിയ കൊക്കുണ്ട്. കണ്ണുകൾക്കും പാദത്തിനും കാലുകൾക്കും എല്ലാം ഇരുണ്ടനിറമാണ്. കാടുകളുടെ വൃക്ഷമേലാപ്പിന്റെ മധ്യഭാഗം മുതൽ മുകൾഭാഗം വരെയാണ് ഇതിനെ കണാറുള്ളത്. ചെറിയ പ്രാണികളെ തിരഞ്ഞ് നല്ല വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കും.
2022 ഡിസംബറിലും 2023 ജനുവരിയിലും മഡഗാസ്കറിന്റെ വടക്കുകിഴക്കുള്ള വിദൂരമായ മഴക്കാടുകളിൽ നടത്തിയ പര്യവേക്ഷണത്തിൽ ആണ് ഈ വർഗത്തിൽപെട്ട 3 പക്ഷികളെ കണ്ടെത്താനായത്. മലമുകളിൽനിന്ന് വരുന്ന അരുവികളുടെ കല്ലുകൾ നിറഞ്ഞ തീരങ്ങളിലാണ് സാധാരണയിൽ നിന്നു വ്യത്യസ്തമായി ഇവരെ കണ്ടത്. കാണാതായ പക്ഷികളെ കണ്ടെത്താൻ 2017ൽ തുടങ്ങിയ ഒരു പദ്ധതിയുടെ ഭാഗമായ അന്വേഷണയാത്രാ സംഘമാണു ഡാർക്ക് ടെട്രകയെ കണ്ടെത്തിയത്. ഈ പദ്ധതിയിൽ പരമപ്രധാനമായി കണ്ടെത്തേണ്ട 25 പക്ഷികളുടെ പട്ടികയിലെ എട്ട് എണ്ണത്തെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന പക്ഷിയാണ് ഡാർക്ക് ടെട്രക. ഈ പക്ഷിയെ കണ്ടെത്തിയ സ്ഥലം ഔദ്യോഗികമായി സംരക്ഷിത പട്ടികയിലുൾപ്പെട്ട ഇടമാണ്. പക്ഷേ, പക്ഷിയെ തേടിയിറങ്ങിയ ശാസ്ത്രകാരന്മാർ കണ്ടത് ആ കാടുകളുടെ വലിയഭാഗവും വനിലക്കൃഷിക്കായി വെളുപ്പിച്ചിരിക്കുന്നതാണ്.
Content Summary : Bird Dusky Tetraka makes surprise reappearance after 24 years