ADVERTISEMENT

വായനവാരത്തിൽ കൂട്ടുകാർ പുസ്തകങ്ങളും ആനുകാലികങ്ങളും ഒക്കെ വായിക്കുന്നുണ്ടാകുമല്ലോ അല്ലേ..? വായിച്ച പുസ്തകങ്ങളെക്കുറിച്ച് 
കുറിപ്പും എഴുതുന്നവരുണ്ടാകും. ആസ്വാദനക്കുറിപ്പ് എഴുതാൻ പരീക്ഷയ്ക്കു ചോദിക്കുന്നതുമാണല്ലോ. 

നല്ലൊരു ആസ്വാദനക്കുറിപ്പ് എങ്ങനെ എഴുതാം?

 

 

 

നമ്മൾ വായിച്ച, നമ്മെ രസിപ്പിച്ച ഒരു രചനയെ അല്ലെങ്കിൽ ഒരു പുസ്തകത്തെക്കുറിച്ചുള്ള വായനാനുഭൂതികളെ സ്വതന്ത്രമായി ആവിഷ്ക്കരിക്കാനുള്ള ഒരു സർഗ പ്രവർത്തനമാണ് ആസ്വാദനക്കുറിപ്പ് എഴുത്ത്. അതിനെന്താണ് ആദ്യം വേണ്ടത്? ആസ്വദിച്ച് വായിക്കുക തന്നെ. ആവർത്തിച്ച് വായിച്ചാൽ കൂടുതൽ നല്ലത്. ആസ്വാദനക്കുറിപ്പ് തയാറാക്കുന്നതിന് നിയതമായ ഒരു ചട്ടക്കൂടു നിർമിക്കുക സാധ്യമല്ല എന്നതാണ് വാസ്തവം. എഴുതുന്ന ആളുടെ അഭിരുചിക്കനുസരിച്ച് അതിനെ ക്രമപ്പെടുത്താം. ആസ്വാദനക്കുറിപ്പുകൾ സാഹിത്യ വിമർശനമല്ല. എന്നാൽ സാഹിത്യ വിമർശനത്തിലേക്കും നിരൂപണത്തിലേക്കു കടക്കാനുള്ള വാതിലുകളാണ്. ആസ്വദിക്കുന്ന രചനയുടെ സവിശേഷതകൾ കൂടി  ഉൾക്കൊണ്ടാണ് ആസ്വാദനക്കുറിപ്പു തയാറാക്കേണ്ടത്.

 

ആസ്വാദനം പലവിധം

 

മരമറിഞ്ഞു കൊടിയിടണം എന്നാണല്ലോ. അതുപോലെ വ്യത്യസ്ത സാഹിത്യരൂപങ്ങളുടെ ആസ്വാദനക്കുറിപ്പ് വ്യത്യസ്ത ഭാവതലം ഉള്ളവ ആയിരിക്കും. കഥയുടെ രീതിയല്ല കവിതയ്ക്ക്. നാടകം, ആത്മകഥ, ജീവചരിത്രം എന്നിങ്ങനെ ഒാരോ സാഹിത്യരൂപത്തിനും ഓരോതരം ആസ്വാദനമാണ് ഉണ്ടാവുക. ഇവയ്ക്ക് ഒരു പൊതു രൂപം പറയുക വയ്യ. എങ്കിലും ആസ്വാദനക്കുറിപ്പിൽ അത്യാവശ്യം വേണ്ട കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

 

ആക‍ർഷകമായ ആമുഖം

 

കൃതിയുടെ ഇതിവ‍ൃത്തത്തെ പരാമശിക്കുന്ന ലളിതവും ആകർഷകവുമായ ഒരാമുഖം ആണ് ആദ്യം വേണ്ടത്. വായനക്കാരന്റെ ശ്രദ്ധനേടുന്നതാവണം ആമുഖം. അതു തുടങ്ങുന്നത് ഒരു സംഭാഷണ ശകലത്തോടെയാവാം, ഒരു സന്ദർഭം അവതരിപ്പിച്ചുകൊണ്ടാവാം. മറ്റെതെങ്കിലും എഴുത്തുകാരന്റെ വാക്കുകളുടെ പരാമർശത്തിലൂടെയുമാവാം. നാം അവതരിപ്പിക്കാൻ പോകുന്ന ആശയത്തിന്റെ പ്രകാശനമാണ് ആമുഖത്തിലുടെ നടത്തേണ്ടത്. അതു ലളിതവും തുടർവായനയിലേക്കു നയിക്കുന്നതുമായിരിക്കണം. എഴുത്തുകാരെ പരിചയപ്പെടുത്തലും വേണമെങ്കിൽ ഈ അവസരത്തിൽ ചെയ്യാം.

 

ആശയാവതരണം

 

കൃതിയുടെ പ്രമേയം ചുരുങ്ങിയവാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരമാണിവിടെ. ലഘുവായും ലളിതമായും കൃതിയുടെ കേന്ദ്രാശയം അവതരിപ്പിക്കണം. അതിലുടെ ഈ കൃതി വായിച്ചിട്ടില്ലാത്തവർക്കും കൃതിയുടെ ഏകദേശ രൂപം കിട്ടണം.

 

ഇഷ്ടമായാലും ഇല്ലെങ്കിലും

 

ഈ കൃതി എന്തുകൊണ്ടാണ് നിങ്ങൾക്ക് രസിച്ചത് അല്ലെങ്കിൽ എന്തുകൊണ്ട് ഇഷ്ടപ്പെട്ടില്ല എന്നു തുടർന്ന് അവതരിപ്പിക്കണം. കൃതിയെ ആകർഷകമാക്കുന്ന, ആസ്വാദ്യകരമാക്കുന്ന പ്രധാന ഘടകങ്ങൾ ഓരോന്നും വിശകലനം ചെയ്യാം. ചിലപ്പോൾ അതിന്റെ പ്രമേയമാവാം ആസ്വാദ്യമാവുന്നത്. ചിലപ്പോൾ അതിന്റെ ഭാഷയാവും. ഇനി അതുമല്ലെങ്കിൽ അതിന്റെ പശ്ചാത്തലം ആവാം. സാമൂഹിക പ്രസക്തിയാവാം. എല്ലാം ചേർന്നതുമാവാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന്റെ കാരണങ്ങളും ഓരോന്നായി എടുത്ത് വിശദീകരിക്കാം. അവതരിപ്പിക്കേണ്ട ആശയങ്ങൾ ഓരോന്നും വ്യക്തമായി ക്രമമായി ഓരോ ഖണ്ഡികയിൽ അവതരിപ്പിക്കണം.

 

 

സമകാലികം

 

പ്രമേയത്തിന്റെ ആനുകാലിക പ്രാധാന്യം മനസ്സിലാക്കുകയും അവതരിപ്പിക്കുകയും വേണം.

 

ഉപസംഹാരം

 

ആസ്വാദനക്കുറിപ്പിൽ നാം ഇതുവരെ പറഞ്ഞകാര്യങ്ങളെ ചുരുക്കി ഒതുക്കി സംഗ്രഹിക്കുകയാണ് ഇവിടെ വേണ്ടത്. കൃതിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടോ വിലയിരുത്തലോ ഈ ഭാഗത്തു ചേർക്കാം. തീർന്നില്ല, നല്ലൊരു തലക്കെട്ടു കൂടിയായാൽ ആസ്വാദനക്കുറിപ്പ് തയാറായി. കൃതിയുടെ അർഥതലത്തെ ഉൾക്കൊള്ളുന്ന തരത്തിൽ ഒരു ശീർഷകം നൽകാൻ ശ്രദ്ധിക്കുമല്ലോ.

 

Content Summary : Reading week special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com