കൊടിയേറി ചന്ദ്രോത്സവം; ചന്ദ്രയാൻ വിശേഷങ്ങൾ
Mail This Article
1998 മേയ് 11–ാം തീയതി ഇന്ത്യ വിജയകരമായി അണുബോംബ് പരീക്ഷിച്ചത് അറിയാമല്ലോ. ആ ദിനം രാജ്യം ദേശീയ സാങ്കേതികവിദ്യാദിനമായി (നാഷനൽ ടെക്നോളജി ഡേ) ആഘോഷിക്കാൻ ആരംഭിച്ചു. 1999ൽ നടന്ന ആദ്യ ടെക്നോളജി ഡേ പരിപാടിക്കു മുഖ്യപ്രഭാഷണം നടത്തിയത് ഐഎസ്ആർഒ (ഇന്ത്യൻ ബഹിരാകാശ സംഘടന) ചെയർമാൻ ഡോ.കെ.കസ്തൂരിരംഗനാണ്. അന്ന് അദ്ദേഹം പറഞ്ഞു, ‘ ഇന്ത്യ ചന്ദ്രനിലേക്കു പറക്കും. രാജ്യത്തിന്റെ ആദ്യത്തെ ചാന്ദ്രദൗത്യം 2008ൽ യാഥാർഥ്യമാകും.’ 2003ൽ ഐഎസ്ആർഒ ചെയർമാൻ സ്ഥാനം ഒഴിയുമ്പോഴേക്കും ചാന്ദ്രദൗത്യത്തിന്റെ പൂർണരൂപം കസ്തൂരിരംഗൻ തയാറാക്കിക്കഴിഞ്ഞിരുന്നു.
2003ലെ സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ചന്ദ്രയാൻ 1 പ്രഖ്യാപിച്ചു. ദൗത്യത്തിന് ഈ പേരുനിർദേശിച്ചതും അദ്ദേഹം തന്നെയാണ്. ‘ചന്ദ്രനിലേക്കുള്ള വാഹനം’ എന്നതിന്റെ സംസ്കൃത വാക്കാണ് ചന്ദ്രയാൻ. 2004ൽ ഉദയ്പുരിൽ നടന്ന രാജ്യാന്തര ചാന്ദ്രഗവേഷണ കോൺഫറൻസിൽ ചന്ദ്രയാൻ 1ന്റെ മാതൃക അവതരിപ്പിച്ചു. ചന്ദ്രനെ വലംവയ്ക്കുന്ന ദൗത്യം (ഓർബിറ്റിങ് മിഷൻ) എന്ന രീതിയിലാണ് അതുവരെ ദൗത്യം മുന്നോട്ടുപോയിരുന്നത്. കോൺഫറൻസിൽ പങ്കെടുത്ത അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമാണ് ചന്ദ്രനിൽ ഇറങ്ങുക എന്ന ആശയം മുന്നോട്ടുവച്ചത്. അങ്ങനെ, മൂൺ ഇംപാക്ട് പ്രോബ് (എംഐപി) ദൗത്യത്തിന്റെ ഭാഗമായി.
11 പേലോഡുകൾ
∙ ചന്ദ്രയാൻ 1 വഹിച്ച 11 പേലോഡുകളിൽ (പഠനത്തിനുള്ള ശാസ്ത്രീയ ഉപകരണങ്ങൾ) 5 എണ്ണമാണ് ഇന്ത്യയുടേത്.
1. ടെറെയ്ൻ മാപ്പിങ് ക്യാമറ –ചന്ദ്രോപരിതലത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പകർത്താൻ
2. ഹൈപ്പർ സ്പെക്ട്രൽ ഇമേജർ – ഈ ക്യാമറയെടുക്കുന്നത് കളർ ചിത്രങ്ങളാണ്.
3. ലൂണാർ ലേസർ റേഞ്ചിങ് ഇൻസ്ട്രുമെന്റ് – ചന്ദ്രോപരിതലത്തിന്റെ സ്വഭാവം കണ്ടെത്താൻ. ഉപരിതലത്തിലെ ഉയർച്ചതാഴ്ചകളുടെ വലുപ്പമെന്തെന്നു കണ്ടെത്തുകയായിരുന്നു പ്രധാനം. ഇതിലൂടെ ചന്ദ്രന്റെ ഉൾഭാഗത്തെക്കുറിച്ചും ഉൽപത്തിയെക്കുറിച്ചും അറിയാനാകും.
4. ഹൈ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ – വെള്ളം, ഐസ്, ഘനമൂലകങ്ങൾ എന്നിവയുടെ സാന്നിധ്യം അറിയാൻ.
5. മൂൺ ഇംപാക്ട് പ്രോബ്– ബഹിരാകാശ വാഹനത്തിൽ നിന്നു വേർപെട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങാൻ (ക്രാഷ് ലാൻഡിങ്). വിഡിയോ ക്യാമറ, റഡാർ ഓൾട്ടിമീറ്റർ (ഉയരം അളക്കാൻ), സ്പെക്ട്രോമീറ്റർ (വാതകങ്ങളുടെ അളവറിയാൻ) എന്നിവയായിരുന്നു എംഐപിയിൽ.
∙ യൂറോപ്യൻ സ്പേസ് ഏജൻസി– 3, യുഎസ്– 2, ബൾഗേറിയ – 1 എന്നിങ്ങനെയായിരുന്നു മറ്റു പേലോഡുകളുടെ എണ്ണം.
∙ 2008 ഒക്ടോബർ 22ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി–സി11 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 1 വിക്ഷേപിച്ചു. അന്ന് ജി.മാധവൻ നായരായിരുന്നു ഐഎസ്ആർഒ ചെയർമാൻ.
മൂവർണക്കൊടി പാറിച്ച്
2008 നവംബർ 14ന് ഇന്ത്യയുടെ ത്രിവർണ പതാക ചന്ദ്രനെ തൊട്ടു. രാജ്യത്തെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്കു തുടക്കം കുറിച്ച ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലായിരുന്നു ചരിത്രനിമിഷം. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ മൂൺ ഇംപാക്ട് പ്രോബിന്റെ വശങ്ങൾക്ക് ദേശീയപതാകയുടെ നിറമാണു കൊടുത്തിരുന്നത്. റഷ്യ, യുഎസ്, ജപ്പാൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിലെത്തുന്ന രാജ്യമായി ഇന്ത്യ.
ചന്ദ്രയാൻ കണ്ട ചന്ദ്രൻ
∙ ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ ദൗത്യം. യുഎസ് സ്പേസ് ഏജൻസിയായ നാസയുടെ മൂൺ മിനറോളജി മാപ്പർ വഴിയാണിതു കണ്ടെത്തിയത്.
∙ ചന്ദ്രയാൻ 1 പകർത്തിയത് ഏകദേശം 70,000 അമ്പിളിച്ചിത്രങ്ങൾ.
∙ ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളുടേതടക്കം റഡാർ ഇമേജുകൾ.
∙ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, അയൺ, ടൈറ്റാനിയം, കാൽസ്യം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.
∙ മാഗ്മ ഓഷൻ ഹൈപ്പോതിസിസ് (ചന്ദ്രൻ നേരത്തേ മുഴുവനായി ഉരുകിയ അവസ്ഥയിലായിരുന്നു എന്ന നിഗമനം) ചന്ദ്രയാൻ 1 സ്ഥിരീകരിച്ചു. നാസയുടെ മാപ്പർ കണ്ടെത്തിയ പ്രത്യേകതരം വലിയ പാറക്കഷണങ്ങളുടെ പഠനത്തിൽ നിന്നാണ് ഇതു സ്ഥിരീകരിച്ചത്. 2 വർഷ ദൗത്യകാലാവധി തീരുംമുൻപേ 2009 ഓഗസ്റ്റ് 29നു ചന്ദ്രയാൻ 1 പ്രവർത്തനം അവസാനിപ്പിച്ചു.
Content Highlight - Chandrayaan 1 mission, Indian lunar mission, Presence of water on the Moon, ISRO Chairman Dr. K. Kasthurirangan, Moon Impact Probe (MIP) mission, Moon Mission, Padhippura