രഹസ്യം തേടുന്നവർ; ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികൾ
Mail This Article
പ്രതിരോധ– വിദേശകാര്യ നിലപാട്, പൊതുജനസുരക്ഷ, നിയമവ്യവസ്ഥ എന്നിവ സംരക്ഷിച്ച് രാജ്യസുരക്ഷ ലക്ഷ്യമാക്കി നടത്തുന്ന വിവരശേഖരണത്തിനും അന്വേഷണങ്ങൾക്കും നേതൃത്വം നൽകുന്ന സർക്കാർ ഏജൻസികളാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ അഥവാ ഇന്റലിജൻസ് ഏജൻസികൾ. പല സ്രോതസ്സുകളിൽ നിന്നു വിവരം ശേഖരിച്ചു ക്രോഡീകരിക്കുന്ന ഇത്തരം സംഘങ്ങളുടെ നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരിക്കും. തീവ്രവാദം അടക്കമുള്ള പ്രതിസന്ധികളെയും ഭീഷണികളെയും മുൻകൂട്ടി മനസ്സിലാക്കി ഭരണനേതൃത്വത്തിനു വ്യക്തമായ വിവരങ്ങൾ നൽകുകയാണ് ഇവരുടെ ലക്ഷ്യം.
സിഐഎ (CIA)
യുഎസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സിഐഎ (Central Intelligence Agency). രാജ്യത്തിന് പുറത്തുനിന്നുള്ള വിവരശേഖരണവും മറ്റ് രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതുമാണ് പ്രാധാന ലക്ഷ്യം. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ അമേരിക്കൻ നാവികത്താവളമായ പേൾ ഹാർബറിൽ നടത്തിയ ആക്രമണം (1941) മുൻകൂട്ടിയറിയാൻ യുഎസിന് സാധിച്ചില്ല. പ്രതിരോധ മേഖലയിലെ ഈ തിരിച്ചടി സ്വന്തമായി രഹസ്യാന്വേഷണ സംഘടന വേണമെന്ന ആവശ്യത്തിലേക്ക് നയിച്ചു. അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ ഡി.റൂസ്‌വെൽറ്റ് ഇതിനായി ജനറൽ വില്യം ഡൊണോവൻ എന്ന സൈനിക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. 1942ൽ ഓഫിസ് ഓഫ് സ്ട്രാറ്റജിക് സർവീസസ് (ഒഎസ്എസ്) എന്നൊരു ഇന്റലിജൻസ് ഏജൻസി രൂപീകരിച്ചു.
ലോകയുദ്ധാനന്തരം ഇത്തരമൊരു സംഘടന ആവശ്യമില്ലെന്നു പറഞ്ഞ് പ്രസിഡന്റ് ഹാരി എസ്.ട്രൂമാൻ 1945 സെപ്റ്റംബർ 20ന് ഒഎസ്എസ് പിരിച്ചുവിട്ടു. എന്നാൽ താമസിയാതെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം തുടങ്ങിയതോടെ രഹസ്യസംഘം പുനരാരംഭിക്കാനുള്ള നടപടി തുടങ്ങി. 1946 സെൻട്രൽ ഇന്റലിജൻസ് ഗ്രൂപ്പ് രൂപീകരിച്ചു. 1947 സെപ്റ്റംബർ 18ന് ഒഎസ്എസിന്റെ പിൻഗാമിയായി സിഐഎ സ്ഥാപിതമായി. വെർജീനിയയിലെ ലാംഗ്ലിയാണ് ആസ്ഥാനം. ജാഗരൂകനായി ഇരിക്കുന്ന ഒരു കഴുകനും താഴെ രക്തവർണമുള്ള ഒരു നക്ഷത്രവുമാണ് സിഐഎയുടെ ഔദ്യോഗികമുദ്ര. യുഎസ് ആഭ്യന്തര സുരക്ഷയ്ക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (FBI).
മൊസാദ് (Mossad)
ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. സാങ്കേതിക മികവിലും പ്രവർത്തനശേഷിയിലും മുൻനിരയിലാണ് സ്ഥാനം. The Institute for Intelligence and Special Operations എന്നാണ് ഔദ്യോഗിക നാമം. 1949ലാണ് സ്ഥാപിക്കപ്പെട്ടത്. ആസ്ഥാനം: ടെൽ അവീവ്. ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടനകൂടിയാണ് മൊസാദ്. ഏതാണ്ട് 7,000 ഉദ്യോഗസ്‌ഥർ മാത്രമുള്ള മൊസാദിനു വേണ്ടി വിദേശരാജ്യങ്ങളിൽ വിവരശേഖരണം നടത്തുന്ന കേസ് ഓഫിസർമാർ അതിസമർഥരായി കരുതപ്പെടുന്നു. ആഗോള വ്യാപകമായി 35,000 രഹസ്യ ഏജന്റുമാരും അവർക്കുണ്ട്. ഇന്ത്യയുമായി ഏറ്റവും കൂടുതൽ സഹകരിക്കുന്ന വിദേശ ഏജൻസിയാണ് മൊസാദ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായശേഷമാണ് റോ - മൊസാദ് സഹകരണം കൂടുതൽ ശക്തമായത്. ഇന്ത്യ - പാക്കിസ്‌ഥാൻ യുദ്ധകാലത്ത് രാജ്യത്തിന് ഏറ്റവും സഹായം നൽകിയതും മൊസാദാണ്. ഇപ്പോഴത്തെ ഇസ്രയേൽ– ഹമാസ് സംഘർഷത്തിന്റെ തുടക്കത്തിൽ ഗാസയിൽ നിന്നുണ്ടായ മിന്നലാക്രമണം മുൻകൂട്ടി കാണാൻ സാധിക്കാതെ പോയത് മൊസാദിന് വലിയ തിരിച്ചടിയായി. സൈനിക ഇന്റലിജൻസുമായി ബന്ധപ്പെട്ട് അമനും (AMAN) ആഭ്യന്തര സുരക്ഷയുടെ ചുതമലയുള്ള ഷിൻ ബെത്തും (Shin Bet) ഇസ്രയേലിന്റെ മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളാണ്.
റോ (R&AW)
ഇന്ത്യയുടെ ചാരസംഘടനയാണ് റോ (Research and Analysis Wing). 1968 സെപ്റ്റംബർ 21ന് രൂപംകൊണ്ടു. ന്യൂഡൽഹിയാണ് ആസ്ഥാനം. 1965ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ശത്രുരാജ്യത്തുനിന്നുള്ള ഇന്റലിജൻസ് വിവരങ്ങളിൽ കുറവുകളുണ്ടായെന്നു മനസ്സിലാക്കിയ ഇന്ദിരാഗാന്ധി, 1966ൽ അധികാരത്തിലെത്തി 2 കൊല്ലത്തിനുള്ളിൽ രൂപീകരിച്ചതാണ് റോ. റോ രൂപീകരിക്കും മുൻപ് രാജ്യത്തിനകത്തും പുറത്തും വിവരങ്ങൾ ശേഖരിച്ചിരുന്നത് ഇന്റലിജൻസ് ബ്യൂറോയാണ്. വിദേശത്തുനിന്നുള്ള ഇന്റലിജൻസിന്റെ ചുമതല റോയ്ക്കാണ്. 1975ൽ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയതിലും ബംഗ്ലദേശിന്റെ രൂപീകരണത്തിലും റോയുടെ പങ്കു വലുതാണ്. സിബിഐ, ഇന്റലിജൻസ് ബ്യൂറോ (ഐബി), നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), ഡയറക്ടറേറ്റ് ഓഫ് സിഗ്‌നൽ ഇന്റലിജൻസ് എന്നിവയാണ് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ മറ്റ് അന്വേഷണ വിഭാഗങ്ങൾ. റോയുടെ സ്ഥാപക സെക്രട്ടറി രാമേശ്വർ നാഥ് കാവോയുടെ (1968–77) നിസ്വാർഥമായ പ്രവർത്തനമാണ് റോയെ ലോകത്തെ മികച്ച രഹസ്യാന്വേഷണ ഏജൻസിയായി വളർത്തിയത്. കെ.ശങ്കരൻ നായർ (1977), ഹോർമിസ് തരകൻ (2005–07) എന്നിവരാണ് റോയുടെ തലപ്പത്തെത്തിയ മലയാളികൾ.
ഐഎസ്ഐ (ISI)
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗമമായ ഐഎസ്ഐ (Inter-Services Intelligence) ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ചാരസംഘടനകളിലൊന്നാണ്. 1948ലെ പുതുവർഷദിനത്തിലാണ് രൂപീകരണം. ഇസ്‌ലാമാബാദ് ആണ് ആസ്ഥാനം. ദേശീയ രാഷ്ട്രീയം, രാജ്യാന്തരബന്ധങ്ങൾ, ആഭ്യന്തരസുരക്ഷ, എന്നീ രംഗങ്ങളിലെല്ലാം ഐഎസ്ഐയുടെ പങ്ക് പാക്കിസ്ഥാന്റെ നിലപാടുകളെ സ്വാധീനിച്ചിട്ടുണ്ട്. ഐഎസ്ഐക്ക് മേൽ പാക്ക് സൈന്യത്തിന് കാര്യമായ സ്വാധീനമുണ്ട്. ഐഎസ്ഐ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രധാനമന്ത്രിയേക്കാൾ ഐഎസ്ഐക്ക് കടപ്പാടും കൂറുമുള്ളത് സൈന്യത്തോടാണ്. സേവനത്തിലുള്ള സൈനിക ഓഫിസർമാരാണ് ഐഎസ്ഐയിലെ പ്രധാന ഉദ്യോഗസ്ഥർ. എന്നാൽ, തീവ്രവാദികളെ ഉപയോഗിച്ച് അയൽരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ അക്രമങ്ങൾ നടത്തുന്ന രീതികളോട് രാജ്യാന്തരതലത്തിൽ എതിർപ്പുണ്ട്.