സ്വന്തമായി ഒരു കാർ മാത്രം, താമസം കൊച്ചുവീട്ടിൽ: ലോകത്തിലെ ഏറ്റവും 'പാവപ്പെട്ട' ഭരണാധികാരി
Mail This Article
ഭരണാധികാരികളിൽ ലളിതമായ ജീവിത ശൈലി കൊണ്ട് പ്രശസ്തനാണ് ജോസ് മുജിക്ക. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ തെക്കേ അമേരിക്കൻ രാജ്യം യുറഗ്വായുടെ പ്രസിഡന്റായിരുന്നു മുജിക്ക. പ്രസിഡന്‌റായിരിക്കേ, അതിഗംഭീരമായ ഔദ്യോഗിക മന്ദിരത്തിൽ കഴിയാൻ കൂട്ടാക്കാതെ ഭാര്യയുടെ പേരിലുള്ള ചെറിയ ഫാംഹൗസിൽ താമസിച്ചതാണു മുജിക്കയെ പ്രശസ്തനാക്കിയത്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു ചെറിയ വീടായിരുന്നു ഇത്.
തോട്ടപരിപാലനം മുജിക്കയുടെ ഇഷ്ടപ്പെട്ട പ്രവൃത്തിയായിരുന്നു. പ്രസിഡന്റായപ്പോഴും അതു മുടക്കമില്ലാതെ തുടർന്നു. വീടിനു പുറത്ത് ഇതിനു നിലമൊരുക്കുന്നതും പൂട്ടുന്നതുമൊക്കെ മുജിക്ക തന്നെയായിരുന്നു. വീട്ടിലെത്തുന്നവർക്ക് യുറഗ്വായിലെ തദ്ദേശീയപാനീയമായ മാറ്റേ ഒരുക്കി, ഗ്വാംപ എന്ന ലളിതമായ കപ്പുകളിൽ പകർന്ന് അദ്ദേഹം നൽകി.
കോട്ട് ധരിക്കുമെങ്കിലും അതിനൊപ്പം ടൈ ധരിക്കാൻ മുജിക്കയ്ക്ക് ഇഷ്ടമായിരുന്നില്ല. അദ്ദേഹം താമസിക്കുന്ന വീട്ടിലേക്കുള്ള വഴി പോലും ഒരുക്കിയതോ തറയോടുകൾ പാകിയതോ ആയിരുന്നില്ല. 1800 ഡോളർ കാശും ഒരു പഴയകാറുമാണ് മുജിക്കയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നത്.
മുജിക്കയ്ക്ക് മാസം തോറും 12000 യുഎസ് ഡോളർ ശമ്പളമുണ്ടായിരുന്നു. എന്നാൽ ഇതിൽ ചെലവിനുള്ളത് എടുത്തിട്ട് ബാക്കി 90 ശതമാനവും ജീവകാരുണ്യ സംഘടനകൾക്കും ചെറുകിട സംരംഭകർക്കുമൊക്കെ സഹായമായി നൽകുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. മഫ്തിയിൽ കാവൽ നിൽക്കുന്ന രണ്ട് പൊലീസുകാർ മാത്രമാണ് അംഗരക്ഷകരായി മുജിക്കയ്ക്ക് ഉണ്ടായിരുന്നത്. ഒരു സാധാരണക്കാരനെപ്പോലെ മുജിക്ക ജീവിച്ചു.
ഒരിക്കൽ മുജിക്ക കടൽത്തീരത്തെ വളരെ സാധാരണമായ ഒരു ഭക്ഷണാശാലയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു ചെറുപ്പക്കാരൻ ശ്രദ്ധിച്ചു. ഇതിന്റെ ചിത്രമെടുത്ത ചെറുപ്പക്കാരൻ അത് സമൂഹമാധ്യമങ്ങളിലിട്ടതോടെ വളരെ ശ്രദ്ധനേടി. ലളിത ജീവിതം നയിച്ച അദ്ദേഹം പിൽക്കാലത്ത് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. മുൻകാലത്ത് ഒരു ഗറില്ല പോരാളിയായിരുന്ന മുജിക്ക ടുപമാരോസ് എന്ന സായുധ വിപ്ലവ സംഘടനയിൽ അംഗമായിരുന്നു. 1970കളിലും എൺപതുകളിലും യുറഗ്വായിലുണ്ടായ സൈനികഭരണത്തിൽ മുജിക്കയെ ജയിലിലടയ്ക്കുകയുണ്ടായി.