ADVERTISEMENT

ലോകചരിത്രം രൂപപ്പെടുത്തുന്നതിൽ കുടിയേറ്റം വഹിച്ച പങ്ക് വലുതാണ്. അതിർത്തികൾ താണ്ടിയുള്ള മനുഷ്യപ്രയാണം, ചെന്നെത്തിയ സ്ഥലങ്ങളുടെ മാത്രമല്ല പുറപ്പെട്ട ഇടങ്ങളുടെയും ഭാവിയെ നിർണയിച്ചു. സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, സാമൂഹിക, സാംസ്കാരിക ക്രമങ്ങളിലും ചലനങ്ങളുണ്ടാക്കി. യുഎസ് പോലൊരു രാജ്യത്തെയെടുക്കൂ. ശാസ്ത്രരംഗത്തും വ്യാപാരത്തിലുമെല്ലാം യുഎസ് കൈവരിച്ച നേട്ടങ്ങളിൽ വലിയൊരു പങ്ക് കുടിയേറ്റ സമൂഹത്തിൽ നിന്നുള്ളതാണ്. സാമ്പത്തിക സുരക്ഷിതത്വം, വിദ്യാഭ്യാസം, പരിസ്ഥിതിപ്രശ്നങ്ങൾ, യുദ്ധങ്ങൾ എന്നിവയെല്ലാം കുടിയേറ്റത്തിനു കാരണമാകുന്നു. 

കുടിയേറ്റമെന്നതു മനുഷ്യാവകാശമാണെന്നും അതൊരു കുറ്റകൃത്യമല്ലെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നു യുകെയിലേക്കു കുടിയേറിയ മലാല യൂസഫ്സായി കുടിയേറ്റത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: ‘നമ്മൾ കുടിയേറ്റത്തെ ഭയക്കേണ്ടതില്ല. പരസ്പരം പഠിക്കാനും കൂടുതൽ ഉൾക്കൊള്ളാനുമാകുന്ന ലോകം സൃഷ്ടിക്കാനുമുള്ള അവസരമായി എടുത്താൽ മതി’. 2020ലെ കണക്കനുസരിച്ച് 28.1 കോടി ജനങ്ങളാണ് രാജ്യാന്തര കുടിയേറ്റക്കാരായുള്ളത്. ഈ കണക്കിലും എത്രയോ ഏറെയായിരിക്കും യഥാർഥ സംഖ്യ.

രാജ്യാന്തര കുടിയേറ്റ ദിനമായി ആചരിക്കുന്നത് ഡിസംബർ 18 ആണ്. 2000ത്തിൽ ആണ് യുഎൻ പൊതുസഭ ദിനാചരണത്തിന് അംഗീകാരം നൽകിയത്. കുടിയേറ്റക്കാർ ലോകത്തിനു നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനൊപ്പം അവർക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളെ എടുത്തുകാട്ടുന്നതിനുമാണ് ഈ ദിനാചരണം. സുരക്ഷിതമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക (Promoting Safe Migration) എന്നതാണ് ഈ വർഷത്തെ പ്രമേയം. കുടിയേറ്റക്കാർക്കു നേരിടേണ്ടി വരുന്ന ദുരിതപൂർണമായ സാഹചര്യങ്ങൾ ഒഴിവാക്കാനും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താനുമുള്ള ഓർമപ്പെടുത്തലാണിത്.

കുടിയേറ്റത്തെ വിശാലമായി കാണാൻ പ്രേരിപ്പിക്കുകയും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ(IOM). യുഎന്നിന്റെ ഭാഗമായുള്ള സംഘടനയാണിത്. രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ)1965ൽ കുടിയേറ്റ തൊഴിലാളി ചട്ടം അംഗീകരിച്ചു. താമസിച്ചുകൊണ്ടിരുന്ന ഇടം വിട്ടു നീങ്ങുന്നവരെയെല്ലാം കുടിയേറ്റക്കാരായാണു യുഎൻ കാണുന്നത്. അവർ നീങ്ങുന്നത് എങ്ങനെയായാലും അതിന്റെ ലക്ഷ്യം എന്തുതന്നെയായാലും കുടിയേറ്റക്കാർ തന്നെ. കുടിയേറ്റം രാജ്യത്തിനകത്തു തന്നെയോ പുറത്തേക്കോ ആകാം. സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെയുള്ള കുടിയേറ്റത്തിനിടെ ആയിരക്കണക്കിനു പേർക്കാണ് ഓരോ വർഷവും ജീവൻ നഷ്ടമാകുന്നത്.

English Summary:

International migration day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com