വളർന്നു വളർന്നു സൂര്യനൊപ്പം ശാസ്ത്രം
Mail This Article
ചന്ദ്രയാൻ-3, ആദിത്യ
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യരാജ്യം എന്ന റെക്കോർഡ് നേട്ടവും ചന്ദ്രനിൽ സ്വന്തമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യയ്ക്ക് സമ്മാനിച്ചു ചന്ദ്രയാൻ 3. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എൽവിഎം3എം4 റോക്കറ്റിൽ കുതിച്ച ചന്ദ്രയാൻ 3, 2023 ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ചന്ദ്രനിൽ സൾഫർ, ഓക്സിജൻ, അലുമിനിയം, കാൽസ്യം, ഇരുമ്പ്, ടൈറ്റാനിയം, ക്രോമിയം, മാംഗനീസ്, സിലിക്കൺ എന്നീ മൂലകങ്ങളുടെ സാന്നിധ്യം, പ്ലാസ്മ സാന്നിധ്യം, ചന്ദ്രോപരിതലത്തിലെ വ്യത്യസ്ത ആഴങ്ങളിലുള്ള താപ വ്യതിയാനങ്ങൾ തുടങ്ങി ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് ദൗത്യം ലഭ്യമാക്കിയത്.
സൗര രഹസ്യങ്ങൾ ചുരുൾ നിവർത്താൻ ഇന്ത്യയുടെ ആദിത്യ എൽ 1, ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചെ പോയിന്റ് ലക്ഷ്യമാക്കി പിഎസ്എൽവി സി 57 റോക്കറ്റിൽ സെപ്റ്റംബർ 2നാണ് യാത്രതിരിച്ചത്. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും.
ഛിന്നഗ്രഹ സാംപിളുമായി ഒസിരിസ് റെക്സ്
450 കോടിയിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തിൽ സൗരയൂഥത്തിന്റെ ഉൽപത്തി വികാസങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന എന്തെല്ലാം രഹസ്യങ്ങൾ ഒളിച്ചിരിപ്പുണ്ടാകും? ഈ ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനും അതിൽ നിന്നു പാറയും പൊടിയുമൊക്കെ ശേഖരിക്കാനുമായി 2016ൽ യാത്രതിരിച്ച നാസയുടെ ഒസിരിസ് റെക്സ് പേടകം യുഎസിലെ യൂട്ടാ മരുഭൂമിയിൽ തിരിച്ചെത്തി!
ചൊവ്വയിൽ ഓക്സിജൻ ഉൽപാദിപ്പിച്ച് മോക്സി
ചൊവ്വയിൽത്തന്നെ ഓക്സിജൻ ഉൽപാദിപ്പിക്കുക! മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ഭാവി ചൊവ്വാദൗത്യങ്ങൾക്ക് ഊർജം പകരുകയാണ് മോക്സി പരീക്ഷണം. നാസയുടെ പെഴ്സിവീയറൻസ് ദൗത്യത്തിന്റെ ഭാഗമായ മോക്സി (മാർസ് ഓക്സിജൻ ഇൻ സിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എക്സ്പിരിമെന്റ്) ഉപകരണം ചൊവ്വയുടെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുകയും കാർബൺ മോണോക്സൈഡിനെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
ന്യൂക്ലിയർ ഫ്യൂഷനിൽ പുതിയ മുന്നേറ്റം
സൂര്യനടക്കമുള്ള നക്ഷത്രങ്ങളിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ വിജയകരമായി ഭൂമിയിൽ നടത്താൻ കഴിയുന്ന പരീക്ഷണം യുഎസിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറി നാഷനൽ ഇഗ്നീഷൻ ഫെസിലിറ്റിയിൽ കഴിഞ്ഞവർഷം നടന്നു. ഹൈഡ്രജന്റെ ഐസോടോപ്പുകളായ ഡ്യൂട്ടീരിയവും ട്രിഷിയവും അടങ്ങിയ പെല്ലറ്റിലേക്ക് അതിശക്തമായ ലേസർ ബീമുകൾ പതിപ്പിച്ചായിരുന്നു പരീക്ഷണം. ഈ വർഷം ഓഗസ്റ്റിൽ ഇതേ പരീക്ഷണം വീണ്ടും ആവർത്തിച്ച് കൂടുതൽ ഊർജം ഉൽപാദിപ്പിക്കുകയും ചെയ്തു.
സൂപ്പർ ഡ്യൂപ്പർ കംപ്യൂട്ടർ ഫ്രോണ്ടിയർ
നിലവിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ എന്ന റെക്കോർഡ് ഫ്രോണ്ടിയർ സൂപ്പർ കംപ്യൂട്ടറിന് സ്വന്തം. സെക്കൻഡിൽ ഒരു ക്വിൻടില്ല്യൺ ഫ്ലോട്ടിങ് പോയിന്റ് ഓപ്പറേഷൻസ് നടത്താനുള്ള ശേഷിയുള്ള ഈ സൂപ്പർ കംപ്യൂട്ടർ തമോഗർത്ത പഠനത്തിൽ മുതൽ ക്ലൈമറ്റ് മോഡലിങ്ങിൽ വരെ പ്രയോജനപ്പെടുത്താം. ഓക്റിജ് നാഷനൽ ലബോറട്ടറിക്ക് വേണ്ടി ഹ്യൂലെറ്റ് പക്കാഡ് എന്റർപ്രൈസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്.
വ്യാഴ രഹസ്യങ്ങൾ തേടി ജ്യൂസ്
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പിനു സാധ്യതയുണ്ടോ എന്ന ചോദ്യത്തിനുത്തരം തേടി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജ്യൂസ് (ജൂപ്പിറ്റർ ഐസീ മൂൺസ് എക്സ്പ്ലോറർ) പേടകം ഏപ്രിൽ 14ന് ഭൂമിയിൽ നിന്ന് യാത്ര തിരിച്ചു. എട്ടു വർഷത്തിനു ശേഷമാണ് ഇത് വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനമീഡിന്റെ ഭ്രമണപഥത്തിൽ എത്തുക. വ്യാഴത്തിന്റെ പുതിയ 12 ഉപഗ്രഹങ്ങളെക്കൂടി ഈ വർഷം കണ്ടെത്തിയിരുന്നു.
പ്രപഞ്ചത്തിന്റെ മൂളിപ്പാട്ടായി ഗുരുത്വ തരംഗങ്ങൾ
പ്രപഞ്ചമാകെ ആവൃത്തി കുറഞ്ഞ ഗുരുത്വ തരംഗങ്ങളാൽ മുഖരിതമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പൾസാർ ടൈമിങ് അറേ പരീക്ഷണം. സൂര്യനെക്കാൾ ശതകോടിക്കണക്കിനു മാസുള്ള തമോഗർത്ത ജോടികളിൽ നിന്ന് ഉദ്ഭവിക്കുന്ന നാനോ ഹെർട്സ് ആവൃത്തിയുള്ള ഗുരുത്വ തരംഗങ്ങളെ പ്രപഞ്ചത്തിന്റെ മൂളൽ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. പൾസാറുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ ഉദ്ഭവിക്കുന്ന റേഡിയോ സ്പന്ദനങ്ങൾ ഭൂമിയിൽ എത്തുന്ന സമയത്ത് ഗുരുത്വ തരംഗങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ മാറ്റം നിരീക്ഷിച്ച് കഴിഞ്ഞ 25 വർഷമായി തുടർന്ന പരീക്ഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
പുതിയ ഐസ് രൂപങ്ങൾ
വാഷിങ്‌ടൻ സർവകലാശാലാ ഗവേഷകർ പരീക്ഷണശാലയിൽ സവിശേഷ സാഹചര്യങ്ങളിൽ ഉപ്പുവെള്ളത്തിന്റെ 2 ഐസ് രൂപങ്ങൾ നിർമിച്ചെടുത്തു. ഇവയ്ക്ക് സമാനമായവ സൗരയൂഥത്തിലെ മഞ്ഞുറഞ്ഞ വിദൂര ഉപഗ്രഹങ്ങളിൽ കാണുമെന്നാണ് അനുമാനം. സാധാരണ സോഡിയം ക്ലോറൈഡ് ഹൈഡ്രേറ്റുകളുടെ ലളിതമായ ഘടനയിൽ രണ്ട് ജല തന്മാത്രകൾക്ക് ഒരു സോഡിയം ക്ലോറൈഡ് തന്മാത്ര എന്ന തോതിലാണ് അടങ്ങിയിരിക്കുക. പക്ഷേ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ഐസ് രൂപങ്ങൾ.
വിത്തുകോശങ്ങളിൽ നിന്ന് സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങൾ!
പരീക്ഷണശാലയിൽ മനുഷ്യഭ്രൂണ സമാന ഘടനകൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് കേംബ്രിജ് സർവകലാശാലാ ഗവേഷകരും ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകരും. ഭ്രൂണവിത്തുകോശങ്ങളെ റീപ്രോഗ്രാം ചെയ്ത് വികസിപ്പിച്ചെടുത്ത ഭ്രൂണസമാന ഘടനകൾ 14 ദിവസം ലാബിൽ വളർത്തി. ഭ്രൂണവികാസത്തിന്റെ സൂക്ഷ്മതലങ്ങളിലേക്കു വെളിച്ചം വീശാൻ ഈ ഗവേഷണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. സ്വാഭാവിക ഭ്രൂണങ്ങൾ ഉപയോഗിച്ച് ഇത്തരം ഗവേഷണങ്ങൾക്ക് പരിമിതിയുണ്ട്.
കൃത്രിമ ഡിഎൻഎ ഉള്ള യീസ്റ്റ്
50 ശതമാനത്തിലധികം കൃത്രിമ ഡിഎൻഎ അടങ്ങിയ യീസ്റ്റ്! ഇത് അതിജീവിക്കുകയും പെരുകുകയും ചെയ്തു! എസ് സി 2.0 എന്നറിയപ്പെടുന്ന, ഒരു കൂട്ടം ലാബുകളുടെ സംയുക്ത ഗവേഷണമാണിത്. കഴിഞ്ഞ 15 വർഷമായി തുടരുന്ന ഗവേഷണത്തിലെ നിർണായക ചുവടുവയ്പ്. പുതുതലമുറ ഔഷധങ്ങൾ, ഇന്ധനങ്ങൾ എന്നിങ്ങനെ സാധ്യതകൾ നിരവധി.