കരസേനയുടെ യുദ്ധക്കരുത്തിൽ അടിപതറി വീണ പാക്കിസ്ഥാൻ: എന്നെന്നും തിളങ്ങി ഹിലിയിലെ പോരാട്ടം
Mail This Article
ലോകത്തെ എണ്ണം പറഞ്ഞ സൈനികശക്തികളിലൊന്നായ ഇന്ത്യ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം കരസേന കരുത്ത് കാട്ടിയിട്ടുണ്ട്. അവിശ്വസനീയമെന്നു പോലും തോന്നിയ ഒട്ടേറെ ദൗത്യങ്ങൾ വിജയിപ്പിച്ച സേന രാജ്യത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. നമുക്ക് ഇന്ത്യൻ ആർമിയുടെ ഒരു മാസ്മരിക പോരാട്ടത്തെപ്പറ്റി പഠിച്ചാലോ.. അതിന്റെ പേരാണ് ഹിലിയിലെ പോരാട്ടം അഥവാ ‘ബാറ്റിൽ ഓഫ് ഹിലി’. ഇന്ത്യൻ ചരിത്രത്തിലെ തിളക്കമാർന്ന യുദ്ധമായ 1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിന്റെ ഭാഗമാണ് ഇത്.എന്നാൽ ഇതിനു മറ്റൊരു പ്രത്യേകതയുണ്ട് .1971 യുദ്ധം ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപാണ് ഹിലിയിലെ പോരാട്ടം. ബംഗ്ലാ വിമോചനയുദ്ധത്തിൽ പാക്കിസ്ഥാനു പരാജയം സംഭവിച്ചിട്ടും ഈ പോരാട്ടം തുടർന്നു.നവംബർ 22–24, ഡിസംബർ 10–11 തുടങ്ങി വിവിധ ഘട്ടങ്ങളായി തുടർന്ന പോരാട്ടങ്ങൾ ഡിസംബർ 18ന് പരിസമാപ്തിയിലെത്തി.
ഇപ്പോഴത്തെ ഇന്ത്യ–ബംഗ്ലദേശ് അതിർത്തി, അതായത് പണ്ടത്തെ ഇന്ത്യ–കിഴക്കൻ പാക്കിസ്ഥാൻ അതിർത്തിയിലായിരുന്നു ഹിലി സ്ഥിതി ചെയ്തിരുന്നത്. ഒരു ഭാഗം ഇന്ത്യയിലും ഒരു ഭാഗം പാക്കിസ്ഥാനിലും പട്ടണപ്രദേശമായിരുന്നു ഇന്ത്യൻ മേഖല.പാക്ക് മേഖലയിൽ ഗ്രാമങ്ങളും പാടങ്ങളുമായിരുന്നു കൂടുതൽ.അന്നു കിഴക്കൻ പാക്കിസ്ഥാന്റെ വടക്കൻ മേഖലയിലെ പ്രധാന സൈനിക, വാണിജ്യ, ആശയവിനിമയ കേന്ദ്രമായിരുന്നു ബോഗ്ര എന്ന നഗരം. ബോഗ്ര പിടിച്ചാൽ വടക്കൻ മേഖലയെ വരുതിയിൽ നിർത്താമെന്ന് ഇന്ത്യൻ സേന കണക്കു കൂട്ടിയിരുന്നു. ഇതിനു ഹില്ലിയിലൂടെ കടന്നു പോകണം. കരസേനയുടെ 20 മൗണ്ടൻ ഡിവിഷനു കീഴിലുള്ള വിവിധ ബ്രിഗേഡുകളാണ് ഹിലി പോരാട്ടത്തിൽ പങ്കെടുത്തത്. 1947ലെ യുദ്ധനായകനായ മേജർ ജനറൽ ലക്ഷ്മൺ സിങ്ങായിരുന്നു ഡിവിഷന്റെ തലവൻ.കരസേനാ യൂണിറ്റായ എയ്റ്റ് ഗാർഡ്സിനായിരുന്നു ഹിലിയിലെ സൈനിക കേന്ദ്രങ്ങളിൽ ആദ്യ ആക്രമണം നടത്താനുള്ള ചുമതല. പിൽക്കാലത്ത് മേജർ ജനറൽ എന്ന അത്യുന്നത സൈനിക പദവിയിലെത്തിയ ഷംഷേർ സിങ്ങായിരുന്നു എയ്റ്റ് ഗാർഡ്സിന്റെ കമാൻഡർ.അന്ന് ലഫ്റ്റന്റ് കേണലായിരുന്നു ഷംഷേർ. ഒരുപാടു ചിന്തകൾക്കും ചർച്ചകൾക്കും ശേഷം നവംബർ 22–23 തീയതികളിൽ ആക്രമണം നടത്താൻ നിശ്ചയിച്ചു. ബംഗ്ലാ വിമോചന യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതിനു 10 ദിവസങ്ങൾ മുൻപ്.
ഹിലി അന്ന് പാക്കിസ്ഥാന്റെ ഉരുക്കുകോട്ടയാണ്. കാലാൾ മുതൽ ആർട്ടിലറി ഷെല്ലുകളും മെഷീൻ ഗണ്ണുകളും വരെ എല്ലാവിധ ആയുധ സന്നാഹവുമൊരുക്കി പാക്ക് സൈന്യം അവിടെ കാവൽ നിന്നു. ഹിലിക്ക് വടക്കുള്ള മോരപാരയിലാണ് എയ്റ്റ് ഗാർഡ്സ് ആദ്യ ആക്രമണം നടത്താൻ ലക്ഷ്യമിട്ടത്. പാക്കിസ്ഥാന്റെ വലിയ ഒരു ബ്രിഗേഡിനെതിരെ ഒരു ബറ്റാലിയൻ സൈനികർ. ധീരത മാത്രം കൈമുതലാക്കിയുള്ള ഒരാക്രമണമായിരുന്നു അത്.
സൈനികർക്ക് എയർക്രാഫ്റ്റുകളുടെയോ ആർട്ടിലറി യൂണിറ്റുകളുടെയോ പിന്തുണയുണ്ടായിരുന്നില്ല. ബ്രിഗേഡിയർ താജമാൽ മാലിക് എന്ന പാക്ക് സൈന്യാധിപനായിരുന്നു പാക്കിസ്ഥാൻ പടയുടെ ചുമതല. കടുത്ത ഇന്ത്യാവിരുദ്ധത പുലർത്തിയിരുന്ന ആളാണ് താജമാൽ.
വെള്ളവും ചളിയും നിറഞ്ഞ ഒരു ചതുപ്പു പ്രദേശം കടന്നായിരുന്നു മോരപാരയിലെത്തേണ്ടത്. ചതുപ്പുപ്രദേശത്തു കൂടി ടാങ്കുകൾ ഉപയോഗിക്കാൻ സാധിക്കില്ല. അരയോളം വെള്ളത്തിൽ ഇന്ത്യൻ സൈനികർ യാത്ര തുടങ്ങി. ശ്വാസമടക്കിപ്പിടിച്ച് ഒരു ശബ്ദം പോലും കേൾപ്പിക്കാതെ. എന്നാൽ കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ശത്രു അവരുടെ വരവ് തിരിച്ചറിഞ്ഞു. ശത്രുപാളയത്തിൽ നിന്നും മെഷീൻ ഗണ്ണുകൾ ഗർജിച്ചു. ഇടതടവില്ലാതെ തീയുണ്ടകൾ ഇന്ത്യൻ സൈനികർക്കു നേർക്കു പറന്നു വന്നു. ഓഫിസർമാരും ജവാൻമാരും ഉൾപ്പെടെ ഒട്ടേറെപേർ അവിടെ മരിച്ചുവീണു. കുറേയേറെപ്പേർ ആശുപത്രിയിലായി. മേജർ എച്ച്.ഡി.മഞ്ചരേക്കർ എന്ന മുംബൈയിൽ നിന്നുള്ള ഓഫിസറാണ് ഹിലി പോരാട്ടത്തിൽ ആദ്യമായി വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥൻ. നിരവധി തവണ വെടിയേറ്റിട്ടും താഴെ വീഴാൻ കൂട്ടാക്കാതെ അദ്ദേഹം മുന്നോട്ടു തന്നെ കുതിച്ചു. മരിക്കുന്നതിനു നിമിഷങ്ങൾ മുൻപും ശത്രുവിന്റെ ഒരു ബങ്കർ ഗ്രനേഡ് ആക്രമണത്തിൽ മഞ്ചരേക്കർ തകർത്തു. ഇത്തരത്തിൽ എത്രയോ ധീരൻമാർ.
നവംബർ 23നു മോരപാരയ്ക്കു സമീപം തന്ത്രപ്രധാനമായ ഒരു മേഖല ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. അവിടെ നിന്നു കൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമത്തെ പാക്കിസ്ഥാൻ പട്ടാളം ഭീകരമായി എതിർത്തു. തുടർന്ന് ഒരു ദിവസവും രാത്രിയും പിന്നിട്ട ഇടതടവില്ലാത്ത വെടിവയ്പും ഷെല്ലിങ്ങും. ഒടുവിൽ 24നു പത്തു മണിയോടെ മോരപാര ഇന്ത്യൻ സൈന്യത്തിന്റെ അധീനതയിലായി.ഹിലി പോരാട്ടത്തിന്റെ ആദ്യഘട്ടം ഇന്ത്യ വിജയിച്ചു. വളരെ നിർണായകമായ വിജയമായിരുന്നു ഇത്. രണ്ടാം പോരാട്ടം തുടങ്ങിയത് ഡിസംബർ പത്തിനു രാത്രിയിലാണ്. 202 മൗണ്ടൻ ബ്രിഗേഡിനൊപ്പം മറാത്ത, ഗഡ്‌വാൾ റെജിമെന്റുകൾ എന്നിവയും അണിനിരന്നു. അഞ്ചിടത്താണ് ഏറ്റുമുട്ടലുണ്ടായത്.ചാന്ദിപ്പുർ, ഡംഗപ്പാറ, ഹക്കിംപുർ, പാക്ക് ഹില്ലി, ഹൈസ്കൂൾ എന്നിവിടങ്ങളിൽ.അഞ്ചിടത്തും ഇന്ത്യൻ സേന വിജയിച്ചു. ഒടുവിൽ ഹിലി ഇന്ത്യൻ സേനയുടെ കരുത്തിനു മുന്നിൽ വീണു. ബോഗ്രയും താമസിയാതെ ഇന്ത്യൻ നിയന്ത്രണത്തിലായി. വിലപ്പെട്ട 70 ഇന്ത്യൻ സൈനികരുടെ ജീവൻ രാജ്യത്തിനു ഈ പോരാട്ടത്തിൽ നഷ്ടമായി. ഇവരിൽ നാല് ഓഫിസർമാരും ഉൾപ്പെടും.