മറ്റൊരാളിന്റെ മനസ് വായിക്കാം: സത്യമോ മിഥ്യയോ ‘ടെലിപ്പതി’?
Mail This Article
ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ്എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്‌ക് കഴിഞ്ഞ ദിവസം ഒരു വലിയ വെളിപ്പെടുത്തൽ നടത്തി. ഒരാളുടെ തലച്ചോറിൽ ഇംപ്ലാന്റുകൾ സ്ഥാപിച്ച ശേഷം അയാൾക്ക് മനസ്സു കൊണ്ട് മൊബൈൽ സംവിധാനങ്ങളെയും മറ്റും നിയന്ത്രിക്കാൻ അവസരമൊരുക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. മറ്റൊരാളിന്റെ മനസ്സിലെ ചിന്തകൾ ന്യൂറോൺ റീഡിങ്ങുകളുപയോഗിച്ച് മനസ്സിലാക്കുന്ന നിലയിലേക്കും ഇതെത്തിയേക്കാം. ടെലിപ്പതി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്ന ആളല്ല ഇലോൺ മസ്‌ക്. ഒരുപാട് കാലമായി പ്രചാരത്തിലുള്ള വാക്കാണ് ടെലിപ്പതി. എക്‌സ്ട്ര സെൻസറി പെർസപ്ഷൻ എന്നും ഇതിനു പേരുണ്ട്. പ്രത്യേകിച്ച് മാധ്യമങ്ങളൊന്നും ഉപയോഗിക്കാതെ രണ്ട് പേർ തമ്മിൽ തലച്ചോർ ഉപയോഗിച്ച് ആശയവിനിമയം നടത്തുക എന്നതാണ് ടെലിപ്പതിയുടെ വിശദീകരണം.
ടെലിപ്പതി സത്യമാണോ ഇല്ലയോ എന്നതു സംബന്ധിച്ച് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണവുമില്ല. 1882 ൽ ഫ്രെഡറിക് മയേഴ്‌സ് എന്ന പണ്ഡിതനാണ് ടെലിപ്പതിയെന്ന വാക്ക് ഉപയോഗിച്ചത്. മയേഴ്‌സ് കൂടി അംഗമായ സൊസൈറ്റി ഓഫ് ഫിസിക്കൽ റിസർച്ചാണ് ഈ വാക്കിനു വലിയ പ്രചാരം നൽകിയത്. ഇവരുടെ ശ്രമഫലമായി അന്നത്തെ പാശ്ചാത്യ നാടുകളിൽ ടെലിപ്പതിയെക്കുറിച്ചുള്ള മിത്തുകൾ വളരെയേറെ പ്രചരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് മെന്റലിസ്റ്റായ വാഷിങ്ടൻ ഇർവിങ്, മജീഷ്യൻ സ്റ്റുവർട്ട് കുംബർലാൻഡ് തുടങ്ങിയവർ ടെലിപ്പതിയെന്നു സംശയം തോന്നിക്കാവുന്ന പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇവർ നിരീക്ഷണവും മറ്റു ചില നൈപുണ്യങ്ങളുമുപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രീറി സഹോദരിമാർ, ജോർജ് ആൽബർട് സ്മിത്ത്, ഡഗ്ലസ് ബ്ലാക്ക്‌ബേൺ തുടങ്ങിയവർക്ക് ടെലിപ്പതി കഴിവുണ്ടെന്നു കരുതി സൊസൈറ്റി ഓഫ് ഫിസിക്കൽ റിസർച് പരീക്ഷണങ്ങൾ നടത്തിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. ശാസ്ത്രീയമായി നിരവധി പരീക്ഷണങ്ങൾ ടെലിപ്പതിയെപ്പറ്റി നടത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഫലപ്രാപ്തി നേടിയിട്ടില്ല. എന്നാൽ ധാരാളം സയൻസ് ഫിക്‌ഷൻ നോവലുകളിലും മറ്റും ഇതേപ്പറ്റി പരാമർശം ഉണ്ട്.