ഏഴാം തവണയും ഏറ്റവും സന്തോഷം; ആനന്ദപ്പട്ടികയിൽ ഒന്നാം റാങ്ക് നേടി ഫിൻലൻഡ്
Mail This Article
ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാം സ്ഥാനം അടിച്ചെടുത്തു കേട്ടോ. ഏഴാം തവണയാണ് ഫിൻലൻഡ് മുന്നിലെത്തിയത്. എല്ലാ വർഷവും രാജ്യാന്തര ഹാപ്പിനെസ് ദിനത്തിനു മുമ്പായാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്കാണ് ഇതിന്റെ വിലയിരുത്തലുകൾ നടത്തുന്നത്.ജിഡിപി മുതൽ ആരോഗ്യനിലവാരം വരെ ഇതിനായി പരിഗണിക്കും. എന്തുകൊണ്ടാണ് ഫിൻലൻഡിൽ ഇത്രയും സന്തോഷം? എന്തു കൊണ്ടാണ് 5 തവണയായി ഈ പട്ടികയിൽ അവർ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അതിശൈത്യവും ആറുമാസത്തോളം ഇരുണ്ട സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയുമൊക്കെ ഫിൻലൻഡിലുണ്ട്. എന്നാൽ ഇതൊന്നും ഫിന്നിഷുകാരുടെ സന്തോഷം കെടുത്തുന്നില്ല. ഏതു കാലാവസ്ഥയിലും തങ്ങളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാൻ ഫിൻലൻഡുകാർക്ക് അറിയാം.
രണ്ടാമത്തെ കാര്യം പ്രകൃതിഭംഗിയാണ്. നല്ല ഇടതൂർന്ന കാടുകളും തെളിഞ്ഞ തടാകങ്ങളുമൊക്കെ ഫിൻലൻഡിൽ ധാരാളമുണ്ട്. പ്രകൃതി മനോഹരമായിരിക്കുന്നിടത്ത് അതു മനുഷ്യ മനസ്സുകളെയും സ്വാധീനിക്കുന്നുണ്ടാകാം. അതും ഫിൻലൻഡുകാരുടെ സന്തോഷത്തിന് സംഭാവനകൾ നൽകുന്നുണ്ടാകാം. മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളെയും യുഎസിനെയുമൊക്കെ അപേക്ഷിച്ച് മത്സരം കുറഞ്ഞ സമൂഹമാണത്രേ ഫിൻലൻഡ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള മത്സരത്തേക്കാൾ പരസ്പര സഹകരണത്തിനാണു ഫിൻലൻഡുകാർക്കു താൽപര്യം. അതേ പോലെ തന്നെ കുറഞ്ഞ കുറ്റകൃത്യ നിരക്കുകളാണ് ഫിൻലൻഡിൽ. ഇതുമൂലം ആളുകൾക്ക് സുരക്ഷിതത്വബോധം കൂടുതലാണ്. അവരുടെ ആരോഗ്യമേഖലയും സുശക്തമാണ്.സന്തോഷം കൂട്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. തുല്യത.
ഫിൻലൻഡിൽ അധികമാൾക്കാരും മധ്യവർഗമാണ്. ദരിദ്രരുടെ ശതമാനം വളരെ കുറവാണ്. അതു മൂലം സമൂഹത്തിൽ ഒരു തുല്യതാബോധം നിലനിൽക്കുന്നു. ഇതും ഫിൻലൻഡുകാരുടെ ആനന്ദത്തിന് ഒരു കാരണമാണ്.
∙കിടിലൻ വിദ്യാഭ്യാസം
ലോകമെങ്ങും പെരുമ നേടിയതാണ് ഫിന്നിഷ് വിദ്യാഭ്യാസം. ഇവിടത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ പരീക്ഷകൾ ഇല്ല. ഇടയ്ക്കിടെ നടത്തുന്ന സബ്ജക്ട് ടെസ്റ്റുകളോ, അസൈൻമെന്‌റുകളോ ഇല്ല. ഹോംവർക്കുകൾ വളരെ കുറവ്. പ്രായോഗികതയ്ക്ക് ഊന്നൽ നൽകിയുള്ള പഠനമാണ് ഇവിടെ. ബിരുദപ്രവേശനത്തിനു മുൻപ് ഒരു പരീക്ഷ മാത്രം വിദ്യാർഥികൾ എഴുതിയാൽ മതിയാകും. പലരും ഈ പരീക്ഷ എഴുതുന്നത് ശരാശരി 19 വയസ്സിലാണ്.
സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ സംവിധാനങ്ങളുള്ള രാജ്യമായാണ് ഫിൻലൻഡ് വിലയിരുത്തപ്പെടുന്നത്. ശ്രദ്ധേയമായ ഒരുപാട് വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ഈ വടക്കൻ യൂറോപ്യൻ രാജ്യം, ലോകത്തെ സ്‌കൂൾവിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്ന പിസ (പ്രോഗ്രാം ഫോർ ഇന്റർനാഷനൽ സ്‌കൂൾ അസസ്മെന്റ്) പട്ടികയിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുമുണ്ട്.
വിഷയങ്ങൾ പഠിപ്പിച്ചു പോകുന്ന പരമ്പരാഗത ശൈലിക്കു പകരം വിജ്ഞാനം കുട്ടികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണു ഫിൻലൻഡിലെ അധ്യാപനം. ഇൻക്വയറി ബേസ്ഡ് മോഡൽ, അഥവാ ചോദ്യങ്ങൾ ചോദിച്ച്, ചോദ്യങ്ങൾ വഴി വിഷയങ്ങൾ പഠിപ്പിക്കുക എന്ന ശൈലിയാണ് ഫിൻലൻഡിലെ സ്‌കൂളുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ തീമുകളായി തിരിച്ചാകും അധ്യാപനം.
∙ ഇപ്പോഴിച്ചിരി പേടിയുണ്ട്
എന്നാൽ റഷ്യയുടെ സമീപമേഖലയിൽ ഉൾപ്പെട്ട ഫിൻലൻഡ് സമൂഹത്തിൽ റഷ്യ–യുക്രെയ്ൻ യുദ്ധം അൽപം പേടിയുണ്ടാക്കിയിട്ടുണ്ടായിരുന്നു.. പോളണ്ട്, ഫിൻലൻഡ്, സ്വീഡൻ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കാനുള്ള സാധ്യതകൾ രാജ്യാന്തര പ്രതിരോധ ഗവേഷകർ മുന്നോട്ടുവച്ചിരുന്നു. ഇടയ്ക്ക് ഫിൻലൻഡ് നാറ്റോയിൽ ചേരാൻ തീരുമാനിച്ചു. എന്നാൽ ഫിൻലൻഡിനൊരു താക്കീതെന്ന നിലയിൽ റഷ്യയിൽ നിന്നു രാജ്യത്തേക്കുള്ള വൈദ്യുതിവിതരണം അന്നു റഷ്യ നിർത്തിവച്ചിരുന്നു.റഷ്യയിൽ നിന്ന് ഒരു ആണവ ആക്രമണം ഉണ്ടാകുന്ന സാധ്യത ഫിൻലൻഡ് ഭയപ്പെട്ടിരുന്നു. ഇത്തരമൊരു ആക്രമണം ഉണ്ടായാൽ ജനങ്ങളെ രക്ഷിക്കാനായി ഒരു വമ്പൻ ഭൂഗർഭനഗരം തലസ്ഥാനനഗരമായ ഹെൽസിങ്കിയുടെ താഴെ ഫിൻലൻഡ് പണിതെന്നും ഇടയ്ക്ക് വിവരങ്ങൾ പുറത്തുവന്നിരുന്നു.