9000 കിലോമീറ്റർ, വേണ്ടത് 8 ദിവസങ്ങൾ; ലോകത്തെ ഏറ്റവും ദൂരമുള്ള ട്രെയിൻയാത്ര
Mail This Article
ട്രെയിനുകൾ നമുക്ക് ചിരപരിചിതമായ സഞ്ചാരമാർഗമാണ്. ഒരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്യാത്ത കൂട്ടുകാരും വളരെക്കുറവായിരിക്കും അല്ലേ. ചില ട്രെയിൻ റൂട്ടുകൾ ദൂരം കുറഞ്ഞവയാണ്. എന്നാൽ ചിലത് ദീർഘദൂരമുള്ളതും. ലോകത്തിലെ ഏറ്റവും ദീർഘമായ റെയിൽവേ റൂട്ട് ഏതാണെന്നറിയാമോ? അതിന്റെ പേരാണ് ട്രാൻസ് സൈബീരിയൻ റെയിൽവേ അഥവാ ഗ്രേറ്റ് സൈബീരിയൻ റൂട്ട്. ചുരുക്കി ട്രാൻസിബ് എന്നും ഇതിനെ വിളിക്കാറുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ ഈ റൂട്ട് റഷ്യയിലാണ്. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയിൽ നിന്നും റഷ്യയുടെ വിദൂര കിഴക്കൻ ഭാഗത്തെ പട്ടണമായ വ്‌ലാഡിവോസ്‌റ്റോക് വരെ നീളുന്ന ഈ റെയിൽവേ ലൈനിന്റെ നീളം 9289 കിലോമീറ്ററാണ്.
1891 മുതൽ 1916 വരെയുള്ള കാലയളവിലെ വിവിധ റഷ്യൻ സർക്കാരുകളാണ് ഈ റെയിൽവേ സംവിധാനം നിർമിച്ചത്. സാർ ചക്രവർത്തിയായ അലക്‌സാണ്ടർ മൂന്നാമന്റെ കാലത്താണ് ഈ റെയിൽവേയുടെ നിർമാണം തുടങ്ങിയത്. റഷ്യയുടെ പൊതുഗതാഗത, ചരക്കുനീക്ക സംവിധാനങ്ങൾ അന്നു പ്രതിസന്ധി നേരിട്ടിരുന്നു. ചരക്കുനീക്കത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന നദികൾ മഞ്ഞുകാലത്ത് ഉറയുന്നത് പ്രധാന പ്രശ്‌നമായിരുന്നു. ഇതു ചരക്കുനീക്കത്തെയും വിപണികളെയും സാരമായി ബാധിച്ചു. അങ്ങനെയാണ് ഈ റെയിൽവേയുടെ പദ്ധതിയിലേക്കു സാർ ചക്രവർത്തി എത്തിച്ചേർന്നത്.
ഏഴു മുതൽ എട്ടുദിവസം വരെയെടുക്കും ഈ റൂട്ടിൽ യാത്ര പൂർണമാക്കാൻ.100-099, റോസിയ എന്നിങ്ങനെ പേരുകളുള്ള രണ്ട് ട്രെയിനുകളാണ് ഈ റൂട്ടിൽ ഓടുന്നത്. നൂറിലധികം സ്‌റ്റോപ്പുകളും തൊണ്ണൂറിലധികം നഗരങ്ങളും കടന്നാണ് ഈ ട്രെയിനുകൾ യാത്ര നടത്തുന്നത്. ട്രാൻസ് സൈബീരിയൻ റൂട്ടുമായി ബന്ധിക്കപ്പെട്ട് ട്രാൻസ് മംഗോളിയൻ, ട്രാൻസ് മഞ്ചൂറിയൻ എന്നിങ്ങനെ റെയിൽറൂട്ടുകളും പോകുന്നുണ്ട്. ഇരുറൂട്ടുകളും ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെത്തിയാണ് അവസാനിക്കുന്നത്.