അടിമത്തം നിർത്തലാക്കിയതറിയാത്ത അടിമകൾ! എന്താണ് ജൂൺടീൻത്? മോചനമറിഞ്ഞ ദിവസം
Mail This Article
ഇന്ന് യുഎസിലുള്ളവർക്ക് ജൂൺടീൻതാണ്. പ്രത്യേകിച്ച് അവിടത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് വളരെ വൈകാരികമായ ഒരു ദിവസം. അടിമത്തം എന്ന അത്യന്തം മോശമായ സാമൂഹിക പ്രവണതയുടെ ചൂഷണങ്ങളുടെ ഓർമപ്പെടുത്തലാണ് ജൂൺടീൻത്. പതിനേഴാം നൂറ്റാണ്ടിലാണ് യുഎസിൽ അടിമത്തം
തുടങ്ങിയതെന്ന് കരുതപ്പെടുന്നു. അന്നായിരുന്നു യുഎസിലെ ഇംഗ്ലിഷ് കോളനിയായ ജെയിംസ്ടൗണിലേക്ക് (വെർജീനിയ) ആഫ്രിക്കൻ അടിമകളെ കൊണ്ടുവന്ന കാലം. 1619ൽ ആയിരുന്നു അത്. കൃത്യമായി കൂലികൊടുക്കാത്ത ജോലിയെടുപ്പിക്കലിലൂടെയാണ് അടിമത്തം ഇവിടെ വളർന്നത്. യുഎസിന്റെ തെക്കുഭാഗത്തുള്ള കുടിയേറ്റ കോളനികളിൽ പുകയില, അരി, കോട്ടൺ തുടങ്ങിയവയുടെ കൃഷി വൻതോതിലുണ്ടായിരുന്നു. ഇവിടങ്ങളിൽ അടിമത്തം വളരെ പ്രബലമായി. അമേരിക്കൻ വിപ്ലവം (1775-1783) മനുഷ്യാവകാശങ്ങളെക്കുറിച്ച് അലകളുയർത്തിയാണ് സംഭവിച്ചത്. എല്ലാ മനുഷ്യരും തുല്യരാണെന്നതായിരുന്നു ഈ കാലഘട്ടത്തിൽ യുഎസിൽ ഉയർന്ന ഒരു മുദ്രാവാക്യം. അടിമത്തത്തെ പ്രതികൂലിച്ചവർ ഈ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു.
എന്നാൽ യുഎസിൽ അപ്പോഴും അടിമത്തം ശക്തമായി നിലനിന്നു. വടക്കൻ സംസ്ഥാനങ്ങളിൽ പലതും മാറി ചിന്തിക്കാൻ തുടങ്ങിയിരുന്നു. ഈ സംസ്ഥാനങ്ങളിൽ പലതും അടിമത്തം നിരോധിച്ചു. അപ്പോഴും യുഎസ് ഭരണഘടനയിൽ അടിമത്തം ഇല്ലാതെയായിരുന്നില്ല. ത്രീ ഫിഫ്ത്ത് കോംപ്രമൈസ് എന്നൊരു ഉടമ്പടി ഭരണഘടനയിൽ കൊണ്ടുവന്നു. അടിമകൾക്ക് സാധാരണ മനുഷ്യരുടെ അഞ്ചിൽ മൂന്ന് അവകാശം എന്ന് ഇതു വ്യവസ്ഥ ചെയ്തു. ഇതിനിടെ യുഎസിന്റെ വടക്കൻ സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ അടിമത്തത്തിന്റെ കാര്യത്തിൽ ഉരസലുകൾ തുടർന്നു. 1793ൽ കോട്ടൺ വേർതിരിക്കുന്ന യന്ത്രം കണ്ടെത്തിയത് പരുത്തിക്കൃഷി വ്യാപിപ്പിച്ചു. ഇതു തെക്കൻ സംസ്ഥാനങ്ങളിൽ അടിമത്തത്തിന്റെ തോത് കൂട്ടി.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അടിമത്ത വിരുദ്ധ പ്രക്ഷോഭങ്ങൾ യുഎസിൽ വളരെ ശക്തമായി. ല്യോഡ് ഗാരിസൻ എന്ന സാമൂഹിക പ്രവർത്തകൻ ദ ലിബറേറ്റർ എന്ന പേരിൽ അടിമത്തവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പത്രം തുടങ്ങി. രക്ഷപ്പെട്ട ഒരടിമയും പിന്നീട് സാമൂഹികപ്രവർത്തകനുമായ ഫ്രഡറിക് ഡഗ്ലസ് ഈ പോരാട്ടത്തിന്റെ മറ്റൊരു മുഖമായിരുന്നു. ഹാരിയറ്റ് ബീച്ചർ എഴുതിയ അങ്കിൾ ടോംസ് ക്യാബിൻ അടിമത്ത വിരുദ്ധ സന്ദേശങ്ങൾ മുന്നോട്ടുവച്ച മികച്ച കൃതിയായി. 1860ൽ ഏബ്രഹാം ലിങ്കൻ യുഎസ് പ്രസിഡന്റായതോടെ അടിമത്ത വിരുദ്ധ പ്രവർത്തനം വളരെയേറെ ശക്തി പ്രാപിച്ചു. സൗത്ത് കാരലിന എന്ന യുഎസ് സംസ്ഥാനം യുഎസിൽ നിന്നു പിരിയുന്നതായി പ്രഖ്യാപിച്ചു. മറ്റു പല തെക്കൻ സംസ്ഥാനങ്ങളും ഈ വഴി പിന്തുടർന്നു. അവർ കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് എന്ന പേരിൽ പുതിയൊരു യൂണിയൻ ഉണ്ടാക്കി. 1861ൽ വടക്കൻ സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ ആഭ്യന്തരയുദ്ധം തുടങ്ങി.
1863 ജനുവരി ഒന്നിന് ലിങ്കൻ ഇമാൻസിപേഷൻ പ്രൊക്ലെമേഷൻ എന്ന വിളംബരം പുറപ്പെടുവിച്ചു. കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിലുൾപ്പെടെ അടിമത്തം നിരോധിക്കുന്നതായിരുന്നു ആ വിളംബരം. എന്നാൽ ഇക്കാര്യം ടെക്സസിലുള്ളവർ അറിഞ്ഞിരുന്നില്ല.1865 ഏപ്രിലിൽ ഏബ്രഹാം ലിങ്കൻ നേതൃത്വം നൽകിയ യൂണിയൻ സംസ്ഥാനങ്ങൾ ആഭ്യന്തരയുദ്ധം വിജയിക്കുകയും കോൺഫെഡറേറ്റ് സംസ്ഥാനങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെ യുഎസിൽ അടിമത്തം ദുർബലമായി.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും ടെക്സസിൽ അടിമത്തം തുടർന്നിരുന്നു. ഇമാൻസിപ്പേഷൻ പ്രൊക്ലമേഷനെക്കുറിച്ചോ അടിമത്തം തീർന്നതോ ഇവിടെ അടിമയാക്കപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വംശജർ അറിഞ്ഞിരുന്നില്ല. ടെക്സസ് യുഎസിന്റെ തെക്കേയറ്റത്തുള്ള സംസ്ഥാനമായിരുന്നു. അടിമത്തം ദുർബലമാകുന്നതൊന്നും ഇവിടുള്ള ചൂഷകരായ ഉടമകൾ അടിമകളെ അറിയിച്ചിരുന്നില്ല. ഒടുവിൽ യൂണിയൻ ആർമി നേരിട്ടുവന്നാണ് ഈ കാര്യം അറിയിക്കുന്നത്. 1865 ജൂൺ 19ന് ആയിരുന്നു ഇത്. ഈ ദിവസം ജൂൺടീൻത് എന്ന പേരിൽ യുഎസ് പൗരൻമാർ, പ്രത്യേകിച്ച് ആഫ്രിക്കൻ അമേരിക്കൻ വംശജർ ആഘോഷിച്ച് പോരുന്നു.