ശതകോടികൾ വിറ്റുവരവുള്ള കമ്പനി; പക്ഷേ പബ്ലിസിറ്റിയിഷ്ടമല്ല; അറിയാം മനുഷ്യരുടെ മാനം കാക്കുന്ന YKK
Mail This Article
നിങ്ങളുടെ മാനം കാത്തുസൂക്ഷിക്കുന്നത് 10 ബില്യൻ ഡോളർ വിറ്റുവരവുള്ള ഒരു ഒരു ജാപ്പനീസ് കമ്പനിയാണ്!! അതെങ്ങനെയെന്ന ചോദ്യത്തിന്റെ പിറകെ പോയാൽ അവസാനം എത്തിനിൽക്കുന്നത് വൈകെകെ എന്ന ബഹുരാഷ്ട്ര സിപ്പ൪ കമ്പനിയുടെ പടിവാതിൽക്കലായിരിക്കും. പാന്റ്സും ജീൻസുമിട്ട് ഒരുങ്ങി പുറത്തുപോകുമ്പോൾ പലരും ചിന്തിക്കാറില്ല വസ്ത്രങ്ങളുടെ ‘പ്രധാനവാതിൽ’ അടച്ചുപൂട്ടി നമ്മളെ സുരക്ഷിതരാക്കുന്ന സിപ്പ് എന്ന ഉൽപന്നം യഥാ൪ഥത്തിൽ നി൪മിക്കുന്നത് ആരാണെന്ന്. അവ വസ്ത്രനിർമാതാക്കൾ തന്നയല്ലേ നിർമിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനുമാകില്ല. കാരണം, വൈകെകെ എന്ന കമ്പനിക്ക് തങ്ങൾ യഥാർഥത്തിൽ ആരാണെന്ന് ഉപയോക്താക്കളെ അറിയിക്കണമെന്ന് ഒരു താൽപര്യവുമില്ല, വസ്ത്രനിർമാതാക്കൾ മാത്രം തങ്ങളെ അറിഞ്ഞാൽ മതിയെന്ന നിലപാടാണ് കമ്പനിക്ക്...
പ്രതിവർഷം 1000 കോടി സിപ്പറുകൾ
1934ൽ ടോക്കിയോയിലെ നിഹോൻബാഷി എന്ന ചെറിയ പട്ടണത്തിലാണു വൈകെകെയുടെ ജനനം. പിന്നീട് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലേക്കും കമ്പനി വ്യാപിച്ചു. ഇന്നു ലോകത്ത് ഏറ്റവും കൂടുതൽ സിപ്പറുകൾ നിർമിക്കുന്ന കമ്പനിയാണിത്. കൂടാതെ ലോകത്തെ സിപ്പ് നി൪മാണക്കമ്പനികളിൽ 50 ശതമാനം വിപണി പങ്കാളിത്തവും വൈകെകെയുടേതാണ്. 10 ബില്യൻ, അതായത് 1000 കോടി സിപ്പറുകളാണ് ഇവ൪ ഒരു വ൪ഷം നി൪മിക്കുന്നത്. ലോകപ്രശസ്ത വസ്‌ത്രനി൪മാതാക്കളായ ലൂയി വിറ്റോൺ, ഗുച്ചി, ലിവൈസ്, വാൻ ഹ്യൂസൻ, പീറ്റ൪ ഇംഗ്ലണ്ട് തുടങ്ങിയ ഒട്ടേറെ ബ്രാൻഡുകൾ അവരുടെ വസ്ത്രങ്ങളിൽ വിശ്വസിച്ച് ഉപയോഗിക്കുന്നത് വൈകെകെ സിപ്പറുകളാണ്. പിന്നീട്, ഇന്ത്യ ഉൾപ്പെടെ 71 രാജ്യങ്ങളിൽ അനേകം ഫാക്ടറികളുമായി പട൪ന്നു പന്തലിച്ച കമ്പനി 9500 നിറങ്ങളിൽ വിവിധതരം സിപ്പറുകൾ പുറത്തിറക്കുന്നു. ഒരിക്കലെങ്കിലും വൈകെകെയുടെ സിപ്പറുകളിൽ കൈവയ്ക്കാത്തവരായി ലോകത്തുതന്നെ ആരുമുണ്ടാവില്ല. കാരണം, ഉടുപ്പുകളിലെ സിപ്പുകൾ കൂടാതെ ബാഗ് സിപ്പുകൾ, ബട്ടനുകൾ, ബാഗിന്റെ പ്ലാസ്റ്റിക് പൂട്ടുകൾ, ഹുക്കുകൾ തുടങ്ങിയ വൈവിധ്യമാ൪ന്ന ഒട്ടേറെ ഉൽപന്നങ്ങളാണ് ഇവരുടെ സംഭാവന.
വ്യാജൻമാ൪ ഇഷ്ടംപോലെ
വൈകെകെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഒറിജിനലിനെ വെല്ലുന്ന വ്യാജ സിപ്പുകളാണ്. അതായത് നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലെയും ബാഗിലെയും സിപ്പുകൾ യഥാ൪ഥ വൈകെകെയുടേത് ആകണമെന്ന് ഒരു നി൪ബന്ധവുമില്ല. ചെറുകിട സിപ്പ൪ നി൪മാതാക്കളും ഈ പേരു കടമെടുത്ത് സിപ്പുകൾ പുറത്തിറക്കുന്നുണ്ട്. ഇവ വിപണിയിൽ യഥേഷ്ടം എത്തുന്നുമുണ്ട്.
വൈകെകെ നൽകുന്ന ബിസിനസ് പാഠം
ശതകോടികൾ വിറ്റുവരവുള്ള ഈ കമ്പനിയെപ്പറ്റി എന്തുകൊണ്ട് അധികമാരും കേട്ടിട്ടില്ല എന്നുള്ള സംശയത്തിന് വൈകെകെ തന്നെ ഉത്തരം പറയും. ഒരു കമ്പനിയെപ്പറ്റി, അവരുടെ ടാ൪ഗറ്റ് ഉപയോക്താക്കളും അവയെ ചുറ്റിനിൽക്കുന്ന കമ്യൂണിറ്റിയും മാത്രം അറിഞ്ഞാൽ മതി, അല്ലാതെ ലോകം മുഴുവൻ അറിയേണ്ട നി൪ബന്ധമേയില്ല. അതുകൊണ്ടുതന്നെ ഉൽപന്നത്തിന്റെ മാർക്കറ്റിങ്ങിനും പരസ്യത്തിനുമായി വലിയ തുക നഷ്ടപ്പെടുത്തേണ്ട കാര്യമില്ല എന്നുള്ളതാണ് വൈകെകെ ലോകത്തെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട കച്ചവടപാഠം.