സുനിതയ്|ക്കൊപ്പം ബഹിരാകാശത്തെത്തിയ സമൂസ! ഇന്ത്യയുടെ പ്രിയപ്പെട്ട പലഹാരം
Mail This Article
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. നിലയത്തിലേക്ക് ആദ്യമായി എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും എത്തിയത്. എന്നാൽ പേടകത്തിന്റെ ത്രസ്റ്ററുകൾ തകരാറിലായതോടെ സുനിത ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഏതായാലും സുനിതയുടെ തിരിച്ചുവരവ് സംഭവിക്കാൻ ഇനി മാസങ്ങളെടുത്തേക്കുമെന്നാണ് നാസയുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ഇതു മൂന്നാം തവണയാണ് സുനിത ബഹിരാകാശത്തേക്ക് പോയത്. ഗുജറാത്തിൽ നിന്നുള്ള ഡോ.ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയക്കാരി ബോണിയുടെയും മകളായ സുനിത തന്റെ ഇന്ത്യൻ വേരുകളിൽ വളരെ അഭിമാനിതയാണ്. ഇന്ത്യൻ ഭക്ഷണത്തോടും സുനിതയ്ക്ക് വലിയ പ്രിയമാണ്. 2013ൽ സുനിത ഇന്ത്യ സന്ദർശിച്ചിരുന്നു. തന്റെ രണ്ടാം ബഹിരാകാശ യാത്ര പൂർത്തീകരിച്ച ശേഷമായിരുന്നു ഈ സന്ദർശനം. ആ വരവിലാണ് ഇന്ത്യൻ ഭക്ഷണത്തോടുള്ള തന്റെ പ്രിയം അവർ പറഞ്ഞത്. കൂട്ടത്തിൽ കൗതുകകരമായ മറ്റൊരു കാര്യം കൂടി അവർ വെളിപ്പെടുത്തി. തന്റെ രണ്ടാം യാത്രയിൽ ഒരു പാക്കറ്റ് സമൂസ കൂടി അവർ കൊണ്ടുപോയത്രേ. അങ്ങനെ ബഹിരാകാശത്ത് പോയ ഒരിന്ത്യൻ പലഹാരമെന്ന ഖ്യാതി സമൂസയ്ക്ക് ലഭിച്ചു.
സമോസയുടെ വേരുകൾ കിടക്കുന്നത് മധ്യേഷ്യയിലാണ്. അവിടത്തെ സംസയെന്ന പലഹാരമാണ് ഇവിടെയെത്തി സമൂസയായത്. 13, 14 നൂറ്റാണ്ടുകളിൽ ഡൽഹി സുൽത്താനേറ്റിൽ വന്ന മധ്യേഷ്യൻ പാചകക്കാരാണ് സമൂസയെ ഇവിടെയെത്തിച്ചത്.ഇന്ന് രാജ്യമെങ്ങും പ്രിയപ്പെട്ട ഒരു ചെറുകടി വിഭവമാണ് സമൂസ. പലയിടത്തും തദ്ദേശീയമായ വ്യത്യാസങ്ങളും ഈ പലഹാരത്തിനുണ്ട്.
ഏതായാലും സുനിതയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നാസ തുടരുകയാണ്. 45 ദിവസങ്ങൾ സുനിതയുടെ സ്റ്റാർലൈനർ പേടകം സുരക്ഷിതമായി നിലയവുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യും. ഈ കാലാവധി 90 ദിവസമാക്കാനാണ് ഇപ്പോൾ നാസ അധികൃതരുടെ ശ്രമം. ന്യൂമെക്‌സിക്കോയിൽ സ്റ്റാർലൈനറിന്റെ ത്രസ്റ്റർ തകരാർ പരിഹരിക്കുന്നത് സംബന്ധിച്ച ഗ്രൗണ്ട് പഠനങ്ങൾ നടക്കുന്നുണ്ട്. എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താനായുള്ള പരീക്ഷണമാണ് ഇത്. 3 ആഴ്ചകളെടുത്താകും ഈ പരീക്ഷണം പൂർത്തിയാകുകയെന്നാണു കരുതപ്പെടുന്നത്. പരീക്ഷണത്തിൽ തന്നെ ഇത്രയും കാലമെടുക്കുന്ന സ്ഥിതിക്ക് യഥാർഥ ദൗത്യം വരാനും സുനിത ഭൂമിയിലെത്താനും കാലതാമസം എടുക്കും.