ലോകത്തിന്റെ മകൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാലയുടെ പോരാട്ടം
Mail This Article
ജനിക്കുന്നത് ആൺകുട്ടികളാകണേയെന്നു പ്രാർഥിക്കുന്നൊരു നാട്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ സ്വാത് താഴ്‌വര അങ്ങനെയായിരുന്നു. സിയാവുദ്ദീൻ യൂസുഫ്സായിയെന്ന അധ്യാപകനു മകളുണ്ടായപ്പോൾ ബന്ധുക്കളെല്ലാം നിരാശരായി. സിയാവുദ്ദീനാകട്ടെ വലിയ സന്തോഷവുമായി. എങ്കിലും ‘ദുഃഖിത’ എന്നർഥമുള്ള ‘മലാല’ എന്ന പേരാണു മകൾക്കിട്ടത്. പടിഞ്ഞാറൻ കാണ്ഡഹാറിൽ മെയ്‌വന്ദിൽ ജീവിച്ചിരുന്ന ധീരനായികയുടെ പേരായിരുന്നു ‘മലാലൈ’. ബ്രിട്ടിഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച ആ പെൺകുട്ടി വലിയൊരു പ്രചോദനമായിരുന്നു. അങ്ങനെയാണ് സിയാവുദ്ദീൻ ‘മലാല’യെന്ന പേരു തിരഞ്ഞെടുത്തത്. താഴ്‌വരയിൽ താലിബാൻ പിടിമുറുക്കി. പെൺകുട്ടികൾ പഠിക്കാൻ പോകുന്നതിന് എതിരായിരുന്നു അവർ. സിയാവുദ്ദീൻ തുടങ്ങിയ ഖുശാൽ ഗേൾസ് സ്കൂളിനു നേരെയും ഭീഷണികളുണ്ടായി. പക്ഷേ, മുട്ടുമടക്കാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. സ്കൂളുകൾ പൂട്ടാൻ അന്ത്യശാസനയുണ്ടായി.
താലിബാൻ ഭരണം ഒരു പെൺകുട്ടിയുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നത്? ദുരിതം അനുഭവിക്കുന്ന ഒരാളുടെ വാക്കുകളിൽത്തന്നെ അതു പുറംലോകം അറിഞ്ഞാൽ കൊള്ളാമെന്ന് ബിബിസി ഉറുദു സർവീസിനു തോന്നി. പെഷാവറിലെ ബിബിസി വക്താവ് അബ്ദുൽ ഹയി കക്കർ ഇതിനായി സമീപിച്ചതു സിയാവുദ്ദീനെയായിരുന്നു. പല പെൺകുട്ടികളോടും ചോദിച്ചെങ്കിലും വീട്ടുകാർക്കു താലിബാനെ പേടിയായിരുന്നതിനാൽ അവരെല്ലാം പിൻമാറി. അങ്ങനെയാണ് ബിബിസിക്കു വേണ്ടി മലാല ബ്ലോഗെഴുതാൻ തുടങ്ങിയത്. ‘ചോളപ്പൂവ്’ എന്നർഥമുള്ള ‘ഗുൽമക്കായി’ എന്ന പേരിലാണ് അതു വന്നത്. ‘എനിക്കു പേടിയാണ്’ എന്ന കുറിപ്പ് 2009 ജനുവരി മൂന്നിന് പ്രസിദ്ധീകരിച്ചതോടെ ബ്ലോഗ് ചർച്ചാവിഷയമായി. കുറിപ്പുകൾ ഓരോന്നായി പുറത്തുവന്നതോടെ എഴുതുന്നതു മലാലയാണെന്നു പലർക്കും സംശയമുണ്ടായി. ആദം എല്ലിക്ക് ‘ക്ലാസ് ഡിസ്മിസ്ഡ്’ എന്ന പേരിൽ ഡോക്യുമെന്ററിയെടുത്തതോടെ മലാല പ്രശസ്തയായി. അതോടെ സിയാവുദ്ദീനും മകളും താലിബാന്റെ നോട്ടപ്പുള്ളികളുമായി.
താലിബാന്റെ ആജ്ഞകൾ അവഗണിച്ച് സിയാവുദ്ദീൻ പെൺകുട്ടികൾക്കായി തന്റെ സ്കൂൾ തുറന്നു. തന്നെ എന്തു ചെയ്താലും മകളെ താലിബാൻ വെറുതെവിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ സംഭവിച്ചതു തിരിച്ചായിരുന്നു. 2012 ഒക്ടോബർ 9നു ഖുശാൽ സ്കൂളിന്റെ വാൻ തടഞ്ഞുനിർത്തി ഇരച്ചുകയറിയ താലിബാൻ തീവ്രവാദി മലാലയ്ക്കുനേരെ വെടിയുതിർത്തു. സ്വാത്തിൽ വേണ്ടത്ര ചികിത്സാ സൗകര്യം ഇല്ലാത്തതിനാൽ ഹെലികോപ്റ്ററിൽ പെഷാവറിലേക്കു കൊണ്ടുപോകേണ്ടി വന്നു. മലാലയുടെ തലയോട്ടിയുടെ ഒരു ഭാഗം മസ്തിഷ്കത്തിലേക്കു കയറിയിരുന്നു. അതു മുറിച്ചുനീക്കാൻ ഡോ.ജുനൈദ് എടുത്ത തീരുമാനമാണ് മലാലയുടെ ജീവൻ രക്ഷിച്ചത്. പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി യുകെയിലെ ബർമിങ്ങാമിലുള്ള ആശുപത്രിയിലെത്തിച്ചു. താലിബാന്റെ തോക്കിനെ അതിജീവിച്ചു മലാല ജീവിതത്തിലേക്കു തിരിച്ചെത്തി. മലാലയ്ക്കു വെടിയേറ്റിട്ടില്ലെന്നും പാക്കിസ്ഥാനെയും താലിബാനെയും താറടിക്കാനുള്ള കെട്ടുകഥയാണെന്നും പ്രചാരണമുണ്ടായി. പക്ഷേ അതൊന്നും വിലപ്പോയില്ല.
# IAMMALALA സമൂഹമാധ്യമങ്ങളിൽ തരംഗമായി. 2014ൽ ഇന്ത്യക്കാരനായ കൈലാഷ് സത്യാർഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മലാല പങ്കിട്ടു. നൊബേൽ ജേതാവിന്റെ പ്രതികരണത്തിനായി ലോകമെമ്പാടും നിന്നുള്ള മാധ്യമങ്ങൾ എത്തിയപ്പോൾ സ്കൂൾ അധികൃതർ പറഞ്ഞു: ‘മലാല ക്ലാസിലാണ്. ക്ലാസ് കഴിയുന്നതുവരെ ദയവായി കാത്തിരിക്കൂ’.
ഭീതി മരിച്ചു, ധീരത ജനിച്ചു
മലാല യുഎന്നിൽ നടത്തിയ പ്രസംഗം പ്രശസ്തമാണ്. അതിൽനിന്ന്: ‘വെടിയുണ്ടകൾ ഞങ്ങളെ നിശ്ശബ്ദരാക്കുമെന്നാണ് അവർ കരുതിയത്. പക്ഷേ അവർ പരാജിതരായി. നിശ്ശബ്ദതയല്ല, ആയിരക്കണക്കിനു ശബ്ദങ്ങളാണു പുറത്തുവന്നത്. എന്റെ ലക്ഷ്യങ്ങൾ മാറ്റാനാകുമെന്നും ആഗ്രഹങ്ങൾക്കു തടയിടാനാകുമെന്നും തീവ്രവാദികൾ കരുതി. എന്റെ ജീവിതത്തിൽ പക്ഷേ ഒറ്റ മാറ്റമേ ഉണ്ടായുള്ളൂ–ദൗർബല്യങ്ങളും ഭീതിയും നിരാശയും മരിച്ചു. കരുത്തും ധീരതയും ജനിച്ചു’. 2013 ജൂലൈ 12ന് തന്റെ 16–ാം പിറന്നാൾ ദിനത്തിലാണ് മലാല യുഎന്നിൽ പ്രസംഗിച്ചത്. ജൂലൈ 12 മലാലാ ദിനമായി ആചരിക്കാൻ യുഎൻ തീരുമാനിക്കുകയായിരുന്നു.