ADVERTISEMENT

ഇന്തൊനീഷ്യയിലെ സുലവെസിയിൽ ലിയാങ് കരാങ്പുവാങ്ങിൽ കണ്ടെത്തിയ 51200 വർഷം പഴക്കമുള്ള ഗുഹാചിത്രം ലോകത്ത് ഏറ്റവും പഴക്കമുള്ള ചിത്രകഥയെന്ന് ശാസ്ത്രജ്ഞർ. ഒരു കാട്ടുപന്നിയുമായി ഇടപെടുന്ന മനുഷ്യരൂപത്തിന്റെ ചിത്രീകരണമാണ് ഈ ഗുഹാചിത്രത്തിലുള്ളത്. കലയിലൂടെ കഥ പറയുന്ന രീതിയുടെ ആദിമ ഉദാഹരണമാണ് ഈ ഗുഹാചിത്രമെന്ന് മേഖലയിൽ ഗവേഷണം നടത്തിയ ഗ്രിഫിത്ത് സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

നിയാണ്ടർത്താൽ മനുഷ്യർ 75000 വർഷം മുൻപ് തന്നെ ഗുഹകളിൽ അടയാളങ്ങളിടാൻ തുടങ്ങിയിരുന്നു. എന്നാൽ ഈ അടയാളങ്ങൾക്ക് പ്രത്യേക അർഥങ്ങളൊന്നും ഇല്ലായിരുന്നു. ലോകത്തിൽ ഏറ്റവും പഴക്കമുള്ള കഥാരീതിയിലുള്ള ചിത്രങ്ങൾ ഫ്രാൻസിലെ ലസ്‌കോവിൽ കണ്ടെത്തിയ 21000 വർഷം പഴക്കമുള്ള ഗുഹാചിത്രമായിരുന്നു.

ഏകദേശം നാലര മീറ്ററോളം വീതിയുള്ളതാണ് സുലവെസിയിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങളിലൊന്ന്. ഭാഗികമായി മനുഷ്യനും ഭാഗികമായി മൃഗവുമായ തെറിയൻത്രോപ് രൂപങ്ങളുടെ ദൃശ്യങ്ങളും ഈ ഗുഹാചിത്രങ്ങളിലുണ്ട്. തെറിയൻത്രോപ്പുകളെ വരച്ചുചേർത്തിരിക്കുന്ന സംഭവം ശാസ്ത്രജ്ഞർക്ക് കൗതുകമുണ്ടാക്കുന്നുണ്ട്. അഭൗമവും ഭാവനാത്മകവുമായ ജീവികളെ സങ്കൽപിക്കാനുള്ള ആദിമമനുഷ്യരുടെ കഴിവാണ് ഇതു വ്യക്തമാക്കുന്നത്. ജർമനിയിൽ കണ്ടെത്തിയ 40000 വർഷം പഴക്കമുള്ള ഒരു ശിൽപവും തെറിയൻ ത്രോപ് വിഭാഗത്തിലാണ്.

ചിത്രങ്ങൾ കണ്ടെത്തിയ ഗുഹ വെറുമൊരു ഗുഹയല്ലെന്നും ആദിമ മനുഷ്യർ ഇതു മ്യൂസിയം പോലെ ഉപയോഗിച്ചിരുന്നെന്നും ഗവേഷകർ പറയുന്നു. ഒരു പക്ഷേ കലാനിർമിതികൾ ഉണ്ടാക്കാനായി മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന ഗുഹയായിരിക്കാം ഇത്. മുൻകാലങ്ങളിൽ സെലെബ്‌സ് എന്നറിയപ്പെടുന്ന സുലവെസി ഇന്തൊനീഷ്യയിലെ സുന്ദ ദ്വീപുകളിൽ ഏറ്റവും വലിയവയിൽ ഒന്നാണ്. ബോർണിയോ മാലുകു ദ്വീപുകൾക്ക് ഇടയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com