ലോകത്തെ വിസ്മയിപ്പിച്ച 'മാന്ത്രിക' വിവാഹം: തത്സമയം കണ്ടത് 75 കോടി ആളുകൾ
Mail This Article
മുകേഷ് അംബാനിയുടെ ഇളയമകനും റിലയൻസ് ഇൻഡസ്ട്രീസിന്റെ അനന്തരാവകാശികളിലൊരാളുമായ അനന്ത് അംബാനിയുടെ വിവാഹം രാജ്യം മുഴുവൻ ശ്രദ്ധ നേടിയിരുന്നല്ലോ. ലോകത്തിൽ പല പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവാഹങ്ങൾ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ വിവാഹം നടന്നത് 1981ൽ ആണ്. ലോകത്തിന്റെ എല്ലാ ശ്രദ്ധയും ക്ഷണിച്ച ഈ വിവാഹച്ചടങ്ങ് നൂറ്റാണ്ടിന്റെ വിവാഹം എന്നറിയപ്പെട്ടു.
ബ്രിട്ടനിലെ ചാൾസ് രാജകുമാരനും (ഇപ്പോഴത്തെ ബ്രിട്ടിഷ് രാജാവ്) ഡയാന രാജകുമാരിയും തമ്മിൽ നടന്ന വിവാഹമായിരുന്നു ഇത്. വിവാഹച്ചടങ്ങിൽ 3500 പേരാണ് പങ്കെടുത്തത്. എന്നാൽ ടെലിവിഷനിലൂടെ 74 രാജ്യങ്ങളിൽ നിന്നായി 75 കോടി ആളുകൾ ഈ ചടങ്ങ് കണ്ടെന്നാണ് കണക്ക്. 4.8 കോടി യുഎസ് ഡോളറായിരുന്നു ചാൾസിന്റെയും ഡയാനയുടെയും വിവാഹത്തിനു വന്ന ചെലവ്.
പതിനായിരം പേൾമുത്തുകളുള്ള വസ്ത്രം ധരിച്ചാണ് ഡയാന സെന്‌റ് പോൾസ് കത്തീഡ്രലിലേക്ക് എത്തിയത്. ഫെയറിടേൽ വെഡ്ഡിങ് എന്നറിയപ്പെട്ട ഈ വിവാഹത്തിൽ 27 വെഡ്ഡിങ് കേക്കുകളാണ് ഒരുക്കിയത്. വിവാഹം നടന്ന ജൂലൈ 29 തീയതിയിൽ ബ്രിട്ടനിൽ ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു. ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ നിന്ന് സെന്‌റ് പോൾസ് കത്തീഡ്രലിലേക്കുള്ള ഡയാനയുടെ ഘോഷയാത്ര കാണാൻ 20 ലക്ഷം പേരാണ് റോഡരികിൽ തടിച്ചുകൂടിയത്. ഐറിഷ് റിപ്പബ്ലിക്കൻ ഗറില്ലകളുടെ ഭീഷണിയുള്ള കാലമായിരുന്നതിനാൽ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. പൊലീസ്, രഹസ്യ സേനാംഗങ്ങൾ, സൈന്യം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഈ വിവാഹത്തിനൊപ്പം തന്നെ ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിൽ ആളുകൾ അവരുടേതായ രീതിയിൽ ആഘോഷങ്ങൾ നടത്തുകയും സ്ട്രീറ്റ് റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ചാൾസും ഡയാനയും 1992ൽ അകലുകയും 1996ൽ ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു.