പ്രാചീന ഒളിംപിക്‌സിൽ നീന്തൽ മത്സരം ഇല്ലായിരുന്നു! കാരണം ഇന്നും അജ്ഞാതം
Mail This Article
ഇന്നത്തെ ഒളിംപിക് മത്സരങ്ങളുടെ ഏറ്റവും ജനപ്രിയമായ മത്സരയിനങ്ങളാണ് നീന്തൽ മത്സരങ്ങൾ. മൈക്കൽ ഫെൽപ്‌സ്, മാർക് സ്പിറ്റ്‌സ് തുടങ്ങി എത്രയോ മഹാതാരങ്ങൾ നീന്തൽക്കുളങ്ങളിൽ ആവേശത്തിര തീർത്ത കാഴ്ച നാം കണ്ടു. ഒളിംപിക്‌സിന് ഒരു പ്രാചീന വകഭേദമുണ്ടെന്ന് അറിയാമല്ലോ. ബിസി എട്ടാം നൂറ്റാണ്ടുമുതൽ നാലാം നൂറ്റാണ്ട് വരെയാണ് ഇതു നടത്തപ്പെട്ടത്. റസ്ലിങ്, ബോക്‌സിങ് തുടങ്ങി പല ഇനങ്ങളും ഈ പ്രാചീനകാല ഒളിംപിക്‌സിനുണ്ടായിരുന്നെങ്കിലും നീന്തൽ മത്സരയിനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.
ഈ പ്രാചീന ഒളിംപിക്‌സ് നടത്തപ്പെട്ടത് ഗ്രീസിലാണ്. പുരാതന ഗ്രീസിൽ നീന്തൽ അറിയാതിരിക്കുക എന്നത് നാണക്കേടുള്ള കാര്യവുമായിരുന്നു. മിക്കവർക്കും നീന്തൽ അറിയാമായിരുന്നെന്ന് അർഥം. എന്നിട്ടും എന്തുകൊണ്ട് ഗ്രീക്കുകാർ ഒളിംപിക്‌സിൽ നീന്തൽ മത്സരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നുള്ളത് ഇന്നും കൃത്യമായി ഉത്തരം കിട്ടാത്ത സമസ്യയാണ്. പല വിശദീകരണങ്ങൾ വിദഗ്ധർ ഇതു സംബന്ധിച്ച് മുന്നോട്ടുവച്ചിട്ടുമുണ്ട്.
സൈനികവൃത്തിയുമായി ബന്ധപ്പെട്ട കായികയിനങ്ങളായിരുന്നു ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയതെന്നും നീന്തൽ അതിലില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും ചിലർ പറയുന്നു. എന്നാൽ ഈ വാദത്തിന് എതിരഭിപ്രായവുമുണ്ട്. മത്സ്യബന്ധനത്തൊഴിലാളികൾ, കടത്തുവള്ളം തുടരുന്നവർ തുടങ്ങിയവർ നീന്തലിൽ പങ്കെടുത്ത് തങ്ങളെ തോൽപിക്കുമെന്ന് ഗ്രീസിലെ പ്രഭുകുടുംബാംഗങ്ങൾ പേടിച്ചതിനാലാണ് ഒഴിവാക്കിയതെന്നും വാദമുണ്ട്.
ഏതായാലും പ്രാചീന ഒളിംപിക്‌സിൽ നീന്തൽ ഒരു ഇനമല്ലായിരുന്നു. എന്നാൽ 1896 മുതൽ തുടങ്ങിയ ആധുനിക ഒളിംപിക്‌സിൽ നീന്തൽ ഒരു പ്രാധാന്യമുള്ള ഇനമായി മാറി. എല്ലാ ഒളിംപിക്‌സിലും നടത്തപ്പെട്ട 4 കായികയിനങ്ങളിൽ ഒന്ന് നീന്തലാണ്. അത്‌ലറ്റിക്‌സ്, ജിംനാസ്റ്റിക്‌സ്, ഫെൻസിങ് എന്നിവയാണ് മറ്റുള്ളവ.