ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിൽ സ്ഥിതി ചെയ്യുന്ന ദുരൂഹ റിചാറ്റ് ഘടനയുടെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയം പകർത്തി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള അഡ്‌റാർ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന റിചാറ്റ് ഘടന സഹാറയുടെ കണ്ണ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരേ കേന്ദ്രമുള്ള രണ്ട് വൃത്തങ്ങൾ പോലെയുള്ള 40 കിലോമീറ്റർ ചുറ്റളവുള്ള ഘടന ഒരു കണ്ണിന്റെ പ്രതീതി സൃഷ്ടിക്കുന്നതാണ്

ഈ ഘടന ഇവിടെ എങ്ങനെ വന്നു എന്നത് സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ടായിരുന്നു. സഹാറയിൽ ഒരു ഉൽക്ക പതിച്ചതാണ് ഇതിനു വഴിവച്ചതെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ 2014ൽ നടത്തിയ ഒരു പഠനത്തിൽ ഇതുമൂലമല്ല, മറിച്ച് ഭൂമിക്കകത്തുണ്ടാകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇതു സംഭവിച്ചതെന്ന് പ്രസ്താവിച്ചിരുന്നു.

ഏകദേശം 4 സഹസ്രാബ്ദങ്ങൾക്ക് മുൻപ് സഹാറ മരുഭൂമിയല്ലായിരുന്നെന്ന് തെളിവ് നൽകിക്കൊണ്ട് ഗുഹാചിത്രങ്ങൾ സുഡാനിൽ നിന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. കിഴക്കൻ സുഡാനിലെ അറ്റ്ബായി മരുഭൂമിയിൽ നിന്നാണ് ഇതു കണ്ടെത്തിയത്. മക്വാറി സർവകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ.

മനുഷ്യർ, മാനുകൾ, ആനകൾ, ജിറാഫുകൾ എന്നിവയുടെയെല്ലാം ദൃശ്യങ്ങൾ ഈ ഗുഹാചിത്രങ്ങളിലുണ്ട്. എന്നാൽ ഏറ്റവും വിസ്മയകരമായത് കന്നുകാലികളുടെ സാന്നിധ്യമാണ്. ഇന്നത്തെ കാലത്തെ വരണ്ട തീവ്ര കാലാവസ്ഥ പരിഗണിക്കുമ്പോൾ ഒരുകാലത്ത് ഇവിടെ കാലിവളർത്തലുണ്ടായിരുന്നെന്നത് അദ്ഭുതമായി തോന്നാം. ഇന്ന് ഈ പ്രദേശത്ത് മഴപെയ്യുന്ന തോത് വളരെ കുറവാണ്. അതിനാൽ തന്നെ കാലിവളർത്തൽ അസാധ്യമാണ്. എന്നാൽ 3000 ബിസിയിലൊന്നും ഇതായിരുന്നില്ല സ്ഥിതി.

Photo Credit :  STEPANOV ILYA
Photo Credit : STEPANOV ILYA

15000 മുതൽ 5000 വർഷം മുൻപു വരെയുള്ള കാലയളവിൽ ആഫ്രിക്കയിൽ വൻതോതിൽ മഴ ലഭിച്ചിരുന്നു. ഇതുകാരണം നിബിഡവനങ്ങളും ശുദ്ധജലതടാകങ്ങളും ഇവിടെ സ്ഥിതി ചെയ്തിരുന്നു.എന്നാൽ ഈ നനവൂറിയകാലം പിന്നീട് മാറുകയും മേഖല വറ്റിവരണ്ടതാകുകയും ചെയ്തു. കന്നുകാലിവളർത്തൽ ഇതോടെ സാധ്യമല്ലാതായി. ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുന്ന കൃഷിരീതിയിലേക്ക് ഇവിടത്തെ നാട്ടുകാർ കടക്കുകയും ചെയ്തു.

വടക്കൻ ആഫ്രിക്കയിൽ പരന്നു കിടക്കുന്ന സഹാറ മരുഭൂമി ഉൽക്കകൾ മറഞ്ഞു കിടക്കുന്ന ഒരു അക്ഷയഖനിയാണ്. വിവിധ കാലഘട്ടത്തിലെ അപൂർവമായ ഉൽക്കകളും ഛിന്നഗ്രഹ ഭാഗങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. 1995നു ശേഷം പതിനയ്യായിരത്തോളം ഇത്തരം ഉൽക്കകളും മറ്റും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു കണക്ക്.

ചന്ദ്രനിൽ നിന്ന് ഉത്ഭവിച്ച് സഹാറയിൽ വീണ ഒരു ഉൽക്ക 18 കോടി രൂപയ്ക്കാണു വിറ്റുപോയത്. ആദിമകാല ചൊവ്വയിൽ നിന്നു തെറിച്ച ഒരു അപൂർവ ഉൽക്കയെ 2018ൽ കണ്ടെത്തിയതും വാർത്തയായിരുന്നു. ബ്ലാക്ക് ബ്യൂട്ടി എന്നായിരുന്നു ഇതിനു നൽകിയ പേര്. വിപണന സാധ്യത മനസ്സിലാക്കി ഈ മേഖലയിൽ അനധികൃതമായി ഉൽക്ക വേട്ടകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

English Summary:

Richat Structure: Unraveling the Mysteries of the Sahara Desert's Eye

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com