സ്തന സംരക്ഷണത്തിന് ഓറഞ്ച്; കാൻസർ സാധ്യത കുറയ്ക്കും, സൂര്യതാപത്തിൽ നിന്നും ചർമത്തിന് രക്ഷ

Mail This Article
ഓറഞ്ച് സ്ത്രീയുടെ സ്തനഗ്രന്ഥികൾ പോലെ കാണപ്പെടുന്നു. കാഴ്ചയിൽ മാത്രമല്ല സ്തനാരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച് വളരെ മികച്ചതാണ്. ഓറഞ്ചിലുള്ള വൈറ്റമിൻ സി സ്തനകോശങ്ങളെ കേടുപാടുകളിൽ നിന്നു സംരക്ഷിക്കുന്നു. ഇതിൽ നരിൻജെനിൻ, ഹെസ്പെരിഡിൻ തുടങ്ങിയ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതു സ്തനാർബുദ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ഹോർമോണുകളുടെ അളവു നിയന്ത്രിക്കുന്ന സംയുക്തങ്ങൾ ഓറഞ്ചിലുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ഓറഞ്ച് വളരെ ഗുണകരമാണ്. ഇതിൽ പ്രോലാക്റ്റിൻ പോലുള്ള പാലുൽപാദനത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
രക്തം ശുദ്ധീകരിക്കുന്നു
ഓറഞ്ചിലെ ഡി. ലിമോണിൻ എന്ന സംയുക്തം സ്തനാർബുദം, ശ്വാസകോശാർബുദം, ത്വക് കാൻസർ എന്നിവ തടയുന്നു. ഇതിലുള്ള വൈറ്റമിൻ ബി9 ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉൽപാദനം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സൂര്യതാപം കാരണം ചർമത്തിന് ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനുമുള്ള കഴിവ് ഓറഞ്ചിനുണ്ട്. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദത്തെ നിയന്ത്രിക്കുന്നു. ഫ്ലേവനോയിഡുകളും മറ്റു പോഷകങ്ങളും കൊണ്ടു സമ്പന്നമായ ഓറഞ്ച് ഹൃദയാരോഗ്യത്തിനു നല്ലതാണ്.
നാരുകൾ ധാരാളം
നാരുകൾ സമൃദ്ധമായിട്ടുള്ളതിനാൽ ദഹനത്തിന് ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങളെയും തടയുന്നു. ഓറഞ്ചിലുള്ള കാത്സ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ചു വിളർച്ച തടയുന്നു. കൊളാജൻ ഉൽപാദനത്തിനു സഹായിച്ചു ശരീരത്തിലെ മുറിവുകളെ വേഗം സുഖപ്പെടുത്താൻ ഓറഞ്ച് സഹായിക്കുന്നു.