ഇടിക്കൂട്ടിലെ ഉരുക്ക് ശരീരം, പെപ്പെ കുറച്ചത് 22 കിലോ; മെക്കാനിക്കൽ എൻജിനീയറുടെ ഫിറ്റ്നസ്സ് ട്രെയിനിങ് ഗംഭീരം!

Mail This Article
വർഷങ്ങളോളം മെക്കാനിക്കൽ എൻജിനീയറിങ് ജോലി ചെയ്തിരുന്ന സുകു പിള്ള എന്ന വ്യക്തി എന്തിനു ഫിറ്റ്നസ്സ് കോച്ച് ആയി എന്നു ചോദിച്ചാൽ, പാഷൻ എന്ന് ഉത്തരം പറയാം. ഫിറ്റ്നസ്സ് കോച്ച് ആയതിനു ശേഷം എന്തുചെയ്തു എന്നു ചോദിച്ചാൽ സുകു പിള്ള ദാവീദ് എന്ന സിനിമയിലെ ആന്റണി പെപ്പെയുടെ ബോഡി ട്രാൻസ്ഫർമേഷൻ കാണിച്ചു കൊടുക്കും. 3, 4 മാസത്തിനുള്ളിൽ 22 കിലോ ഭാരമാണ് ദാവീദ് എന്ന സിനിമയ്ക്കുവേണ്ടി പെപ്പെ കുറച്ചത്. അതിനുവേണ്ടി പരിശീലിപ്പിച്ചത് സുകുവും. പെപ്പെ മാത്രമല്ല ചിത്രത്തിന്റെ പ്രൊഡ്യൂസറും പെപ്പെയോടൊപ്പം ബോക്സിങ് താരമായി അഭിനയിക്കുകയും ചെയ്ത അച്ചു ബേബി ജോണിന്റെ ശരീരത്തിലെ മികച്ച മാറ്റം ശ്രദ്ധിച്ചാലും സുകു പിളളയ്ക്കു തന്റെ ജോലിയോടുള്ള ആത്മാർഥത എത്രയെന്നു വ്യക്തമാകും.
ഫിറ്റ്നസ്സ് ആണ് പാഷൻ
ഞാൻ ഗൾഫിലും ഡൽഹിയിലുമായി ഏകദേശം 9 വർഷത്തോളം മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്തിരുന്നു. അപ്പോഴും എന്റെ മനസ്സിൽ ഫിറ്റ്നസിനോട് ഒരു പ്രത്യേക താൽപര്യമുണ്ടായിരുന്നു. അക്കാരണത്താൽ ജോലി ചെയ്യുന്ന സമയത്തുതന്നെ ഞാൻ ഫിറ്റ്നസിന്റെയും ന്യൂട്രിഷന്റെയും കോഴ്സുകൾ പഠിച്ചു. അതിനു ശേഷം കുറച്ചുകാലം ഒരു കമ്പനിയിൽ ഓൺലൈൻ ആയി ഫിറ്റ്നസ്സ് കോച്ചിങ് ചെയ്തിരുന്നു. അവിടെ ആയിരത്തോളം ക്ലയന്റുകളെ സഹായിക്കാൻ കഴിഞ്ഞിരുന്നു. അവർക്കുവേണ്ടുന്ന ഡയറ്റും വർക്ഔട്ടുകളുമെക്കയാണ് നിർദേശിച്ചിരുന്നത്. ആദ്യമായി ഒരാളുടെ കൂടെനിന്ന് ഫിറ്റ്നസ്സ് കോച്ച് ആയി നിർക്കുന്നത് ആന്റണി പെപ്പയോടൊപ്പമാണ്.
അച്ചു കുട്ടിക്കാലം മുതൽക്കുതന്നെ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ച് വർക്ഔട്ട് ചെയ്യുന്നവരുമാണ്. അങ്ങനെയിരിക്കെയാണ് ഈ ചിത്രത്തിനു വേണ്ടി ബോഡി ട്രാൻസ്ഫർമേഷൻ വേണ്ടിവരുന്നത്. ആർഡിഎക്സ് എന്ന ചിത്രത്തിനു ശേഷം 96 കിലോ ഭാരത്തിലേക്ക് പെപ്പെ എത്തിയിരുന്നു. ശേഷം കൊണ്ടൽ എന്ന സിനിമയ്ക്കിടയിലാണ് ഫിറ്റ്നസ്സിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചത്. പടത്തിന്റെ തിരക്കിലായിരുന്നത് കൊണ്ട് ഡയറ്റിൽ മാത്രമാണ് ആദ്യം ശ്രദ്ധ കൊടുത്തത്. വർക്ഔട്ട് ഒന്നും ഇല്ലാതെ തന്നെ കൃത്യമായ ഭക്ഷണക്രമത്തിലൂടെ ശരീരഭാരം 80ലേക്ക് എത്തിച്ചു.

'വേണ്ടതെല്ലാം ഇപ്പൊ കഴിച്ചോ, നാളെ മുതൽ ഡയറ്റ്!'
കൊണ്ടലിലെ അഭിനയം കഴിഞ്ഞതോടുകൂടിയാണ് ശരിയായ ഫിറ്റ്നസ്സ് പ്ലാൻ വർക്ഔട്ട് ആയത്. മെയ് മാസം 9ന് ഞാനും അച്ചു, പെപ്പെ എന്നിവർ ഒരു ഫ്ലാറ്റ് എടുത്ത് ഒരുമിച്ച് താമസിക്കാൻ തുടങ്ങി. അന്നു മുതലാണ് കൃത്യമായ മാറ്റങ്ങൾ ജീവിതത്തിലുണ്ടായത്. ആ രാത്രി ഞാൻ അവരോട് പറഞ്ഞത്, എന്തൊക്കെയാണോ വേണ്ടത്, അതൊക്കെ ഇന്ന് കഴിച്ചോളാനാണ്. കാരണം പിറ്റേ ദിവസം മുതൽ ഡയറ്റ് ആരംഭിക്കുകയാണ്. പിന്നൊരു തിരിച്ചു പോക്കില്ല.
പെപ്പെയുടെയും അച്ചുവിന്റെയും ട്രാൻസ്ഫർമേഷൻ കാണുമ്പോൾ കഠിനമായ എന്തൊക്കെയോ കാര്യങ്ങളാണ് ചെയ്തതെന്ന് തോന്നിയേക്കാം. കഠിനാധ്വാനം ചെയ്തു എന്നത് ശരി തന്നെ. പക്ഷേ തീവ്രമായ യാതൊന്നും ചെയ്തില്ല എന്നു വേണം പറയാൻ. ശരീരത്തിന് ആവശ്യമുള്ള കാലറി കണക്കാക്കിയുള്ള ഭക്ഷണക്രമമാണ് ഞാൻ ഇരുവർക്കും നൽകിയത്. ദിവസവും ഒരു മണിക്കൂർ ജിമ്മിൽ വർക്ഔട്ട് ചെയ്യുകയും ഒരുമണിക്കൂർ ബോക്സിങ് പ്രാക്ടീസ് ചെയ്യുകയുമായിരുന്നു ശീലം. സമയമനുസരിച്ച് വൈകുന്നേരങ്ങളിൽ നടക്കാനും പോയിരുന്നു.

ഡയറ്റ് എന്നു കേൾക്കുമ്പോൾ തന്നെ പട്ടിണി കിടക്കുക, ചോറും കറികളും ഒഴിവാക്കുക, ഷുഗർ കട്ട് എന്നൊക്കെയാണ് പലരുടെയും മനസ്സിൽ വരുക. എന്നാൽ പെപ്പെയ്ക്കും അച്ചുവിനും പട്ടിണി കിടക്കേണ്ടി വന്നില്ല. ഉച്ചയ്ക്കും രാത്രിയുമൊക്കെ അവർ ചോറ് കഴിച്ചിരുന്നു, അതേസമയം ആഹാരത്തിൽ കൃത്യമായ പേഷണങ്ങൾ ഉറപ്പാക്കിയിരുന്നു. എല്ലാം അളന്നാണ് കഴിച്ചിരുന്നത്. ഉച്ചയ്ക്ക് ഇവർക്കുള്ള ചോറ് ഞാൻ അളക്കുമ്പോൾ രണ്ടുപേരും സൂക്ഷ്മതയോടെ നോക്കിയിരിക്കും, തന്നെക്കാൾ ഒരു തരി പോലും കൂടുതൽ അടുത്ത ആളിനു കിട്ടരുതെന്നാണ് ആ നോട്ടത്തിന്റെ പിന്നിലെ ലക്ഷ്യം. കാരണം ഓരോ ഗ്രാമിനും പ്രാധാന്യമുണ്ട്. ഞങ്ങളെല്ലാവരും ഏറെ ആസ്വദിച്ച സമയമായിരുന്നു അത്.

എത്രയൊക്കെ തിരക്കുണ്ടായിട്ടും പെപ്പെ ഡയറ്റിനോടും വ്യായാമത്തോടുമെല്ലാം നീതിപുലർത്തി. ഒന്നും പാതിവഴിയിൽ ഉപേക്ഷിച്ചിട്ടില്ല. ആ കാലയളവില്‍ വളരെ ചുരുക്കം ചില ആഘോഷങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. അപ്പോഴെല്ലാം ഭക്ഷണകാര്യത്തിൽ കൃത്യമായ പ്ലാൻ ഉണ്ടായിരിക്കും. ഭക്ഷണത്തെ ട്രാക്ക് ചെയ്യുക വളരെ പ്രധാനപ്പെട്ട കാര്യമാണ്, അതേ സമയം ശരീരത്തിന് ആവശ്യമുള്ളത് കഴിക്കാൻ മടിക്കുകയും ചെയ്യരുത്. ഷൂട്ടിങ് തുടങ്ങിയതോടെ തിരക്ക് വളരെ കൂടി. അപ്പോഴും വർക്ഔട്ട്, ഡയറ്റ്, ബോക്സിങ് പ്രാക്ടീസ്, ക്രിക്കറ്റ് പ്രാക്ടീസ് എന്നിവ കൃത്യമായി നടന്നുപോയി. സിനിമയ്ക്കു വേണ്ടിയുള്ള ഫൈറ്റ് സീനൊക്കെ എത്തിയപ്പോഴേക്കും പെപ്പെ 22 കിലോ ഭാരം കുറച്ച് 74ലേക്ക് എത്തി. മുഖത്തും ശരീത്തിലും ചെറുപ്പം തോന്നിക്കാൻ അത് ആവശ്യമായിരുന്നു. അച്ചുവും 20 കിലോയോളം ശരീരഭാരം കുറച്ചു. ആ ട്രാൻസ്ഫർമേഷൻ സിനിമയിൽ നന്നായി കാണാനുണ്ട്. മൂന്ന് മാസം കൊണ്ട് ഒരുപാട് മാറ്റങ്ങളാണ് അവർക്കുണ്ടായത്.
പെപ്പെയുടെ ആത്മാർഥത പ്രശംസനീയമാണെന്നും, ഷൂട്ടിങ്ങിനിടയിലെ ഇടവേളകളിൽപോലും പ്രാക്ടീസ് ചെയ്യുകയായിരിക്കുമെന്നും ദാവീദ് സിനിമയുടെ അസോഷ്യേറ്റ് സിനിമറ്റോഗ്രഫർ സിബി സെയ്ഫ് മനോരമ ഓൺലൈനിനോട് പറയുന്നു. സമയം വെറുതേ കളയുന്ന രീതി പെപ്പെയിൽ കാണാറില്ല. ബോക്സിങ്, ഫൈറ്റ് സീനുകൾ കഴിഞ്ഞ് എല്ലാവരും റെസ്റ്റ് എടുക്കുമ്പോഴും പെപ്പെ അടുത്ത രംഗത്തിനു വേണ്ടിയുള്ള പരിശീലനത്തിലായിരിക്കും. ഡയറ്റിന്റെ കാര്യത്തിലും ആ ശ്രദ്ധ കണ്ടിട്ടുണ്ട്. ചിത്രത്തിൽ രണ്ട് ലുക്കിലാണ് പെപ്പെ എത്തുന്നത്. രൂപത്തിലും പ്രായത്തിലുമെല്ലാം കാര്യമായ മാറ്റവുമുണ്ട്. എന്നാൽ വലിയ ഇടവേളകളില്ലാതെ കൃത്യ സമയത്ത് തന്നെ കഥാപാത്രത്തിന് ആവശ്യമായ ശരീരഘടനയിലേക്കെത്താൻ പെപ്പെയ്ക്കു കഴിഞ്ഞു. അത് നല്ല ട്രെയിനിങ്ങിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്, സിബി പറയുന്നു.

ഭാവിയിൽ ഇതിലും മികച്ച രീതിയിലേക്ക് ശരീരത്തെ മാറ്റിയെടുക്കണമെന്നാണ് സുകുവും പെപ്പെയും അച്ചുവും കരുതുന്നത്. കൊല്ലം സ്വദേശിയായ സുകു സ്വന്തമായി ഒരു ജിം നടത്തുന്നുണ്ട്. ഭാര്യ കാർത്തിക, രണ്ടര വയസുള്ള മകൻ യുവാൻ എന്നിവരാണ് കുടുംബം