ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ മതിയെന്നു പുതിയ പഠനം

Mail This Article
ഇരുപത് മിനിറ്റു നേരം നൃത്തം ചെയ്യുന്നത് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. 48 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, എല്ലാവരും ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തന നിലവാരം കൈവരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, എല്ലാ ദിവസവും രാവിലെ വീട്ടിലെ അടുക്കളയിൽ പോലും 20 മിനിറ്റ് നൃത്തം ചെയ്യുന്നത് ആളുകളെ ഫിറ്റ്നസ് ആക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി.
ജിമ്മിൽ പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എളുപ്പത്തിൽ സ്വന്തം വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന വ്യായാമ മുറയാണിത്. ഫിറ്റ്നസിന് എളുപ്പ വഴി തേടുന്നവർക്കു പ്രതീക്ഷ നൽകുന്നതാണ് യു.എസിൽ നിന്നുളള ഈ പുതിയ പഠന റിപ്പോർട്ട്.
8 നും 83 നും ഇടയിൽ പ്രായമുള്ള 48 പേരെ ഗവേഷകർ തിരഞ്ഞെടുത്തു. മിതമായ വ്യായാമം ലഭിക്കുന്നതിന് എത്ര സമയം വെറുതെ നൃത്തം ചെയ്യേണ്ടിവരുമെന്ന് പരീക്ഷിച്ചു. സംഗീതത്തോടുകൂടിയും അല്ലാതെയും അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്തത്തിൽ പങ്കെടുക്കാൻ അവരോട് ആവശ്യപ്പെട്ടു. നൃത്ത സെഷനുകളിൽ വ്യായാമത്തിന്‍റെ തീവ്രത നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർ പങ്കെടുക്കുന്നവരുടെ ഓക്സിജൻ ഉപഭോഗവും ഹൃദയമിടിപ്പും അളന്നു. നൃത്തം ചെയ്യുമ്പോൾ എല്ലാ പങ്കാളികളും കുറഞ്ഞത് മിതമായ ശാരീരിക പ്രവർത്തന നിലയിലെത്തിയതായി കണ്ടെത്തി.
സ്വതന്ത്രമായി നൃത്തം ചെയ്യുന്നതിലൂടെ ആളുകൾക്ക് ലഭിക്കുന്ന തീവ്രത ആരോഗ്യം വർധിപ്പിക്കുന്ന ശാരീരിക പ്രവർത്തനമാകാൻ പര്യാപ്തമാണോ എന്ന് മനസ്സിലാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഉത്തരം 'അതെ' എന്നായിരുന്നു. ഏത് തീവ്രതയിലാണ് നൃത്തം ചെയ്യേണ്ടതെന്ന് പറയാതെ തന്നെ എല്ലാ മുതിർന്നവർക്കും ആരോഗ്യം വർധിപ്പിക്കുന്ന പ്രവർത്തനത്തിന്റെ ഒരു തലത്തിലെത്താൻ ഈ 20 മിനിറ്റു നൃത്തത്തിലൂടെ കഴിഞ്ഞു. ആളുകൾക്ക് അവരുടെ വീടുകളിൽ പോലും ചെയ്യാൻ കഴിയുന്ന മികച്ച ശാരീരിക വ്യായാമമാണ് നൃത്തം എന്ന് ഈ പഠനത്തിലൂടെ വ്യക്തമായി.
മറ്റ് വ്യായാമങ്ങളെ പോലെ തന്നെ ഫലപ്രദമാണ് നൃത്തം. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിർദ്ദേശിച്ചിട്ടുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മുതിർന്നവർ ആഴ്ചയിൽ 150 മിനിറ്റ് മിതമായതോ കഠിനമോ ആയ വ്യായാമം ചെയ്യണം. അതേസമയം, മുതിർന്നവർ ആഴ്ചയിൽ 150-300 മിനിറ്റ് മിതമായതോ 75-150 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. പലരും ഇതിനെ ജോഗിങ്, ജിമ്മിൽ പോകൽ, നീന്തൽ അല്ലെങ്കിൽ മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തുന്നു. എന്നാൽ നൃത്തം അത്രതന്നെ ഫലപ്രദമാണെന്ന് ഈ പഠനം കണ്ടെത്തി.