ഈ മീന് കിട്ടിയാൽ ലോട്ടറി! ലക്ഷക്കണക്കിന് രൂപ വിലയുള്ള കടൽപ്പൊന്ന്
Mail This Article
സമുദ്രത്തിൽ വിലപിടിപ്പുള്ള പല വസ്തുക്കളുമുണ്ട്. അതിലൊന്ന് ഒരു മീനാണ്. ബ്ലാക്ക്സ്പോട്ടഡ് ക്രോക്കർ എന്ന അപൂർവ മത്സ്യം. സാധാരണ ഗതിയിൽ മാംസത്തിന്റെ അളവും രുചിയും നിലവാരവുമൊക്കെയാണ് ഒരു മീനിന്റെ വില നിർണയിക്കുക. എന്നാൽ ഈ മീനിന്റെ കാര്യത്തിൽ അതല്ല, തദ്ദേശീയ വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് ഇത്ര വലിയ വിലയ്ക്കു കാരണമായത്. യൂറോപ്പിലും ചൈനയിലുമൊക്കെ വലിയ ഡിമാൻഡാണ് ഈ മീനിന്. എന്നാൽ ഇതിനെ പിടിക്കുന്നത് വളരെ ശ്രമകരമായ ദാത്യമാണു താനും.
ക്രോക്കർ എന്ന പേരുവഹിക്കുന്ന കുറേയേറെ മീനുകളുണ്ട്. ഇതിൽ വലുപ്പം കൊണ്ട് ശ്രദ്ധേയനാണ് ബ്ലാക്ക് സ്പോട്ടഡ് ക്രോക്കർ. പ്രോട്ടോണിബിയ ഡിസ്കാന്തസ് എന്ന ശാസ്ത്രീയനാമമുള്ള ഇത്, ഘോൽ എന്ന പേരിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറിയപ്പെടുന്നത്. ഇൻഡോ പസിഫിക് മേഖലയിൽ ആവാസമുറപ്പിച്ചിരിക്കുന്ന ഈ മത്സ്യത്തെ വർഷങ്ങൾ മുൻപ് മഹാരാഷ്ട്രയിലെ രണ്ടു മത്സ്യബന്ധനത്തൊഴിലാളികൾ പിടിച്ചത് വാർത്തയായിരുന്നു. പേർഷ്യൻ ഗൾഫ് മുതൽ തെക്കൻ ചൈന വരെയുള്ള സമുദ്രമേഖലയിൽ ഇവയുണ്ട്.
മീനിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് വിലയും കുതിച്ചുയരും. ഈ മീനിന്റെ ബ്ലാഡർ ഉണക്കിയെടുത്താൽ കിലോയ്ക്ക് 50000 രൂപ മുതൽ ലക്ഷങ്ങൾ വില വരും. വൈൻ, ബീയർ വ്യവസായങ്ങളിൽ ഉത്പന്നങ്ങളുടെ നിലവാരം കൂട്ടാനാണ് ഇതുപയോഗിക്കുന്നത്. ഇവിടെയും വലുപ്പം നിർണായകമാണ്. വലുപ്പം കൂടിയ മീനിന്റെ ബ്ലാഡറിനു വില കൂടും.
ബ്ലാക്ക് സ്പോട്ടഡ് ക്രോക്കറുകളുെട ഹൃദയത്തിനെ കടൽസ്വർണം എന്നാണു വിശേഷിപ്പിക്കുന്നത്. ഇത് കിഴക്കനേഷ്യയിലും തെക്കുകിഴക്കനേഷ്യയിലെയും പരമ്പരാഗത ചികിൽസാരീതികളിലെ ഔഷധക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഘടകമാണ്. വലിയ അളവിൽ കൊളാജൻ അടങ്ങിയിരിക്കുന്ന ഇതിന്റെ തൊലി സൗന്ദര്യവസ്തുക്കളിലും ഉപയോഗിക്കും.സിംഗപ്പുർ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ വിലയേറിയ സൂപ്പുകളും ഇവ ഉപയോഗിച്ചു തയാർ ചെയ്യാറുണ്ട്. എന്നാൽ മാംസത്തിനു അത്ര വലിയ വിലയൊന്നും ഇല്ലാത്ത മീനാണു ബ്ലാക്ക്സ്പോട്ടഡ് ക്രോക്കർ.