ലോകത്തിലെ ഏറ്റവും ചെലവേറിയ സ്കൂളായ ലാ റോസി! വാർഷിക ഫീസ് 1.2 കോടി രൂപ
Mail This Article
ഒരു വ്യക്തിയെ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും അവരുടെ സ്വഭാവരൂപീകരണത്തിലുൾപ്പെടെ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് സ്‌കൂളുകൾ. ലോകത്ത് പലതരം സ്‌കൂളുകളുണ്ട്, അവയിൽ പലതിലും പലരീതിയിലുള്ള അധ്യാപനവും സിലബസും രീതികളുമൊക്കെയാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ സ്‌കൂൾ ഏതെന്നറിയുമോ? സ്വിറ്റ്‌സർലൻഡിലെ റോളെയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ലാ റോസി അഥവാ ലാ റോസിയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സ്‌കൂളായി പല വിദഗ്ധരും കണക്കാക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴയ ബോർഡിങ് സ്‌കൂളുകളിലൊന്നാണ് ലാ റോസി.
അക്കാദമിക്‌സ്, കല, സ്‌പോർട്‌സ് എന്നീ മേഖലകളിൽ തങ്ങളുടെ വിദ്യാർഥികളുടെ നൈപുണ്യം സമഗ്രമായി വികസിപ്പിക്കാനാണ് ലാ റോസി ലക്ഷ്യമിടുന്നത്. ഏകദേശം 1.2 കോടി രൂപയാണ് ഈ സ്‌കൂളിലെ വാർഷിക ഫീസ്. റോളെയിൽ 69 ഏക്കർ വിസ്തീർണത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്യാംപസുകളുണ്ട്.
വളരെക്കുറച്ച് വിദ്യാർഥികൾക്ക് മാത്രമാണ് ഈ സ്‌കൂൾ പ്രവേശനം നൽകുന്നത്. സ്‌പെയിനിലെ മുൻരാജാവായ കാർലോസ് ഒന്നാമൻ, 1966 മുതൽ 1973 വരെ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ നയിച്ച റിച്ചഡ് ഹെംസ്, എഡ്വേഡ് രാജകുമാരൻ, ജെ.ബി ജാക്‌സൻ തുടങ്ങിയവരൊക്കെ ലാ റോസി സ്‌കൂളിലെ പൂർവവിദ്യാർഥികളാണ്.