ലോകത്തെ ഏറ്റവും വ്യത്യസ്തമായ അഗ്നിപർവതം: ഇതിൽ നിന്നൊഴുകുന്നത് പ്രത്യേകതയുള്ള കറുത്ത ലാവ
Mail This Article
അഗ്നിപർവതങ്ങൾ നേരിട്ടുകാണാത്തവരാണ് അധികമെങ്കിലും ഇവയുടെ ചിത്രങ്ങളും ഇവ ക്ഷോഭിച്ചതു സംബന്ധിച്ച വാർത്തകളുമൊക്കെ നമ്മൾ ധാരാളം കാണാറും കേൾക്കാറുമുണ്ട്. നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നും തന്നെ അഗ്നിപർവതങ്ങളില്ല. ഇന്ത്യയിലുള്ള ഒരേയൊരു അഗ്നിപർവതം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്.
ഇന്തൊനീഷ്യ പോലുള്ള രാജ്യങ്ങളിൽ ധാരാളം സജീവ അഗ്നിപർവതങ്ങളുണ്ട്. മെരാപി തുടങ്ങിയവ ഇതിന് ഉദാഹരണം. പസിഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയർ എന്ന മേഖല അഗ്നിപർവതങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. അഗ്നിപർവതങ്ങളുടെ കൂട്ടത്തിലെ വ്യത്യസ്തനാണ് ടാൻസനിയയിലെ ഒൽ ഡോയ്‌നിയോ ലെംഗായ് എന്ന അഗ്നിപർവതം. ഹോസിൽ നിന്ന് വെള്ളം തെറിക്കുന്നതു പോലെയാണ് ഇതിൽ നിന്നുള്ള ലാവാപ്രവാഹം.
കാർബണറ്റൈറ്റ് വിഭാഗത്തിലുള്ള ലാവ പുറന്തള്ളുന്ന ലോകത്തെ ഒരേയൊരു അഗ്നിപർവതമാണ് ഒ ഡോയ്‌നിയോ ലെംഗായ്. വളരെ ഒഴുക്കുള്ള ലാവയാണ് ഇത്. കാൽസ്യം, സോഡിയം തുടങ്ങിയ ക്ഷാര മൂലകങ്ങൾ ധാരാളമുള്ള ഈ ലാവയിൽ സിലിക്കയുടെ അളവ് വളരെക്കുറവാണ്. മറ്റ് അഗ്നിപർവതങ്ങളിൽ നിന്ന് സാധാരണയായി പുറന്തള്ളപ്പെടുന്ന ലാവയിൽ സിലിക്കയുടെ അളവ് കൂടുതലാണ്.
ഈ അഗ്നിപർവതത്തിൽ നിന്നുള്ള ലാവ വിസ്‌ഫോടന സമയത്ത് കറുപ്പ് നിറമാണെങ്കിലും കുറച്ചുസമയം കഴിയുന്നതോടെ വെളുത്ത നിറമായി മാറും. ഈ അഗ്നിപർവതത്തിന്റെ നീളം നാൾക്കുനാൾ കുറഞ്ഞുവരികയാണെന്ന് സമീപകാലത്തെ പഠനങ്ങൾ വ്യക്തമാക്കുന്നു.