ADVERTISEMENT

ഇന്ന് Knowttyയുടെ കോടതിയിൽ  കേസ് ഫയൽ ചെയ്തിരിക്കുന്നത്  നാഡീ വ്യവസ്ഥയാണ്. അടിയന്തര സാഹചര്യങ്ങളിൽ  പ്രവർത്തിക്കുമ്പോഴുള്ള അംഗീകാരം നേടുന്നതിനായി അന്തഃസ്രാവീ  വ്യവസ്ഥയ്ക്കെതിരെയാണ് കേസ്.

നാഡീ വ്യവസ്ഥ: യുവർ ഓണർ, അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നുവെന്ന് അന്തഃസ്രാവീ വ്യവസ്ഥ അവകാശവാദം ഉന്നയിക്കുന്നു. എന്നാൽ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനോ ആ സന്ദർഭത്തിൽ നിന്നു രക്ഷപ്പെടുന്നതിനോ വേണ്ട പ്രതികരണം മില്ലിസെക്കൻഡുകൾക്കുള്ളിൽ നടപ്പാക്കുന്നത് ഞാനാണെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഞാനാണ് യഥാർഥത്തിൽ ആദ്യ പ്രതികരണക്കാരൻ!‘ അല്ലാതെ അന്തഃസ്രാവീ വ്യവസ്ഥ അല്ല.

അന്തഃസ്രാവീ വ്യവസ്ഥ: നിങ്ങൾ വളരെ വേഗത്തിലായിരിക്കാം പ്രതികരിക്കുന്നത്, പക്ഷേ ആ പ്രതികരണം തുടർന്ന് നിലനിർത്തുന്നത് ഞാനാണ്. പ്രതികരണത്തെ നിലനിർത്തുന്ന എപിനെഫ്രിൻ, നോർഎപിനെഫ്രിൻ തുടങ്ങിയ നിർണായക ഹോർമോണുകൾ ഞാൻ പുറത്തുവിടുന്നു. ഞാനില്ലായിരുന്നെങ്കിൽ, താങ്കളുടെ മിന്നുന്ന പ്രതികരണങ്ങൾ പെട്ടെന്നുതന്നെ ഇല്ലാതാകും. അതിനാൽ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിലെ പ്രമുഖയായി എന്നെ പ്രഖ്യാപിച്ച് വിധിയുണ്ടാകണം.

നാഡീ വ്യവസ്ഥ: എപിനെഫ്രിനും നോർപിനെഫ്രിനും പ്രധാനമാണ്. അത് അംഗീകരിക്കുന്നു. പക്ഷേ അവരുടെ ചരടുകൾ നിയന്ത്രിക്കുന്നത് ഞാനാണ്! ഞാൻ ഹൈപ്പോതലാമസിലൂടെയും പിറ്റ്യൂട്ടറിയിലൂടെയും അഡ്രീനൽ മെഡുല്ലയിൽ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ വേണ്ട തുടക്കം കുറിക്കുന്നു. ഇത് ശരീരത്തെ വളരെ പെട്ടെന്ന് അടിയന്തിര ഘട്ടങ്ങളെ നേരിടുന്നതിന് പ്രവർത്തനക്ഷമമാക്കുന്നു.

അന്തഃസ്രാവീ വ്യവസ്ഥ: ഒബ്ജക്‌ഷൻ യുവർ ഓണർ, അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിൽ നാഡീ വ്യവസ്ഥയുടെ പ്രതികരണം പെട്ടെന്നായിരിക്കാം, പക്ഷേ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാനാണ്. നാഡീ വ്യവസ്ഥ ഉടനടി അടിയന്തര ഘട്ടങ്ങളെ നേരിടുമ്പോൾ, ഞാൻ തിരശ്ശീലയ്ക്ക് പിന്നിലുണ്ട്. അടിയന്തര ഘട്ടം നേരിടുന്ന സമയത്തും ശേഷവും ശാരീരിക പ്രവർത്തനങ്ങളെ സ്ഥിരമായി നിലനിർത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് ഞാനാണ്.

ജഡ്ജി Knowtty: നിങ്ങൾ രണ്ടുപേരും അവതരിപ്പിക്കുന്ന വാദങ്ങൾ ശരിയാണ്. അടിയന്തര ഘട്ടങ്ങളിൽ നാഡീ വ്യവസ്ഥയുടേതാണ് ആദ്യ പ്രതികരണം. അതേസമയം അന്തഃസ്രാവീ വ്യവസ്ഥ ആ പ്രതികരണത്തെ തുടർന്ന് നിലനിർത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിന് ദ്രുത റിഫ്ളക്സുകളും തുടർച്ചയായ പിന്തുണയും ആവശ്യമാണ്.

നാഡീ വ്യവസ്ഥ: ശരി, ഹോർമോണുകളായ എപിനെഫ്രിനും നോർഎപിനെഫ്രിനും ഉപയോഗിച്ച് അന്ത:സ്രാവീ വ്യവസ്ഥ എന്നെ പിന്തുണയ്ക്കുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു, അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിൽ ഈ ടീം വർക്ക് പ്രധാനമാണ്. 

അന്തഃസ്രാവീ വ്യവസ്ഥ: നാഡീ വ്യവസ്ഥയുടെ പെട്ടെന്നുള്ള ഇടപെടൽ ഇല്ലെങ്കിൽ, ആ ഹോർമോണുകൾ എപ്പോൾ പുറത്തുവിടുമെന്ന് എനിക്കറിയില്ല എന്ന് ഞാനും സമ്മതിക്കുന്നു. എല്ലാറ്റിലുമുപരി ഞങ്ങൾ സമതുലിതമായ ഒരു ജോഡിയായിട്ടാണ് പ്രവർത്തിക്കേണ്ടത്. 

ജഡ്ജി Knowtty വിധി വായിക്കുന്നു: രണ്ടു പേരും പരസ്പരം അംഗീകരിച്ചതിനാൽ ഈ കേസ് ഇവിടെ തീർപ്പാക്കുന്നു. വിജയകരമായ  അടിയന്തര പ്രതികരണങ്ങൾക്ക് വേഗത്തിലുള്ള പ്രവർത്തനവും സ്ഥിരമായ പിന്തുണയും ആവശ്യമാണ്. ശരീരം സുരക്ഷിതമായും സന്തുലിതമായും നിലനിർത്തുന്നതിൽ നിങ്ങൾ രണ്ടുപേരും പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ടീം വർക്കിന് അഭിനന്ദനങ്ങൾ!

അടിയന്തര ഘട്ടങ്ങളിൽ സ്വതന്ത്ര നാഡീ വ്യവസ്ഥയുടെ പ്രവർത്തനം

∙ സിംപതറ്റിക് വ്യവസ്ഥ : അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിനോ  അവിടെ നിന്നു രക്ഷപ്പെടുന്നതിനോ ഉള്ള പ്രതികരണം സജീവമാക്കുന്നു, അടിയന്തര ഘട്ടങ്ങളിൽ ഉടനടി നടപടിയെടുക്കാൻ ശരീരത്തെ സജ്ജമാക്കുന്നു.

∙ പാരാസിംപതറ്റിക് വ്യവസ്ഥ : അടിയന്തര ഘട്ടത്തിനു ശേഷം ശരീരത്തെ  സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാനും വിശ്രമിക്കാനും സഹായിക്കുന്നു.

അഡ്രീനൽ ഗ്രന്ഥിയുടെ മെഡുല്ല ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളും അവയുടെ പ്രവർത്തനവും

∙ എപിനെഫ്രിൻ (അഡ്രിനാലിൻ) : അടിയന്തര സാഹചര്യങ്ങളിൽ  സിംപതറ്റിക് നാഡീ വ്യവസ്ഥയോടൊത്തു ചേർന്ന് പ്രവർത്തിക്കുന്നു. ഇതുവഴി  ഇത്തരം സാഹചര്യങ്ങളിൽ പോരാടാനോ  പിന്തിരിഞ്ഞോടാനോ കഴിയുന്നു.

∙ നോർഎപിനെഫ്രിൻ  (നോർഅഡ്രിനാലിൻ) : എപിനെഫ്രിനോടൊപ്പം ചേർന്നു  പ്രവർത്തിക്കുന്നു.

English Summary:

Nervous System vs. Endocrine System: Who REALLY Handles Emergencies?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com