ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ: നഗ്നനേത്രത്താൽ നമുക്ക് കാണാം
Mail This Article
ബാക്ടീരിയ എന്ന വാക്ക് നമുക്ക് വളരെ പരിചിതമാണ്. വൈറസ് പോലെ തന്നെ പല രോഗങ്ങൾക്കും കാരണമാകുന്ന സൂക്ഷ്മജീവികളാണ് ബാക്ടീരിയകൾ. എന്നാൽ ശരീരത്തിനും പരിസ്ഥിതിക്കും സഹായികളായ ബാക്ടീരിയകളുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ ഏതാണ്. അതിന്റെ പേരാണ് തയോമാർഗരീറ്റ മാഗ്നിഫിക്കാന. കരീബിയൻ മേഖലയിലെ ഒരു ചതുപ്പുനിലത്തു നിന്നാണ് ഇതിനെ 2022ൽ കണ്ടെത്തിയത്. കൂടുതൽ ബാക്ടീരിയകളും സൂക്ഷ്മജീവികളാണ്. എന്നാൽ ഇതിനെ മൈക്രോസ്കോപിന്റെ സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാൻ സാധിക്കും.
വെള്ളനിറത്തിൽ ഒരു നാരുപോലെയുള്ള ഈ ബാക്ടീരിയയ്ക്ക് 9 മില്ലിമീറ്ററാണു നീളം. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ബാക്ടീരിയയെക്കാൾ 50 മടങ്ങാണ് ഈ നീളം. സാധാരണ മനുഷ്യർക്കിടയിൽ എവറസ്റ്റ് പർവതത്തിന്റെ പൊക്കമുള്ള മനുഷ്യർ ജീവിച്ചാൽ എങ്ങനെയിരിക്കും? അതേപോലെയാണ് ഈ ബാക്ടീരിയയെയും സാധാരണ ബാക്ടീരിയകളെയും തമ്മിൽ ഗവേഷകർ താരതമ്യം ചെയ്യുന്നത്.
കരിബീയൻ മേഖലയിലെ ഫ്രഞ്ച് അധീന ദ്വീപായ ഗ്വാഡലൂപ്പിൽ ചതുപ്പിൽ മുങ്ങിക്കിടക്കുന്ന സസ്യങ്ങളുടെ ഇലകളിൽ നിന്നാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്. യൂണിവേഴ്സ് ഓഫ് ഫ്രഞ്ച് വെസ്റ്റ് ഇൻഡീസ് ആൻഡ് ഗയാനയിലെ ബയോളജിസ്റ്റായ ഒലിവർ ഗ്രോസാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ആദ്യം ഇത് ഒരു ബാക്ടീരിയയാണെന്നു മനസ്സിലാക്കാൻ ഈ ഗവേഷകനു കഴിഞ്ഞില്ല. കലിഫോർണിയയിലെ ലോറൻസ് ബെർക്ക്‌ലി നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീൻ മേരി വോളൻഡും ഈ ഗവേഷണത്തിൽ പങ്കാളിയായിരുന്നു.
ചിപ്പികളുടെ തോടുകൾ, പാറകൾ, ചതുപ്പിലെ കുപ്പികൾ തുടങ്ങിയവയിലും ഈ ബാക്ടീരിയകൾ പറ്റിപ്പിടിച്ചു ജീവിക്കുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഇതിത്രയും വലുതയാതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. ഒരു പക്ഷേ മറ്റുസൂക്ഷ്മജീവികൾ ആക്രമിക്കുന്നതിനു തടയിടാനാകും ഈ വലുപ്പം ബാക്ടീരിയ കൈവരിച്ചതെന്നു ശാസ്ത്രജ്ഞർ പറയുന്നു. ആറു മനുഷ്യവാസമുള്ള ദ്വീപുകളും 2 മനുഷ്യവാസമില്ലാത്ത ദ്വീപുകളും അടങ്ങുന്ന ദ്വീപസമൂഹമാണ് ഗ്വാഡിലൂപ്. നാലു ലക്ഷത്തോളം ആളുകൾ ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്.