യുദ്ധരംഗത്ത് പ്രവർത്തിച്ച ഗാന്ധിജി, കണ്ടത് രണ്ടു സിനിമകൾ
Mail This Article
1942 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് അറസ്റ്റിലായ ഗാന്ധിജിയെ പുണെയിലെ ആഗ ഖാൻ ജയിലിലാണ് പാർപ്പിച്ചത്. ആ സമയത്ത് പല രോഗങ്ങളും അദ്ദേഹത്തെ അലട്ടി. വിരശല്യവും അമീബിക് ഇൻഫെക്‌ഷനും മലേറിയയും ബാധിച്ച അദ്ദേഹം ഏറെ ക്ഷീണിതനാവുകയും അനീമിയ ബാധിക്കുകയും ചെയ്തു. 1944 മേയ് 6നു ജയിൽ മോചിതനായ അദ്ദേഹത്തോട് കടൽത്തീരത്തുള്ള വസതിയിൽ താമസിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. വ്യവസായിയായ ജഹാംഗീർ പട്ടേൽ ജുഹു ബീച്ചിനടുത്തുള്ള തന്റെ വീട് ഗാന്ധിജിക്കു താമസിക്കാനായി നൽകി. ആ വീട്ടിലെ താമസത്തിനിടെ, മാഡ്‌ലിൻ സ്ലെയ്ഡ് എന്ന മീരാ ബെൻ ഒരു സിനിമ കാണണം എന്ന് ഗാന്ധിജിയോട് അഭ്യർഥിച്ചു. ലണ്ടനിൽ വച്ച് ചാർളി ചാപ്ലിനെ കാണാൻ നിർദേശിച്ചവരോട് ആരാണ് ചാപ്ലിൻ എന്ന് ചോദിച്ച, സിനിമാശാലകൾക്ക് പകരം നെയ്ത്തുശാലകൾ തുടങ്ങുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട ഗാന്ധിജി അതിനു സമ്മതിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
‘മിഷൻ ടു മോസ്കോ’
സോവിയറ്റ് യൂണിയനിലെ മുൻ അമേരിക്കൻ അംബാസിഡർ ആയിരുന്ന ജോസഫ് ഡേവിസിന്റെ പുസ്തകത്തെ ആസ്പദമാക്കി നിർമിച്ച ‘മിഷൻ ടു മോസ്കോ’ എന്ന സിനിമ അന്ന് ഏറെ പ്രശസ്തമായിരുന്നു. ഇന്ത്യക്കാരുടെ സഹനസമരം പോലെ തന്നെ റഷ്യൻ ജനതയുടെ കഷ്ടപ്പാടുകൾ വിവരിക്കുന്ന സിനിമയാണെന്നും അത് ഇഷ്ടപ്പെടുമെന്നുമെല്ലാം കൂടെയുള്ളവർ നിർബന്ധിച്ചപ്പോൾ ഗാന്ധിജി സമ്മതിച്ചു. അങ്ങനെ 1944 മേയ് 21നു ഗാന്ധിജി ജീവിതത്തിൽ ആദ്യമായി സിനിമ കണ്ടു. ഇതിനു വേണ്ടി, വ്യവസായിയായ നരോത്തം മൊറാർജിയുടെ ബംഗ്ലാവിനടുത്ത് ആ സിനിമ പ്രദർശിപ്പിക്കാൻ ബോംബെ മുനിസിപ്പാലിറ്റി താൽക്കാലിക വൈദ്യുതി കണക്‌ഷൻ അനുവദിക്കുകയായിരുന്നു. എന്നാൽ ഗാന്ധിജിക്ക് സിനിമ തീരെ ഇഷ്ടമായില്ല. മാത്രമല്ല അതിലെ പല രംഗങ്ങളും വസ്ത്രധാരണവും നൃത്തങ്ങളുമൊക്കെ അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും ചെയ്തു. സിനിമ കാണാൻ നിർദേശിച്ചവരെ ശകാരിക്കുകയും ചെയ്തു ഗാന്ധിജി.
രാമരാജ്യം
ആ സമയത്തു തന്നെയാണു കനു ദേശായി രാമായണത്തെ അധികരിച്ചു കൊണ്ട് രാമരാജ്യം എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത്. അതു ഗാന്ധിജിക്കു തീർച്ചയായും ഇഷ്ടപ്പെടുമെന്ന് അദ്ദേഹം കരുതി. ഗാന്ധിജിയുടെ സുഹൃത്തും വ്യവസായിയുമായ ശാന്തികുമാർ മൊറാർജിയോട് ഗാന്ധിജിയെ ക്ഷണിക്കാൻ ആവശ്യപ്പെട്ടു. ഒരു വിദേശ സിനിമ കണ്ട വിഷമത്തിലിരിക്കുന്ന ഗാന്ധിജിക്ക് അദ്ദേഹത്തിന്റെ ആശയങ്ങൾക്കു യോജിച്ച കഥയുള്ള ഈ പുരാണ സിനിമ ഇഷ്ടമാകുമെന്നു കനു ദേശായി ശാന്തി കുമാറിനെ ധരിപ്പിച്ചു. രാമരാജ്യത്തിന്റെ സംവിധായകനായ വിജയ് ഭട്ടിനെ മുൻപൊരിക്കൽ ഗാന്ധിജി പരിചയപ്പെട്ടിരുന്നു. അദ്ദേഹം സിനിമാ സംവിധായകനാണെന്നറിഞ്ഞപ്പോൾ തന്റെ പ്രിയ കവിയായ നരസിംഹ മേത്തയുടെ ജീവിതം പ്രമേയമാക്കി ഒരു സിനിമ നിർമിക്കാൻ ആവശ്യപ്പെടുകയും അതു പ്രകാരം അദ്ദേഹം ഒരു സിനിമ നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗാന്ധിജിയുടെ നിർദേശപ്രകാരം നിർമിച്ച സിനിമ ഗാന്ധിജിയെ കാണിക്കാൻ അവസരം ലഭിക്കാത്തതിനാൽ ദുഖിതനുമായിരുന്നു അദ്ദേഹം. അങ്ങനെ 1944 ജൂൺ 2ന് രാത്രി ജുഹുവിലെ ശാന്തി കുമാർ മൊറാർജിയുടെ ബംഗ്ലാവിൽ വച്ച് അദ്ദേഹം തന്റെ രണ്ടാമത്തെ സിനിമയും കണ്ടു. സിനിമയുടെ പ്രമേയമൊക്കെ ഇഷ്ടമായെങ്കിലും അതിലെ ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഗാന്ധിജിക്ക് അസ്വസ്ഥത സൃഷ്ടിച്ചു. പിന്നീട് ജീവിതത്തിലൊരിക്കലും അദ്ദേഹം സിനിമ കണ്ടിട്ടില്ല.
സിനിമയിൽ ഗാന്ധി
ഗാന്ധിജിയെ പ്രമേയമാക്കി ഒട്ടേറെ ഡോക്യുമെന്ററികളും സിനിമകളും പുറത്തിറങ്ങി. ന്യൂസ് റീൽ ക്യാമറാമാനായിരുന്ന എ.കെ.ചെട്ടിയാർ പല രാജ്യങ്ങളിലും സഞ്ചരിച്ച് മൂന്നു വർഷങ്ങൾ കൊണ്ട് നിർമിച്ച Mahatma Gandhi: 20th Century Prophet ആണ് ഗാന്ധിജിയെക്കുറിച്ചുള്ള ആദ്യ പ്രധാന ഡോക്യുമെന്ററി. ഫിലിം ഇന്ത്യ എന്ന മാസിക തലക്കെട്ടായി നൽകിയത് 'Mahatma Gandhi becomes a film star' എന്നാണ്. 1935ലെ കോമഡി സിനിമയായ Everybody Likes Music, 1939ലെ Gunga Din എന്നീ ഹോളിവുഡ് സിനിമകൾ ഗാന്ധിജിയെ അവഹേളിക്കുന്നവയായിരുന്നു. എന്നാൽ ഗാന്ധിജി ഒരു മുഴുനീള കഥാപാത്രമായി വന്ന ആദ്യത്തെ ഹോളിവുഡ് സിനിമ 1963ൽ പുറത്തിറങ്ങിയ Nine Hours to Rama ആണ്. ഗാന്ധിവധമായിരുന്നു പ്രമേയം.
ചാൾസ് അറ്റ്‌ലസിന്റെ ശിഷ്യൻ
ഇറ്റലിക്കാരൻ ആഞ്ചെലോ സിസിലിയാനോ എന്ന ചാൾസ് അറ്റ്‌ലസ് അമേരിക്കയിൽ ഫിറ്റ്നസ് രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ച സമയം. ലോകമെങ്ങും നിന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് തപാൽ കോഴ്‌സിന് ആവശ്യക്കാരുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റുമാരും ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുമെല്ലാം അദ്ദേഹത്തിന്റെ ശിഷ്യരായി മാറി. ഗാന്ധിജിയും തന്നോട് വ്യായാമത്തെയും ഭക്ഷണരീതികളെയും സംബന്ധിച്ച് കത്തുകളിലൂടെ ഉപദേശങ്ങൾ തേടിയിരുന്നു എന്നും എന്നാൽ താൻ ഗാന്ധിജിയുടെ കയ്യിൽ നിന്നും കാശൊന്നും വാങ്ങിയിരുന്നില്ല എന്നും അറ്റ്‌ലസ് 1942ൽ ദ് ന്യൂയോർക്കറിലെ റോബർട്ട് ടെയിലർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗാന്ധിജിയുടെ ചെറുമകൻ അരുൺ ഗാന്ധിയും പിന്നീട് അറ്റ്‌ലസിന്റെ ബോഡി ബിൽഡിങ് കോഴ്സിൽ ചേരുകയുണ്ടായി.
ഗാന്ധിജിയുടെ യുദ്ധങ്ങൾ
സർജന്റ് മേജർ മോഹൻദാസ് എന്ന പേരിൽ ബ്രിട്ടിഷ് സേനയുടെ കൂടെ പല യുദ്ധങ്ങളിലും ഗാന്ധിജി ഭാഗമായി.
ബംബാത്ത കലാപം (1906): ജനദ്രോഹപരമായ നികുതികൾ ഇടയ്ക്കിടെ അടിച്ചേൽപിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് അവരുടെ നേതാവായ ബംബാത്തയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിലെ സുലു വംശജർ ബ്രിട്ടിഷുകാർക്കെതിരെ ചെയ്ത യുദ്ധമായിരുന്നു ഇത്. ബ്രിട്ടിഷ് പക്ഷ ത്തിനു വേണ്ട സഹായങ്ങൾ നൽകാൻ ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തി ലൂടെ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു.
ഒന്നാം ലോകയുദ്ധം:
ഗാന്ധിജി ഉൾപ്പെടെ അറുപ തോളം പേർ മൂന്നു മാസത്തെ ആംബുലൻസ് ട്രെയ്നിങ് കോഴ്സ് പഠിക്കുകയും പിന്നീട് അവർക്ക് രണ്ടു മാസത്തെ ട്രെയ്നിങ് ലഭിക്കുകയും ചെയ്തു. ഇന്ത്യൻ വോളന്റിയർ കോർ എന്ന സേനയിലാണ് ഗാന്ധിജി അംഗമായിരുന്നത്.
രണ്ടാം ബോയർ യുദ്ധം: 1899നും 1902നും ഇടയിൽ നടന്ന ഒട്ടേറെ യുദ്ധങ്ങൾ ചേർന്നാണ് ഈ പേരിലറിയപ്പെട്ടത്. നേറ്റാൽ ആംബുല ൻസ് കോർ രൂപീകരിച്ചു കൊണ്ട്, യുദ്ധത്തിൽ പരുക്കേറ്റ ബ്രിട്ടിഷുകാരെ ശുശ്രൂഷിച്ച ഗാന്ധിജിയുൾപ്പെടെ നാൽപതോളം പേർക്ക് അവരുടെ സേവനത്തെ പ്രശംസിച്ചു കൊണ്ട് യുദ്ധ മെഡലുകൾ നൽകി. മോണിങ് പോസ്റ്റ് എന്ന പത്രത്തിന് വേണ്ടി യുദ്ധം റിപ്പോർട്ട് ചെയ്യാൻ വിൻസ്റ്റൺ ചർച്ചിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു കൊണ്ട് ആർതർ കൊനാൻ ഡോയലും പങ്കെടുത്തത് ഇതേ യുദ്ധത്തിലായിരുന്നു.
സ്‌പിയോൺ കോപ് യുദ്ധം:
ലേഡി സ്മിത്ത് എന്ന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വേണ്ടി നടന്ന യുദ്ധം. രണ്ടാം ബോയർ യുദ്ധത്തിന്റെ ഭാഗമായിരുന്നു. സ്‌പിയോൺ കോപ് മലനിരകളിൽ വച്ച് നടന്നതിനാലാണ് ആ പേര് ലഭിച്ചത്.
കൊലെൻസോ യുദ്ധം: ഇതും രണ്ടാം ബോയർ യുദ്ധത്തിന്റെ ഭാഗമായിരുന്നു.കൊലെൻസോ നഗരത്തിൽ വച്ച് നടന്ന ഈ യുദ്ധത്തിൽ ജനറൽ ബുള്ളറിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ ഭാഗമായി സ്‌ട്രെച്ചർ ടീമിലാണ് ഗാന്ധിജി പ്രവർത്തിച്ചത്.