ADVERTISEMENT

ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ സഞ്ചാരി സുനിത വില്യംസിനെ തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ–9 ഡ്രാഗൺ ക്യാപ്സ്യൂൾ പേടകം നിലയത്തിലെത്തി. സുനിതയ്ക്കൊപ്പം ബഹിരാകാശത്ത് കുടുങ്ങിയ ബച്ച് വിൽമോറും ഇതിൽ ഫെബ്രുവരിയോടെ തിരിച്ചെത്തും. ക്രൂ–9 ദൗത്യത്തിന്റെ ഭാഗമായി നാസ സഞ്ചാരിയായ നിക് ഹേഗും റഷ്യയുടെ അലക്സാണ്ടർ ഗോർബുനോവും നിലയത്തിലെത്തി. ഞായർ രാത്രി വൈകിയാണ് നിലയവുമായി പേടകം ബന്ധിക്കപ്പെട്ടത്.

ബഹിരാകാശത്ത് എത്തിയശേഷം ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങാനിരുന്നതാണ് സുനിതയും ബച്ചും. എന്നാൽ അവരെ തിരികെ കൊണ്ടുവരേണ്ടിയിരുന്ന ബോയിങ് സ്റ്റാർലൈനർ പേടകം തകരാറിലായതാണ് ഇതിനു വിനയായത്. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനം സുനിതയ്ക്കാണ്. തകരാറിലായ സ്റ്റാർലൈനർ പേടകം പിന്നീട് ആളില്ലാതെ ന്യൂ മെക്സിക്കോ മരുഭൂമിയിൽ ഇറക്കിയിരുന്നു.

ഇതു രണ്ടാം തവണയാണ് സുനിത നിലയത്തിന്റെ കമാൻഡറാകുന്നത്. ആദ്യമായി 2012ൽ ആണ് സുനിത കമാൻഡ് ഏറ്റെടുത്തത്. ഒലേഗ് കൊനൊനെങ്കോ എന്ന റഷ്യൻ കോസ്മനോട്ടായിരുന്നു സുനിതയ്ക്ക് മുൻപ് കമാൻഡ് വഹിച്ചിരുന്നത്. ഇദ്ദേഹം ഉടനെതന്നെ ഭൂമിയിലേക്ക് തിരികെപ്പോകാൻ ഇരിക്കുകയാണ്. അതിനാലാണ് സുനിതയ്ക്ക് കമാൻഡ് മാറ്റിനൽകിയത്.

യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998 ൽ ആണു നാസയുടെ ബഹിരാകാശയാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ നേരം ബഹിരാകാശത്തു നടന്ന (50 മണിക്കൂർ 40 മിനിറ്റ്) രണ്ടാമത്തെ വനിതയാണ്. 

1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകൾ. 1983ൽ യുഎസിലെ നീധാം ഹൈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ സുനിത 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ഫിസിക്കൽ സയൻസസിലായിരുന്നു ഇത്. 1995ൽ ഫ്‌ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 

1987 മുതൽ തന്നെ യുഎസ് നേവിയിൽ സുനിത പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1989ൽ നേവൽ ഏവിയേറ്റർ എന്ന സ്ഥാനത്തെത്തി. ധാരാളം സൈനിക ദൗത്യങ്ങളിൽ സുനിത വില്യംസ് പങ്കെടുത്തിട്ടുണ്ട്. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുനിത മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ടായിരുന്നു. നാസയിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു സുനിതയുടെ പരിശീലനം. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത. ഇന്ത്യ പദ്മഭൂഷൺ ബഹുമതി സുനിതയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

English Summary:

Sunita Williams Rescue Mission Reaches Space Station: Return to Earth Imminent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com