ADVERTISEMENT

തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ നാസ്ക മരുഭൂമിയിൽ നിന്ന് എഐ ഉപയോഗിച്ച് മുൻപ് കാണാത്ത തരം 300 നാസ്ക ചിത്രങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന ചില വിചിത്ര രൂപങ്ങൾ, ചില ചടങ്ങുകളുടെ ചിത്രങ്ങൾ, കത്തിയുമായി നിൽക്കുന്ന ഒരു ഓർക്ക തിമിംഗലം എന്നിവ ഇക്കൂട്ടത്തിൽപെടും. ഇതോടെ മനുഷ്യർക്ക് അറിയാവുന്ന നാസ്ക ചിത്രങ്ങളുടെ എണ്ണം ഏകദേശം ഇരട്ടിയായി.

കുസ്കോ, ഇൻക തുടങ്ങിയ ആദിമസംസ്കാരങ്ങൾ നിലനിന്നയിടമാണ് പെറു. പെറുവിലെ ദുരൂഹമായ സംഭവങ്ങളാണ് നാസ്ക ചിത്രങ്ങൾ. ലിമയിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് ഇവ. മൃഗങ്ങളുടെയും മനുഷ്യരുടെയും ആളുകളുടെയും രൂപമുള്ള ചിത്രങ്ങൾ അടങ്ങിയവയാണ് ഇവ. മുകളിൽ നിന്നു നോക്കിയാൽ മാത്രമേ ഈ ചിത്രങ്ങൾ മനസ്സിലാവുകയുള്ളൂ. ഇതിനു മുൻപ് 350ൽ അധികം നാസ്ക ചിത്രങ്ങളായിരുന്നു മനുഷ്യർക്ക് അറിവുള്ളത്. ഇതിൽ ഏറ്റവും ദുരൂഹതയുള്ള ചിത്രം, മനസ്സിലാവാത്ത ചില വിവരണങ്ങളോടെ വരച്ചിട്ടുള്ള ആസ്ട്രനോട്ട് എന്ന ചിത്രമാണ്. ഇതൊരു അന്യഗ്രഹജീവിയെയാണ് കാണിക്കുന്നത് എന്നു ചിലർ വിശ്വസിക്കുന്നു. എഡി 1 മുതൽ 700 വരെ ഇവിടെ ജീവിച്ച നാസ്ക വിഭാഗത്തിലെ ആളുകളാണ് ചിത്രങ്ങൾ വരച്ചത്. 

nazca-lines-mystery-deepens-aliens-rituals-discovered1
ചിത്രത്തിന് കടപ്പാട് : എക്സ്

1930ൽ അമേരിക്കൻ ചരിത്രകാരനായ പോൾ കൊസോക്, ഈ ചിത്രങ്ങൾ ജ്യോതിശ്ശാസ്ത്രപരമായ കാര്യങ്ങൾക്കായാണു നാസ്കകൾ വരച്ചതെന്ന് പറഞ്ഞു. നാസ്കകൾ ജ്യോതിശ്ശാസ്ത്രത്തിൽ തൽപരരായിരുന്നു.‘ചാരിയറ്റ് ഓഫ് ഗോഡ്സ്’ എന്ന വിഖ്യാത ഗൂഢവാദ പുസ്തകത്തിന്റെ രചയിതാവായ എറിക് വോൺ ഡാനികൻ, അന്യഗ്രഹജീവികൾ തങ്ങളുടെ ലാൻ‍ഡിങ് സൈറ്റായി ഉപയോഗിച്ച പ്രദേശമാണിതെന്ന് പുസ്തകത്തിൽ വിശേഷിപ്പിച്ചു. എന്നാൽ 1960ൽ ഈ മേഖലയിൽ പഠനം നടത്തിയ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെറാൾഡ് ഹോക്കിൻസ് ഈ വാദത്തെ എതിർത്തു.

പെറുവിന്റെ അയൽരാജ്യമായ ചിലെയിലും അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് ധാരാളം വിശേഷങ്ങളുണ്ട്. അന്യകഗ്രഹപേടകങ്ങളെന്നു സംശയിക്കുന്ന സ്ഥിരീകരിക്കാത്ത പറക്കൽ വസ്തുക്കൾ (യുഎഫ്ഒ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു ചിലെ. ഇത്തരം യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. യുഎഫ്ഒ റിപ്പോർട്ടുകളെപ്പറ്റി പഠിക്കാനും സാധ്യതകൾ വിലയിരുത്താനും 1997ൽ സിഇഎഫ്എഎ എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗത്തിനു തന്നെ ചിലിയൻ സർക്കാർ തുടക്കമിട്ടിരുന്നു.

English Summary:

Alien or Orca Assassin? 300 New Nazca Lines Discovered in Peru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com