യൂറോപ്പ് സ്വന്തമായി ഒരു ചന്ദ്രനെ ഉണ്ടാക്കുന്നു! ഒരുങ്ങുന്നത് ജർമനിയിൽ
Mail This Article
ചന്ദ്രനൊപ്പം ഒരു കുഞ്ഞൻ ചന്ദ്രൻ എത്തിയ വാർത്തയൊക്കെ മാധ്യമങ്ങളിൽ കണ്ടിരുന്നല്ലോ. ഇപ്പോഴിതാ യൂറോപ്പ് സ്വന്തമായി ചന്ദ്രന്റെ ഒരു പകർപ്പ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി യൂറോപ്യൻ സ്‌പേസ് ഏജൻസിയും ജർമൻ എയ്‌റോസ്‌പേസ് സെന്ററും ചേർന്ന് ലൂണ അനലോഗ് ഫെസിലിറ്റി ഒരുക്കുകയാണ്. ലൂണ എന്ന വിളിപ്പേരിലാണ് ഇതറിയപ്പെടുന്നത്.
ജർമനിയിലെ കൊളോനെയ്ക്ക് സമീപത്താണ് ഈ ഫെസിലിറ്റി ഒരുക്കുന്നത്. 900 ടൺ പൊടിച്ച അഗ്നിപർവത പാറകളിട്ടാണ് ചന്ദ്രോപരിതലത്തിന്റെ പ്രതീതി ഈ കേന്ദ്രത്തിൽ സൃഷ്ടിക്കുക.
ചന്ദ്രനിൽ ഗുരുത്വാകർഷണം കുറവാണെന്ന് അറിയാമല്ലോ. ഇതു പുനസൃഷ്ടിക്കാനായി പ്രത്യേക ട്രോളി സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചന്ദ്രനിൽ സഞ്ചാരികളും റോവറുകളുമൊക്കെ നേരിടുന്ന ചലനങ്ങൾ പുനസൃഷ്ടിക്കും. ചന്ദ്രനിൽ സാധാരണ ഗതിയിൽ ഉടലെടുക്കുന്ന എല്ലാ കാര്യങ്ങളും ഫെസിലിറ്റിയിൽ അറിയാൻ സാധിക്കുമെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു.
700 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പരന്നുകിടക്കുന്ന ഈ ഫെസിലിറ്റിയിൽ ജർമനിയിലെ എയ്ഫൽ മേഖല, ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന, നോർവെ എന്നിവിടങ്ങളിലെ പാറകൾ ഉപയോഗിച്ചിട്ടുണ്ട്.
ചന്ദ്രനിൽ പ്രകടമായ സൺസ് ഗ്ലേർ എന്ന പ്രതിഭാസം പോലും ഇവിടെ ഒരുക്കും. ചന്ദ്രനിലെ ഗർത്തങ്ങളിൽ പര്യവേക്ഷണം നടത്താനും സാംപിളുകൾ ശേഖരിക്കാനുമുള്ള പ്രവർത്തനങ്ങളും ഇവിടെ കാണാനാകും. നിലവിൽ പദ്ധതിയുടെ കരടുരൂപമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പൂർത്തിയായി കഴിഞ്ഞാൽ ഭൂമിയിൽ ചന്ദ്രനെ അറിയാനുള്ള അവസരമാകും ഇവിടെയുണ്ടാകുക.