മഴപോലെ അസ്ത്രങ്ങളെയ്ത അശ്വാരൂഡൻമാർ: യൂറോപ്പിനെയും മധ്യേഷ്യയെയും വിറപ്പിച്ച സിതിയൻസ്
Mail This Article
2500 വർഷം മുൻപ് മധ്യേഷ്യയിലും കിഴക്കൻ യൂറോപ്പിലും താമസമുറപ്പിച്ച സിതിയൻ വംശത്തിന് സൈബീരിയിലാകാം വേരുകൾ എന്നു സാധ്യത പ്രവചിച്ച് പുതിയ പഠനം. സൈബീരിയയിൽ കണ്ടെത്തിയ 2800 വർഷം പഴക്കമുള്ള ഒരു സിതിയൻ ശവകുടീരത്തിൽ നടത്തിയ പഠനത്തിലാണ് ഇതു വെളിവായത്. ആന്റിക്വിറ്റി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രത്യക്ഷപ്പെട്ടത്.
ചൈനയുടെ ഉത്തരമേഖലകളിലും സൈബീരിയയുടെ ദക്ഷിണമേഖലകളിലുമായുള്ള പുൽമേടുകളിൽ ആവാസമുറപ്പിച്ച സായുധ വംശമായിരുന്നു സിതിയൻസ്, അശ്വാരൂഡൻമാരായിരുന്ന ഇവർ വലിയ യോദ്ധാക്കളായിരുന്നു. അസ്ത്രവിദ്യയിലായിരുന്നു ഇവർക്ക് ഏറ്റവും പ്രാവീണ്യം.
പിന്നീട് മംഗോളിയയിലും ചൈനയിലും എത്തിയ ഇവർ റഷ്യയിലെയും യുക്രെയ്നിലെയും ദക്ഷിണഭാഗങ്ങളിൽ ആധിപത്യമുറപ്പിച്ചു. ലോഹനിർമിതിയിലും വലിയ ശേഷിയുണ്ടായിരുന്ന ഇവർ സ്വർണത്തിനും അതിൽ നിർമിച്ച ആഭരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയ്ക്കും വലിയ പ്രാധാന്യം കൽപിച്ചു. ഇന്ത്യയിലും ഇവരിൽ നിന്നുള്ള ചില വംശങ്ങൾ എത്തിയിരുന്നു. ശകവംശമെന്ന് ഇവർ അന്ന് അറിയപ്പെട്ടു.
2300 വർഷം പഴക്കമുള്ള സിതിയൻ നിധിശേഖരം യുക്രെയ്നിൽ സൂക്ഷിച്ചിരുന്നു. യുക്രെയ്നിലെ മെലിറ്റോപോൾ മ്യൂസിയത്തിലായിരുന്നു വലിയ ചരിത്രപ്രാധാന്യമുള്ള നിധിയുള്ളത്. ഇതു യുദ്ധത്തിനിടെ റഷ്യ കരസ്ഥമാക്കിയെന്ന് ആരോപണങ്ങളുണ്ടായിരുന്നു. 98 സ്വർണനിർമിത വസ്തുക്കൾ ഉൾപ്പെട്ടതാണ് നിധി. സ്വർണത്തിൽ നിർമിച്ച പൂക്കളും പാത്രങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടും. ഇവയിൽ പലതും പ്രാചീന ഗ്രീസിൽ നിർമിച്ചവയും പിന്നീട് സിതിയൻമാർക്ക് സംഭാവനയും സമ്മാനവുമായി കിട്ടിയതുമാണ്. ഇതോടൊപ്പം തന്നെ മുന്നൂറിലധികം പ്രാചീന വെള്ളിനാണയങ്ങളും പഴയകാല ആയുധങ്ങളും ചരിത്രമെഡലുകളുമെല്ലാം മ്യൂസിയത്തിൽ നിന്ന് റഷ്യക്കാർ എടുത്തുകൊണ്ട് പോയിട്ടുണ്ട്.
സിതിയൻ വംശം ആധിപത്യമുറപ്പിച്ച മേഖലകളിലൊന്നായിരുന്നു മെലിറ്റോപോൾ. ഇവിടെ വലിയ ഒരു സിതിയൻ ശവനിലം സ്ഥിതി ചെയ്തിരുന്നു. ഇവിടത്തെ കല്ലറകളിൽ നിന്നാണ് അപൂർവവും അമൂല്യവുമായ സ്വർണവസ്തുക്കൾ ലഭിച്ചത്. ഇവയിൽ പലതും കീവ് മ്യൂസിയത്തിലാണ് ഇപ്പോഴുള്ളത്. ക്ഷണനേരത്തിൽ ശരവർഷം നടത്താൻ കഴിവുള്ള, കുതിരപ്പുറത്തു സഞ്ചരിക്കുന്ന വില്ലാളികളായിരുന്നു സിതിയൻ സേനകളുടെ പ്രധാന പിൻബലം. ശത്രുക്കളെ പൂർണമായും തച്ചുതകർക്കുന്നതു വരെ വിശ്രമമില്ലാതെ യുദ്ധം ചെയ്യുന്ന രീതിയും ഇവർക്കുണ്ടായിരുന്നു. അസ്ത്രങ്ങൾ വിഷത്തിൽ മുക്കുന്ന പതിവും സിതിയൻ സേനാംഗങ്ങൾക്കുണ്ടായിരുന്നു. പ്രത്യേകതരം മഴുക്കളും ഇവർ യുദ്ധത്തിൽ ഉപയോഗിച്ചിരുന്നു.