ADVERTISEMENT

2017 ഒക്ടോബറിലാണ് ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്രഗവേഷകനായ റോബർട്ട് വെറിക് ഒരു പ്രത്യേകതരം വസ്തുവിനെ ബഹിരാകാശത്ത് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയപ്പോൾ പാറക്കഷണമെന്ന് തോന്നിപ്പിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു. അനേകം ചർച്ചകൾക്ക് തുടക്കമിട്ട അതിനെ ഔമുവാമുവ എന്നു ശാസ്ത്രലോകം വിളിച്ചു.വിദൂരലോകത്തു നിന്നു ദൂതുമായി എത്തിയ അതിഥി– ഹവായിയൻ ഭാഷയിൽ ഇതാണ് ആ വാക്കിനർഥം.

നമ്മുടെ ഭൂമിയുൾപ്പെട്ട സൗരയൂഥത്തിനു പുറത്തു നിന്നു വന്നതായിരുന്നു 400 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഒരു സിഗാറിന്റെ രൂപമുള്ള ഈ പാറക്കഷണം. സൗരയൂഥത്തിനു പുറത്തു നിന്നു വരുന്ന വസ്തുക്കളെ ഇന്റ്ർസ്റ്റെല്ലാർ എന്ന വിഭാഗത്തിനു കീഴിലാണു ഗണിക്കുക. എന്നാൽ കേവലം ഒരു പാറക്കഷണം എന്നതിനപ്പുറം അന്യഗ്രഹജീവൻ സംബന്ധിച്ച ഒട്ടേറെ ചർച്ചകളും ഔമുവാമുവയുടെ വരവോടെ തുടങ്ങി.ഔമുവാമുവ വെറുമൊരു പാറക്കഷണമല്ലെന്നും മറിച്ച് അതൊരു ബഹിരാകാശ പേടകമോ, പേടകഭാഗമോ ആയിരിക്കാൻ സാധ്യതയുണ്ടെന്നും ചില ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു. സ്വാഭാവികമായ പാറക്കഷണങ്ങളെക്കാൾ കൂടിയ വേഗം ഉള്ളതാണ് ഇതിനു കാരണമായി പറഞ്ഞത്. സൂര്യന്റെ ആകർഷണത്തിനപ്പുറം മറ്റേതോ ഊർജസംവിധാനം ഇതിലുള്ളതാകാം കാരണം.നമ്മുടെ വിമാനങ്ങളിലുള്ളതു പോലെ.

oumuamua-ufo
Representative image. Photo Credits:/ Shutterstock.com

പ്രകാശം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള വികിരണങ്ങൾ കൊണ്ടോ പ്രവർത്തിക്കുന്ന ‘ലൈറ്റ് സെയിൽ’ വിഭാഗത്തിലുള്ള ബഹിരാകാശപേടകമാകാം ഔമുവാമുവയെന്നായിരുന്നു പലരും മുന്നോട്ടുവച്ച സാധ്യത. മറ്റു ഗ്രഹങ്ങളിലെയും നക്ഷത്രസംവിധാനങ്ങളിലെയും ജീവസാധ്യത നിരീക്ഷിക്കാനുള്ള ചാരപേടകമാകാം ഔമുവാമുവ.ഇന്നു ലോകരാജ്യങ്ങൾ മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനായി ഡ്രോണുകളും മറ്റും വിടുന്നതു പോലെ.

എന്നാൽ ഈ വാദം രാജ്യാന്തരതലത്തിൽ പൊതുചർച്ചകൾക്കു വിത്തിട്ടെങ്കിലും അദ്ദേഹത്തെ എതിർത്തു പല ശാസ്ത്രജ്ഞരും രംഗത്തുവന്നു. കഴമ്പില്ലാത്ത വാദമാണെന്നായിരുന്നു അവരുടെ അഭിപ്രായം. ഔമുവാമുവയെ കണ്ടെത്തിയ റോബർട്ട് വെറിക് ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ദീർഘനാളായി നിരീക്ഷിച്ച ശാസ്ത്രജ്ഞർ, അതിൽ നിന്ന് ആശയവിനിമയം ഒന്നും നടക്കുന്നതായി കണ്ടെത്തിയിട്ടില്ല. കൂടാതെ പ്രത്യേകതയായി പറയുന്ന ഉയർന്ന വേഗവും മറ്റും ഇതിന്റെ ഘടനാപരമായ പ്രത്യേകതകൾ മൂലവുമാകാം. ഏതായാലും കണ്ടെത്തി 7 വർഷം പിന്നിടുമ്പോഴും ദുരൂഹതകൾ അവസാനിക്കുന്നില്ല. ഇന്ന് ഔമാമുവ ഭൂമിയിൽ നിന്ന് ഏറെ അകലെ എത്തിക്കഴിഞ്ഞു. നമ്മുടെ ടെലിസ്കോപ്പുകൾക്കൊന്നും അതിനെ കണ്ടെത്താനോ നിരീക്ഷിക്കാനോ സാധ്യമല്ല.

English Summary:

'Oumuamua Mystery: Unveiling the Secrets of the Cigar-Shaped Object From Deep Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com