മസാലവട, ആമവട...നമ്മുടെ പ്രിയപ്പെട്ട പരിപ്പുവടയ്ക്ക് പേരുകൾ പലത്
Mail This Article
വട..നമുക്കേറെ പരിചിതമായ ഒരു പലഹാരം. സ്നാക്സായും ഇഡ്ഡലി–ദോശ തുടങ്ങിയവയ്ക്കൊപ്പം സൈഡായുമൊക്കെ കറുമുറാ വട തിന്നാൻ എന്തു രസമാണ്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട തുടങ്ങിയവയൊക്കെയാണ് നമ്മുടെ നാട്ടില്‍ പൊതുവായുള്ളതെങ്കിലും വടകളുടെ ലോകം വളരെ വിശാലമാണ്. തെക്കേ ഇന്ത്യയിലാണ് വടകളെങ്കിലും ബാര, ബോറ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഉത്തരേന്ത്യൻ പലഹാരങ്ങളൊക്കെ വടകുടുംബം തന്നെ. വടയും സമാനമായ പലഹാരങ്ങളും ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ്, സിംഗപ്പൂർ, മലേഷ്യ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗയാന, സൂരിനാം, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, ഫിജി തുടങ്ങി അനേകം രാജ്യങ്ങളിലുണ്ട്.
ഇന്ത്യക്കാർ പണ്ടു കുടിയേറിയ പല രാജ്യങ്ങളിലേക്കും വടയും പോയിട്ടുണ്ട്. സംഘ കാലഘട്ടത്തിലെ തമിഴ് സാഹിത്യത്തിൽ വടയെക്കുറിച്ച് പരാമർശമുണ്ട്. ബിഹാറിലെയും യുപിയിലെയും പ്രാചീന സാഹിത്യങ്ങളിലും വടയ്ക്കു സമാനമായ പലഹാരങ്ങളുടെ വിവരണമുണ്ട്. വടകൾ പലതരത്തിലുണ്ട്. ഉഴുന്നുവട നമുക്ക് ഉഴുന്നുവടയാണെങ്കിലും അതിനെ പൊതുവായി മെദുവട എന്നാണ് വെളിയിൽ വിളിക്കുന്നത്. മഡ്ഡുർ വട എന്ന കർണാടകയിലെ വട ഉള്ളി ചേർത്താണ് ഉണ്ടാക്കുന്നത്. അംബോഡിയെന്ന മറ്റൊരു വടയും കർണാടകയിലുണ്ട്. മുസറുവട, റവ വട, മഹാരാഷ്ട്രയിലെ സാബുദാന വട, ബറ്റാറ്റ വട, കീമ വട എന്നിങ്ങനെ വടകൾ അനേകം.
ഒരാളെ മിസ്സായി അല്ലേ,,,പരിപ്പുവട. നമ്മുടെ പ്രിയപ്പെട്ട പരിപ്പുവട യഥാർഥത്തിൽ മസാല വട എന്നറിയപ്പെടുന്ന വകഭേദമാണ്. തമിഴ്നാട്ടിൽ ഇതിനെ ആമവടയെന്നു വിളിക്കുന്നു. ആമയുടെ പുറന്തോടു പോലുള്ള രൂപമാണ് ഈ പേരിനു കാരണം. കർണാടകയിലും മറ്റു ചില സംസ്ഥാനങ്ങളിലുമൊക്കെ മസാലവടയുണ്ടെങ്കിലും കേരളത്തിലെ പരിപ്പുവട രുചിയിൽ വ്യത്യസ്തനാണ്.