തലതാഴ്ത്തിയാൽ തല കറങ്ങുന്ന ജിറാഫ്; അറിയാമോ നിങ്ങൾക്ക് ഇക്കാര്യങ്ങൾ?
Mail This Article
മൃഗങ്ങളുടെ കൂട്ടത്തിലെ ഉയരക്കാരനായ ജിറാഫിനെ അടുത്തറിയാത്തവരായി ആരുമുണ്ടാകില്ല. കൗതുകവും ഭംഗിയും ഏറെയുള്ള ഈ ജീവിയെ ആശ്ചര്യത്തോടെ നോക്കാത്തവർ ഉണ്ടാകില്ല. നീളൻ കഴുത്തുള്ള ഈ സുന്ദരന്റെ വിശേഷങ്ങൾ അക്കമിട്ട് നിരത്തിയാലും തീരില്ല. ആരുടെ മുന്നിലും കഴുത്ത് കുനിക്കാൻ ഇഷ്ടമില്ലാത്ത ഒരു വിരുതനാണ് ഈ ജിറാഫ്. അതിനു തക്കതായ കാരണവുമുണ്ട്. ജിറാഫിന് തന്റെ കഴുത്ത് ഏറെ നേരം താഴ്ത്തിപ്പിടിക്കാനാകില്ല. കഴുത്തിന്റെ നീളം കാരണം തലയിലെ രക്തസമർദ്ദം കൂടുന്നതിനാലാണിത്. അധികനേരം തലതാഴ്ത്തി നിന്നാൽ ആശാന് തല കറങ്ങും. അതിനാലാണ് തല ഉയർത്തി മരക്കൊമ്പുകളിലെ ഇലകൾ ഇവർ ഭക്ഷണമാക്കുന്നത്.
നീണ്ട കഴുത്തുണ്ടെങ്കിലും, മറ്റു സസ്തിനികളെ പോലെ ഏഴു കശേരുക്കളാണ് ജിറാഫിന്റെ കഴുത്തിലുള്ളത്. കാഴ്ചയിൽ ഏറെ വിഭിന്നനാണെങ്കിലും മാൻ, പശു എന്നിവയോട് ജിറാഫിന് ബന്ധമുണ്ട്. ജിറാഫും ജിറാഫിനോട് സാമ്യമുള്ള ഒകാപി എന്ന ജീവിയും ജിറാഫിഡേ കുടുംബത്തിലാണ് ഉൾപ്പെടുന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന ജിറാഫുകൾ ഇരട്ട കുളമ്പുള്ള ഒരു സസ്തനിയാണ്. ജന്തുവർഗങ്ങളിലെ ഉയരക്കേമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവയ്ക്ക് 19 അടിവരെ ഉയരം വയ്ക്കും. മാത്രമല്ല, 1600 കിലോയ്ക്ക് മുകളിൽ ഭാരവുമുണ്ടാകും. ഇവയുടെ ശരാശരി ആയുസ്സ് 25 വയസ്സു വരെയാണ്.
രസകരമാണ് ഇവയുടെ ജീവിതം. മനുഷ്യരിൽ എന്ന പോലെ ആണിനേക്കാൾ ഉയരവും ഭാരവും അല്പം കുറവായിരിക്കും പെണ്ണിന്. വലിയ ശീരമുണ്ടെന്നു കരുതി ഓടാൻ കഴിയില്ലെന്ന് കരുതണ്ട. നീളൻ കഴുത്തും ഉയരമുള്ള കാലുമായി മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കുതിക്കാൻ ഇവർക്ക് സാധിക്കും. ഏറ്റവും നീളം കൂടിയ വാലുള്ള ജീവിയുമാണ് ജിറാഫുകൾ. വളരെ നീളമുള്ള കഴുത്തും കാലുകളും കൊമ്പ് പോലെയുള്ള ഓസിക്കോണുകളും പുള്ളികളുള്ള കോട്ട് പാറ്റേണുകളും ജിറാഫിന്റെ പ്രത്യേകതകളാണ്.
വന പ്രദേശങ്ങൾ, പുൽമേടുകൾ എന്നിവിടങ്ങളിലാണ് ജിറാഫുകൾ കൂടുതലായും കണ്ടു വരുന്നത്. ധാരാളം വെള്ളം കുടിക്കുന്ന പ്രകൃതക്കാരാണ് ജിറാഫുകൾ. സഞ്ചാരപ്രിയരുമാണ്. വ്യത്യസ്തമായ ഭക്ഷണം, സുലഭമായ ജലസ്രോതസ്സ് എന്നിവ തേടി ഇവ കൂട്ടമായി സഞ്ചരിക്കുന്നു.
അക്കേഷ്യ മരത്തിന്റെ ഇലയാണ് ഇവയുടെ ഇഷ്ട ആഹാരം. ദിവസം 16 - 20 മണിക്കൂർ വരെ മേഞ്ഞു നടക്കും. ഒരു ദിവസം 134 കിലോഗ്രാം ഭക്ഷണം വരെ ഇവ അകത്താക്കും. ഏറ്റവും കുറഞ്ഞ ഉറക്ക സമയമുള്ള ജീവികളിൽ ഒന്ന് കൂടിയാണ് ജിറാഫ്. ദിവസത്തിൽ പരമാവധി 20 മിനിറ്റ് മാത്രമേ ഉറങ്ങാറുള്ളു.
ജിറാഫിന്റെ ജീവിതത്തിലെ നമുക്ക് കണ്ടു നില്ക്കാൻ കഴിയാത്ത ഒരു കാഴ്ച പ്രസവമാണ്. എന്തുകൊണ്ടാണെന്നോ? ഒരു ജിറാഫ് പ്രസവിക്കുമ്പോൾ നവജാതശിശു ആറടി ഉയരത്തിൽ നിന്നാണ് താഴേയ്ക്ക് വീഴുന്നത്. ജനിച്ചു വീഴുമ്പോൾ തന്നെ ജിറാഫിന്റെ കുഞ്ഞിന് അഞ്ചടിക്ക് മുകളിൽ വലുപ്പം ഉണ്ടാകും. മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി കണ്ണുകൊണ്ടാണ് ഇവ ആശയവിനിമയം നടത്തുന്നത്. ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള മറ്റു ജിറാഫുമായി വരെ ഇവ ആശയ വിനിമയം ചെയ്യുന്നു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശ ഭീഷണി നേരിടാൻ ഇടയുള്ള വിഭാഗമായാണ് ജിറാഫുകളെ കാണുന്നത്. ആൺ ജിറാഫുകൾ തമ്മിൽ പലപ്പോഴും കഴുത്തുകൾ കൊണ്ട് വലിയ രീതിയിലുള്ള യുദ്ധം നടക്കാറുണ്ട്. ആനകൾക്കിടയിൽ നടക്കുന്ന പോലെ ആൺ ജിറാഫുകൾ തമ്മിലുള്ള പോരാട്ടത്തിന് ഒടുവിലാണ് വിജയികൾക്ക് ഇണ ചേരാനുള്ള അവസരം ലഭിക്കുന്നത്.