‘‘ഇപ്പോ ഭയങ്കര വിശപ്പാണ്! ബഹിരാകാശം അടിപൊളി’’; കുട്ടികളോട് സുനിത വില്യംസ്
Mail This Article
ബഹിരാകാശനിലയത്തിൽ എത്തിയശേഷം മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ തിരിച്ചെത്താനാകാതെയുള്ള സുനിത വില്യംസിന്റെ(59) വാസം ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. ഒരാഴ്ചത്തേക്കു പോയ യാത്രികരാണ് ഇവർ. അനിശ്ചിതകാലത്തേക്ക് ഇവർ നിലയത്തിൽ കുടുങ്ങി. സുനിതാ വില്യംസ് യുഎസ് മാസച്യുസിറ്റ്സിൽ തന്റെ പേരുള്ള സ്കൂളിലെ വിദ്യാർഥികളുമായി വിഡിയോവഴി സംവദിച്ചിരുന്നു. മാസച്യുസിറ്റ്സിലെ നീധാമിലാണ് ഈ സ്കൂൾ. ബഹിരാകാശത്ത് താമസിക്കുന്നത് അടിപൊളി അനുഭവമാണെന്നാണ് കുട്ടികളോട് ശുഭാപ്തിവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ സുനിത പറഞ്ഞത്.
ബഹിരാകാശത്ത് ആദ്യം വന്നപ്പോൾ തനിക്ക് അത്ര വിശപ്പില്ലായിരുന്നെന്നും എന്നാൽ ഇപ്പോൾ നല്ല വിശപ്പുണ്ടെന്നും 3 നേരം നല്ല അളവിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും സുനിത കുട്ടികളോട് പറഞ്ഞു. ഇടയ്ക്ക് സുനിതയുടെ ശരീരഭാരം വളരെക്കുറഞ്ഞതു വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നും ഇങ്ങോട്ടു പുറപ്പെട്ടപ്പോഴത്തെ അതേ ഭാരമാണെന്നും സുനിത ഉറപ്പുനൽകുന്നു. ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് കൃഷിയും സുനിത ചെയ്തു. ലെറ്റ്യൂസിന്റെ ബഹിരാകാശ സാഹചര്യങ്ങളിലെ വളർച്ച, ഇതിന്റെ പോഷണമൂല്യം തുടങ്ങിയവ വിലയിരുത്താനായാണ് ഇത്.
രണ്ടുമാസം കൂടി കാത്തിരിക്കേണ്ടി വരും സുനിതയുെടയും ബച്ച്മോറിന്റെയും മടക്കയാത്രയ്ക്ക്. ഇവരെയും വഹിച്ചുള്ള പേടകം ഫെബ്രുവരിയിൽ ഭൂമിയിലേക്കു തിരികെയെത്തുമെന്നു നാസ പറയുന്നു.
ഇവരുടെ കാര്യം സംബന്ധിച്ച് ലോകമെങ്ങും ചർച്ചകളൊക്കെ നടക്കുമ്പോഴും ഇരു യാത്രികരും നല്ല ആത്മവിശ്വാസത്തിലാണ്. ഇരുവരും മുൻ നാവികസേനാ ക്യാപ്റ്റൻമാരും പരിചയസമ്പന്നരായ യാത്രികരുമായതിനാൽ പ്രശ്നമൊന്നുമില്ല. തങ്ങൾ ഇപ്പോഴത്തെ സ്ഥിതി അംഗീകരിച്ചെന്നാണ് ഇരുവരും പറയുന്നത്. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ സ്ഥാനം സുനിതയ്ക്ക് കൈവന്നിരുന്നു. നിലയത്തിലെ ശാസ്ത്രപരീക്ഷണങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും സുനിത പങ്കെടുക്കുന്നുണ്ട്.