മായ്ക്കപ്പെടുന്ന ബംഗബന്ധു! ബംഗ്ലദേശിന്റെ സ്ഥാപക പിതാവ് നോട്ടുകളിൽ നിന്നും പുറത്ത്
![1838004811 Bangladesh bank taka paper note currency. Photo Credits: ALAUR RAHMAN/ Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/children/padhipurra/images/2024/12/7/bangabandhu-removed-banknotes-bangladesh.jpg?w=1120&h=583)
Mail This Article
ബംഗബന്ധു...ബംഗ്ലദേശ് സ്ഥാപകനും മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്. പാക്കിസ്ഥാനൊപ്പമുണ്ടായിരുന്ന മേഖലയായ, കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലദേശിനെ ഒരു സ്വതന്ത്രരാജ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് റഹ്‌മാൻ.
ബംഗ്ലദേശിലെ 20,100,500,1000 ടാക്ക നോട്ടുകളിലാണ് ചിത്രം മാറ്റുന്നത്. രാജ്യത്തെ ഔദ്യോഗിക കറൻസിയുടെ പേര് ടാക്കയെന്നാണ്. 6 മാസത്തിനുള്ളിൽ നോട്ടുകൾ വിതരണത്തിനെത്തുമെന്നും അധികൃതർ അറിയിച്ചു. മറ്റു നോട്ടുകളിലും താമസിയാതെ മാറ്റങ്ങൾ വരുത്തും. പ്രക്ഷോഭകാലയളവിൽ മുജീബുർ റഹ്‌മാന്റെ പ്രതിമകളും ചിത്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.
ബംഗ്ലദേശ് എന്ന രാജ്യം സ്ഥാപിതമായത് 1971ൽ ആണ്. ഇന്ത്യൻ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ഇന്ത്യൻ സേനയുടെ ധീരോദാത്ത പൊരുതലിന്റെയും ഫലമായാണ് ബംഗ്ലദേശ് രൂപീകൃതമായത്.
1971 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന് നടന്ന വർഷമാണ്. അന്നു ബംഗ്ലദേശില്ല. കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും. ഒരു രാജ്യമായി നിൽക്കുകയാണെങ്കിലും പടിഞ്ഞാറ് എല്ലാക്കാര്യങ്ങളിലും കിഴക്കിനു മുകളിൽ വ്യക്തമായ ആധിപത്യം പുലർത്തി. രാഷ്ട്രീയപരമായും സാമ്പത്തികപരമായും തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങളിൽ ശക്തമായി. ഉർദുവാണ് പടിഞ്ഞാറിന്റെ ഭാഷ, ബംഗാളി കിഴക്കിന്റെയും. ഈ ഭാഷാപരമായ വ്യത്യാസവും സാംസ്‌കാരികമായ ചേർച്ചയില്ലായ്മയും മറ്റൊരു പ്രശ്‌നമായിരുന്നു.
1970ൽ പാക്കിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നായിരുന്നു. ബംഗ്ലദേശ് വിമോചന നായകനായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയംഗങ്ങളായിരുന്നു ഇവരെല്ലാം. എന്നാൽ ദേശീയ അസംബ്ലിയിൽ കിഴക്കിൽ നിന്നുള്ള പാർട്ടി മേധാവിത്വം നേടുന്നത് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ സുൾഫിക്കർ അലി ഭൂട്ടോയടക്കമുള്ള നേതാക്കൾക്കു ദഹിച്ചില്ല. പ്രതിസന്ധി തുടർന്നു, ഇതിനാൽ അസംബ്ലി രൂപീകരിക്കുന്നത് നീളാനും തുടങ്ങി.
ഇതോടെ 1971 മാർച്ച് 26നു മുജിബുർ റഹ്‌മാൻ ബംഗ്ലദേശെന്ന ആശയം മുന്നോട്ടുവയ്ക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ പാക്കിസ്ഥാൻ സർക്കാർ കടുംപിടിത്തത്തിന്റെയും ഉരുക്കുമുഷ്ടിയുടെയും ഭാഷയിൽ നേരിടാൻ തുടങ്ങിയതോടെ ആഭ്യന്തര കലഹം രൂക്ഷമായി. ഓപ്പറേഷൻ സേർച്ച്ലൈറ്റ് എന്നു പേരിട്ടു വിളിച്ച ദൗത്യത്തിന്റെ മറവിൽ പാക്കിസ്ഥാൻ ബംഗ്ലദേശിൽ വ്യാപകമായ അക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തി. ബംഗ്ലദേശിലെ വിമോചന സംഘടനയായ മുക്തിബാഹിനിക്ക് ഇന്ത്യയോടുള്ള ചായ്വും പാക്കിസ്ഥാനെ ചൊടിപ്പിച്ചു.
1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ 11 ഇന്ത്യൻ എയർബേസുകളിൽ വ്യോമാക്രമണം നടത്തിയതോടെ ഇന്ത്യ യുദ്ധക്കളത്തിലേക്കിറങ്ങി. അതിർത്തികളിൽ സൈനികനീക്കവും ചരക്കുനീക്കവും ശക്തമായി. ഇന്ത്യയുടെ യുദ്ധചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഏടുകളിലൊന്നായിരുന്നു 1971 യുദ്ധം. ലോംഗെവാല പോലുള്ള അനവധി പോരാട്ടങ്ങൾ ഈ യുദ്ധത്തിൽ നടന്നു. ഹിലി പോരാട്ടം, ഗാസി മുങ്ങിക്കപ്പലിനെ കടലിൽ മുക്കിയത് തുടങ്ങിയത് ഇവയിൽ ചിലതുമാത്രം. ഇന്ത്യൻ കരുത്തിനു മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പാക്കിസ്ഥാൻ സൈന്യം നിരുപാധികം കീഴടങ്ങിയതോടെ ബംഗ്ലാ വിമോചനം യാഥാർഥ്യത്തിലെത്തി. 1972ൽ മുജീബുർ റഹ്‌മാൻ ബംഗ്ലദേശിന്റെ പ്രസിഡന്റായി. 1975ൽ ഒരു അട്ടിമറിയിൽ അദ്ദേഹം കൊല്ലപ്പെട്ടു.