ബ്രൂട്ടസിന്റെ പേരിലുള്ള നാണയം! റോമൻ പുരാവസ്തു ലേലത്തിൽ വയ്ക്കുന്നു
Mail This Article
യൂ ടൂ ബ്രൂട്ടസ്! ഷേക്‌സ്പിയർ രചനകളിലെ ഏറ്റവും പ്രശസ്തമായ പ്രയോഗങ്ങളിലൊന്ന്. റോമൻ നായകനായ ജൂലിയസ് സീസർ, തന്റെ മരണസമയത്ത് ബ്രൂട്ടസിനോടു ചോദിക്കുന്ന ചോദ്യം. തന്റെ മരണത്തിൽ ബ്രൂട്ടസിനും പങ്കുണ്ടായിരുന്നെന്നറിയുന്ന ആശ്ചര്യത്തോടെയാണ് സീസർ ഈ ചോദ്യം ചോദിക്കുന്നത്.
ബ്രൂട്ടസ് സീസറിനെപ്പോലെ തന്നെ ചരിത്രവ്യക്തിത്വമാണ്. മാർക്കസ് ജൂനിയസ് ബ്രൂട്ടസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ജൂലിയസ് സീസറിന്റെ വധത്തിൽ സഹായിച്ച ശേഷം ബ്രൂട്ടസ് തന്റെ പേരിൽ ഒരു നാണയം റോമിൽ പുറത്തിറക്കിയിരുന്നു. വളരെ അപൂർവമായ ഇവയിൽപ്പെടുന്ന 17 നാണയങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. 43 അല്ലെങ്കിൽ 42 ബിസി കാലയളവിൽ നിർമിക്കപ്പെട്ട ഈ നാണയം ബ്രൂട്ടസിന്റെ മുഖം ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ബിസി 44 കാലഘട്ടത്തിലാണ് ബ്രൂട്ടസും ഗയൂസ് കാഷ്യസും ഉൾപ്പെടെയുള്ളവർ സീസറിന്റെ വധത്തിനു പദ്ധതിയിട്ടത്. റോമിന്റെ ഭരണത്തിൽ സീസർ പുലർത്തിയ അപ്രമാദിത്വം അപകടകരമാണെന്ന വിശ്വാസമായിരുന്നു ഇതിനു കാരണം. 23 തവണ കുത്തിയായിരുന്നു സീസറിനെ വധിച്ചത്. ധാരാളം സെനറ്റർമാരും റോമൻ നേതാക്കളും ഈ ഗൂഢാലോചനയിൽ പങ്കുചേർന്നിരുന്നു.
എന്നാൽ സീസറിന്റെ കൊലപാതകം റോമിൽ വലിയ രോഷത്തിനിടയാക്കി. ബ്രൂട്ടസും കാഷ്യസും ഒളിവിൽ പോകേണ്ടി വന്നു. സാമ്രാജ്യത്തിന്റെ കിഴക്കൻ മേഖലകൾ അവർ അധീശത്വത്തിലാക്കാൻ ശ്രമിച്ചു. സീസറിനോടു കൂറുള്ളവർ റോമിൽ തുടർന്നു. തന്റെ കൂടെയുള്ള സൈനികർക്കു ശമ്പളം നൽകാനായാണു ബ്രൂട്ടസ് സ്വന്തം പേരിൽ നാണയങ്ങളിറക്കിയത്. 43 മുതൽ 42 വർഷം വരെ നീളുന്ന ഒരു ആഭ്യന്തരയുദ്ധം സീസറിന്റെ അനുയായികളും കാഷ്യസും ബ്രൂട്ടസും നേതൃത്വം കൊടുത്ത പടയും തമ്മിൽ നടന്നു. ഒടുവിൽ ഫിലിപ്പി പോരാട്ടത്തിൽ സീസറിന്റെ അനുയായികൾ വിജയം നേടി.