15 മിനിറ്റിൽ കുളിപ്പിച്ച് തുവർത്തിത്തരും; ഹ്യൂമൻ വാഷിങ് മെഷീനുമായി ജപ്പാൻ
Mail This Article
കുളിക്കാൻ കുഴിമടിയുള്ള ധാരാളം പേരുണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത. നിങ്ങളെ 15 മിനിറ്റിൽ കുളിപ്പിച്ച് തുവർത്തി കുട്ടപ്പനാക്കി തരുന്ന ഒരു യന്ത്രം ജപ്പാനിൽ കണ്ടെത്തിയിരിക്കുന്നു. ഹ്യൂമൻ വാഷിങ് മെഷീൻ എന്നാണ് ഇതിന്റെ പേര്. ജപ്പാനിലെ സയൻസ് കോർപറേഷൻ എന്ന സ്‌നാന ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഈ വ്യത്യസ്ത വാഷിങ് മെഷീനു പിന്നിൽ.
ഒരു പേടകം പോലുള്ള ഘടനയുള്ളതാണ് ഈ യന്ത്രം. ഇതിനുള്ളിൽ പകുതിയോളെ ഇളം ചൂടുള്ള വെള്ളം നിറയ്ക്കും. ഇതിനുള്ളിലേക്ക് കയറി ഇരുന്നാൽ മതി, ചെറിയ കുമിളകളോടെയുള്ള വെള്ളപ്രവാഹം നിങ്ങളുടെ ശരീരത്തിലേക്ക് അടിക്കും. ഈ പ്രവാഹം നിങ്ങളുടെ ശരീരത്തിൽ നിന്നുള്ള അഴുക്കിനെ മാറ്റും. ഈ പേടകത്തിനുള്ളിൽ ഉപയോക്താവ് ഇരിക്കുന്ന കസേര, കൃത്യമായ താപനിലയിലാണ് നിങ്ങൾ കുളിച്ചതെന്നുള്ള കാര്യങ്ങളൊക്കെ ഉറപ്പുവരുത്തും.
എന്നാൽ കുളിയിലൂടെ ശരീരത്തെ തണുപ്പിക്കാൻ മാത്രമല്ല, മനസ്സിനെ തണുപ്പിക്കാനും ഈ യന്ത്രത്തിന് കഴിവുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള സെൻസറിങ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ മനോനില യന്ത്രം കണ്ടെത്തും. നിങ്ങൾക്ക് അൽപം സമ്മർദ്ദവും പ്രശ്‌നങ്ങളുമൊക്കെയുള്ള സമയമാണെങ്കിൽ അതൊന്നു കുറച്ചു മനസ്സുതണുപ്പിക്കാനായി യന്ത്രത്തിനുള്ളിൽ ഒരു വിഡിയോ പ്രദർശിപ്പിക്കും.
ഇതിന്റെ ആദ്യരൂപം 1970ൽ ആണ് നിർമിക്കപ്പെട്ടത്.സാൻയോ ഇലക്ട്രിക് കോർപറേഷനാണ് ഇതു വികസിപ്പിച്ചത്. എന്നാൽ അന്നത് വിപണിയിൽ വിട്ടില്ല. ഇപ്പോൾ ഇതൊരു സാങ്കേതിക പ്രദർശനത്തിൽ എത്തിച്ചതോടെയാണ് ഇതിനു പ്രശസ്തി ലഭിച്ചത്. താമസിയാതെ ജപ്പാനിൽ ഒരു പൊതുപ്രദർശനമൊരുക്കാൻ തയാറെടുക്കുകയാണ് കമ്പനി. ആയിരം പേർക്ക് ഈ യന്ത്രക്കുളി ഫ്രീയായി അന്നു ട്രൈ ചെയ്യാം.