അമ്മമാർ ഒൻപത് തരം ; നിങ്ങള് ഇതിൽ ഏതു തരം അമ്മയാണ്
Mail This Article
മാതൃത്വം എന്നത് വളരെ ആസ്വാദ്യകരമായ ഒരു യാത്രയാണെന്നു തന്നെ പറയാം, അവസാനമില്ലാത്ത ഒരു യാത്ര. ഗർഭം ധരിക്കുമ്പോൾ മുതൽ ഒരു സ്ത്രീ ആ യാത്രയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ആ യാത്ര അവൾക്ക് നൽകുന്ന വൈകാരികമായ അനുഭവങ്ങൾ അനവധിയാണ്.
സന്തോഷം, ഉത്കണ്ഠ, ആശ്ചര്യം, ദുഃഖം, ദേഷ്യം, ഭയം, ലജ്ജ, കുറ്റബോധം തുടങ്ങിയ അനുഭവങ്ങൾ ആ യാത്രയിൽ ഉടനീളം ഉണ്ടാകും. ഗർഭിണിയായിരിക്കെ അമ്മ അനുഭവിച്ച വികാരങ്ങളാണ് തന്നെയാണ് കുഞ്ഞിലേക്ക് പകർന്നു കിട്ടിയിട്ടുണ്ടാവുകയെന്ന സത്യം എന്നും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മാതൃത്വ സമയത്ത് സ്ത്രീ കടന്നു പോകുന്ന വൈവിദ്ധ്യമേറിയ വികാരങ്ങൾ തന്നെയാണ് വിവിധതരം സ്വഭാവത്തിലുള്ള അമ്മമാരെയും സൃഷ്ടിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾ ഏതു തരംഅമ്മയാണെന്ന് നോക്കാം.
1. സകലത്തിലും ആകുലതകളുള്ള അമ്മ
ഇവർക്ക് എല്ലാ കാര്യങ്ങളിലും ആകുലതകൾ ആയിരിക്കും. കുഞ്ഞിന്റെ വിസർജ്ജനങ്ങളുടെ നിറമൊന്നു മാറിയാൽ, കുഞ്ഞിന്റെ ദേഹത്തൊരു കുഞ്ഞിക്കുരു വന്നാൽ, കുഞ്ഞ് ഭക്ഷണമോ മുലപ്പാലോ നന്നായി കുടിച്ചില്ലെങ്കിൽ ഒക്കെ ഇവർ വീട്ടുകാരെയോ സുഹൃത്തുക്കളെയോ ഒക്കെ വിളിച്ച് ആവലാതികൾ പറയും. കുട്ടി എവിടെയെങ്കിലും കളിക്കാൻ പോയിട്ട് വരാൻ അല്പം വൈകിയാൽ, ഫോൺ വിളിച്ചിട്ട് മക്കളെ ലൈനിൽ കിട്ടിയില്ലെങ്കിൽ ഒക്കെ ഇത്തരം അമ്മമാർ വളരെയധികം അസ്വസ്‌ഥരാകാൻ തുടങ്ങും.
2. വളരെ സംയമനമുള്ള അമ്മ
മുകളിൽ പറഞ്ഞ അമ്മമാരുടെ നേർ വിപരീത സ്വഭാവമുള്ളവരാണിവർ. ഏതൊരു കാര്യത്തെയും ലളിതമായും പക്വതയുടെയുമാണ് ഇവർ കൈകാര്യം ചെയ്യുക. അനാവശ്യ കാര്യങ്ങളിൽ ആകുലതകൾ ഒന്നും ഉണ്ടാവുകയുമില്ല. ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ, സ്വയം അതിനെ എങ്ങനെ സംയമനത്തോടെയും ചിട്ടയോടുകൂടിയും നേരിടാം എന്ന് ഇവർക്ക് ധാരണയുണ്ടായിരിക്കും.
3. കുറ്റമറ്റതാക്കുന്ന അമ്മ
ഇത്തരം അമ്മമാർ നിങ്ങളുടെ അടുത്ത പരിചയത്തിൽ തന്നെ കാണാം. ഏതൊരു കാര്യം ചെയ്യും മുൻപും അതിനുവേണ്ടതെല്ലാം ഇവർ മുൻകൂറായി തയ്യാറാക്കിയിരിക്കും. എന്റെ മക്കൾ എല്ലാ കാര്യത്തിലും മികച്ചവരായിരിക്കണം എന്ന മനോഭാവത്തോടെ, അവർ അതിനു വേണ്ട എല്ലാ സഹായങ്ങളും മക്കൾക്ക് ചെയ്ത് കൊടുക്കും.
4.സാമൂഹ്യപരമായി ചുറുചുറുക്കുള്ള അമ്മ
മക്കളുടെ ഓരോ നേട്ടങ്ങളെയും, അവരുടെ ആഘോഷങ്ങളെയും മക്കളുടെ ഹോബികളെയുമൊക്ക എപ്പോഴും ഫോട്ടോയെടുത്തു ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടേയിരിക്കും. എന്തു ചെറിയ കാര്യമാണെങ്കിലും അതിനെ വിശദീകരിച്ചു പറഞ്ഞു കൊണ്ടുള്ള ക്യാപ്ഷനും അവർ ഫോട്ടോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്യും.
5. നല്ല കൈപുണ്യമുള്ള അമ്മ
പായസമോ, കേയ്ക്കോ, മധുരപലഹാരങ്ങളോ, നോൺ വെജ് സ്നാക്കുകളോ തുടങ്ങി ഏതൊരു റെസിപ്പിയും സ്വയം പരീക്ഷിച്ചോ മറ്റൊരാളിൽ നിന്നും കണ്ടുപഠിച്ചോ മക്കൾക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുന്നതിൽ ഇത്തരം അമ്മമാർ സമർത്ഥയായിരിക്കും. അവർ പാചകത്തെ സ്നേഹിക്കുന്നത് തന്നെ മക്കൾക്ക് പുതുരുചികൾ ഉണ്ടാക്കി കൊടുക്കുന്നതിനു വേണ്ടിയാണ്.
6. ഷോപ്പിങ്ങിനോട് അമിതാസക്തിയുള്ള അമ്മ
മക്കളെ ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാനും ആക്സസ്സറീസ് അണിയിക്കാനും താല്പര്യമുള്ളവരാണ് ഇത്തരം അമ്മമാർ. പാർട്ടികൾക്ക് പങ്കെടുക്കുന്നതിന് മുന്നൊരുക്കമായി നിരവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ അരിച്ചുപെറുക്കാനുള്ള ക്ഷമ വരെ അവർക്കുണ്ടാകും. സ്റ്റിച്ചിഗും ഫാഷൻ ഡിസൈഗ്നിങും ഒക്കെ അറിയുന്ന അമ്മമാരാണെങ്കിൽ പുതിയ ട്രെൻഡുകൾ കണ്ടെത്തി സ്വയം തയ്ച്ചു അതിൽ നല്ല ഡിസൈനുകൾ തുന്നിച്ചേർക്കാൻ വേണ്ടതെല്ലാം വാങ്ങിക്കൂട്ടാനും ഇവർ തല്പരർ ആയിരിക്കും.
7. പഠനവ്യഗ്രയായ അമ്മ
പഠിച്ചിരുന്ന കാലത്ത് സ്‌കൂളിലൊക്കെ ഏറ്റവും ഉയർന്ന മാർക്ക് നേടിയിരുന്ന അമ്മമാർക്കൊക്കെ മക്കളും തന്നെ പോലെത്തന്നെ ആകണമെന്നായിരിക്കും ആഗ്രഹം. ഇത്തരം അമ്മമാരെ മക്കളുടെ പഠന മേശക്കരികിൽ തന്നെ നിങ്ങൾക്ക് കാണാൻ കഴിയും. അവരെപ്പോഴും മക്കളെ നിയന്ത്രിച്ചു കൊണ്ടും നിർദേശിച്ചു കൊണ്ടുമിരിക്കും. സത്യത്തിൽ ഇത്തരം അമ്മമാർ അവിവേകികളാണെന്ന് തന്നെ പറയേണ്ടി വരും. കുട്ടികൾക്ക് പഠനത്തിന് ഒരു ഒഴുവുകഴിവും ഇവർ നൽകുകയില്ല.
8. കുട്ടിക്കളിമാറാത്ത അമ്മ
കുട്ടികളോടൊപ്പമിരിക്കുമ്പോൾ തന്റെ കുട്ടിക്കാലത്തേക്ക് പോവുകയും അതേ കുട്ടിത്തത്തോടെ പെരുമാറുകയും ചെയ്യുന്ന അമ്മമാരും ഉണ്ട്. അത്യുത്സാഹത്തോടെ കുട്ടികളോടൊത്ത് ഡാൻസ് ചെയ്യാനും ഒളിച്ചു കളിക്കാനും വെള്ളത്തിൽ കളിക്കാനുമൊക്ക ഇത്തരം അമ്മമാർക്ക് വളരെ താല്പര്യമായിരിക്കും.
9.യാത്രാപ്രിയയായ അമ്മ
യാത്ര ചെയ്യാൻ ഒരുപാടിഷ്ടപ്പെടുന്ന അമ്മമാർ, കൈകുഞ്ഞാണെങ്കിൽ പോലും അവരെയും കൂടിയായിരിക്കും തന്റെ കറക്കങ്ങളെല്ലാം നടത്തുക. അങ്ങനെ ഭാഗ്യം കിട്ടുന്ന കുഞ്ഞുങ്ങൾ പത്തു വയസ്സാകുമ്പോഴേക്കും ഒരുപാട് യാത്രാനുഭവങ്ങൾ ഉള്ളവരായി മാറുകയും യാത്രസ്നേഹികൾ ആകുകയും ചെയ്യും.
നിങ്ങൾ ഇതിൽ ഏതു തരം അമ്മയാണെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഒരു പ്രത്യേക തരത്തിൽ മാത്രമാണ് നിങ്ങൾ പെടുന്നതെങ്കിൽ അത് അമ്മയെന്ന നിലയിൽ നിങ്ങളെ പരാജയപ്പെടുത്തും. ഇതിൽ നാലോ അഞ്ചോ തരം സ്വഭാവങ്ങൾ കൂടിച്ചേർന്നതാണ് നിങ്ങളുടെ സ്വഭാവമെങ്കിൽ മാതൃത്ത്വമെന്ന യാത്ര നിങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് അർഥമെന്ന് കുട്ടികളുടെ മനഃശാസ്ത്ര ഗവേഷകർ വിലയിരുത്തുന്നത്.
English Summary : Different types of mothers